'കളിക്കാൻ വിളിച്ചാൽ പോയി കളിക്കും, ഇല്ലെങ്കിൽ കളിക്കില്ല'; എല്ലാം പോസിറ്റീവായി കാണാനാണ് ശ്രമമെന്ന് സഞ്ജു സാംസൺ
text_fieldsതിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളത്തിന് വേണ്ടി കളിക്കണമെന്ന് ആഗ്രഹിച്ച താൻ ലോകകപ്പ് വിജയിച്ച ടീമിന്റെ ഭാഗമായി എന്നത് വലിയ സന്തോഷമുള്ള കാര്യമാണെന്നും കഴിഞ്ഞു പോയ മൂന്ന് മാസങ്ങൾ കരിയറിലെ മികച്ച സമയമായിരുന്നുവെന്ന് സഞ്ജു സാംസൺ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സഞ്ജുവിന്റെ പ്രതികരണം.
ടീം സെലക്ഷനിൽ മിക്കപ്പോഴും പരിഗണന കിട്ടാതെ പോകുന്നുണ്ടോ എന്ന ചോദ്യത്തിന്, "കളിക്കാൻ വിളിച്ചാൽ പോയി കളിക്കും, ഇല്ലേൽ കളിക്കില്ല, എല്ലാം പോസിറ്റീവായി കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്"എന്ന് സഞ്ജു പറഞ്ഞു.
കരിയർ മുന്നോട്ടുകൊണ്ടുപോകാനുള്ള കാര്യങ്ങളിലാണ് താൻ ഫോക്കസ് ചെയ്യുന്നത്. അതിന് വേണ്ടിയുള്ള പരിശീലനങ്ങളും ശ്രമവും നടത്തുന്നുണ്ട്. മുന്നോട്ടുപോകുന്തോറും കളിയിൽ ഏറെ മെച്ചപ്പെടാൻ കഴിയുന്നുണ്ടെന്നും സഞ്ജു പറഞ്ഞു.
"കഴിഞ്ഞ മൂന്ന് നാല് മാസങ്ങൾ കരിയറിലെ മികച്ച സമയങ്ങളായിരുന്നു. ഐ.പി.എല്ലിൽ കിരീടം നേടാനായില്ലെങ്കിലും തനിക്കും ടീമിനും മികച്ച പ്രകടനം പുറത്തെടുക്കാനായി. അതിന് പുറകെ ലോകകപ്പ് ടീമിൽ ഇടം കിട്ടിയത് സ്വപ്ന സാക്ഷാത്കാരമായിരുന്നു. ഒരു കാലത്ത് ഇന്ത്യൻ ടീമിൽ കളിക്കണമെന്നാണ് ആഗ്രഹമെങ്കിൽ പിന്നീട് ലോകകപ്പിൽ കളിക്കണമെന്നായിരുന്നു ആഗ്രഹം. ഏകദിന ലോകകപ്പ് കളിക്കണമെന്നാണ് സ്വപ്നം കണ്ടെത്. എന്നാൽ മുകളിലുള്ളവന്റെ (ദൈവം) നിശ്ചയം ട്വന്റി 20 ടീമിൽ വരണമെന്നായിരുന്നു. ട്വന്റി 20 ലോകകപ്പിൽ ടീമിനൊപ്പം ഒരു മലയാളിയായി യാത്ര ചെയ്യാനായി. അത് കരിയറിലെ ഏറ്റവും വലിയ സംഭവമായിരുന്നു. ലോകകപ്പ് ജയിച്ചപ്പോഴാണ് എനിക്ക് മനസിലായത് ഒരു ഇന്ത്യൻ ക്രിക്കറ്റർ എന്നു പറഞ്ഞാൽ ചെറിയ കാര്യമല്ലയെന്ന്."- സഞ്ജു പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റ് ഫോക്കസ് ചെയ്യുന്നില്ലേയെന്ന ചോദ്യത്തിന്, മൂന്ന് ഫോർമാറ്റിലും ഇന്ത്യക്ക് വേണ്ടി കളിക്കണമെന്ന് ആഗ്രഹിച്ച് പരിശീലനം തുടരുന്നയാളാണെന്നും ഏത് പൊസിഷനിൽ കളിക്കാനും തയാറാണെന്നും അദ്ദേഹം പറഞ്ഞു.
"മലയാളി ആരാധകരുടെ പിന്തുണ അതിശയിപ്പിക്കുന്നതാണ്. ന്യൂസിലാൻഡ് മുതൽ വെസ്റ്റിൻഡീസ് വരെയുള്ള രാജ്യങ്ങളിലെ മലയാളികൾ തരുന്ന പിന്തുണ സഹതാരങ്ങളിൽ കൗതുകമാണ് ഉണ്ടാക്കിയത്. എടാ ചേട്ടാ എവിടെ പോയാലും വലിയ പിന്തുണയാണല്ലോയെന്ന് സഹതാരങ്ങൾ പറയാറുണ്ട്. ചിലപ്പോൾ തോന്നും ഇതിനുമാത്രം ഞാൻ അർഹിക്കുന്നുണ്ടോയെന്ന്"- സഞ്ജു കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.