സഞ്ജു 13 പന്തിൽ 35 നോട്ടൗട്ട്, പോണ്ടിച്ചേരിയെ തകർത്ത് കേരളം
text_fieldsആലൂർ (ആന്ധ്ര): ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയതിനുപിന്നാലെ ക്രീസിൽ കേരളത്തിനുവേണ്ടി വെടിക്കെട്ട് ബാറ്റിങ്ങുമായി ക്യാപ്റ്റൻ സഞ്ജു സാംസൺ. കേവലം 13 പന്തിൽ നാലു ഫോറും മൂന്നു സിക്സുമടക്കം പുറത്താകാതെ 35 റൺസെടുത്ത് നായകൻ അനിഷേധ്യനായി വാണപ്പോൾ വിജയ് ഹസാരെ ട്രോഫി ഏകദിന മത്സരത്തിൽ പോണ്ടിച്ചേരിയെ ആറുവിക്കറ്റിനാണ് കേരളം തകർത്തത്.
ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ പോണ്ടിച്ചേരിയെ കേരളം 32.2 ഓവറിൽ 116 റൺസിന് പുറത്താക്കുകയായിരുന്നു. 3.2 ഓവറിൽ രണ്ടു റൺസ് മാത്രം വഴങ്ങി മൂന്നുവിക്കറ്റെടുത്ത സിജോമോൻ ജോസഫിന്റെ മാസ്മരിക ബൗളിങ്ങാണ് പോണ്ടിച്ചേരിയെ ചുരുട്ടിക്കെട്ടിയത്. അഖിൽ സ്കറിയ 15 റൺസിന് മൂന്നു വിക്കറ്റെടുത്തപ്പോൾ ബേസിൽ തമ്പി രണ്ടും അഖിൻ സത്താർ ഒന്നും വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റൻ ഫാബിദ് അഹ്മദ് (44), അഖിൽ കർഗാവെ (25), സിദാക് സിങ് (12), എസ്. പരമീശ്വരൻ (10) എന്നിവർ മാത്രമേ രണ്ടക്കം കണ്ടുള്ളൂ. നാലുപേർ പൂജ്യത്തിന് പുറത്തായി.
മറുപടി ബാറ്റിങ്ങിൽ മുഹമ്മദ് അസ്ഹറുദ്ദീൻ (എട്ട്) എളുപ്പം പുറത്തായെങ്കിലും രോഹൻ കുന്നുമ്മലും (23) സചിൻ ബേബിയും (25 നോട്ടൗട്ട്) ചേർന്ന് രണ്ടാം വിക്കറ്റിൽ 30 റൺസ് ചേർത്തു. 28 പന്തു നേരിട്ട് നാലുതവണ ബൗണ്ടറിയടിച്ച രോഹൻ പുറത്തായശേഷം വിഷ്ണു വിനോദും (22) സചിനൊപ്പം നിലയുറപ്പിക്കാൻ ശ്രമിച്ചു. 21 പന്തിൽ രണ്ടു ഫോറും ഒരു സിക്സുമടച്ച വിഷ്ണു മടങ്ങുമ്പോൾ മൂന്നിന് 78 റൺസായിരുന്നു കേരളത്തിന്റെ സ്കോർബോർഡിൽ. അബ്ദുൽ ബാസിത്തും (അഞ്ച്) മടങ്ങിയതോടെ സ്കോർ നാലിന് 84.
ഈ ഘട്ടത്തിൽ ഒത്തുചേർന്ന സഞ്ജുവും സചിനും 19.5 ഓവറിൽ അനായാസം ടീമിനെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. സഞ്ജു അടിച്ചുതകർത്തപ്പോൾ മറുവശത്ത് നങ്കൂരമിട്ടുകളിച്ച സചിൻ 38 പന്തു നേരിട്ട് നാലുഫോറടക്കമാണ് 25 റൺസുമായി പുറത്താകാതെ നിന്നത്. പോണ്ടിച്ചേരി നിരയിൽ അരവിന്ദ് മൂന്നുവിക്കറ്റ് സ്വന്തമാക്കി. ജയത്തോടെ കേരളം നോക്കൗട്ട് പ്രതീക്ഷ സജീവമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.