‘മകളെ കുറിച്ച് അഭിമാനം മാത്രം’; സാറ പുതിയ പദവി ഏറ്റതിന്‍റെ സന്തോഷം പങ്കിട്ട് സചിൻ
text_fieldsമുംബൈ: ക്രിക്കറ്റ് ഇതിഹാസം സചിൻ തെൻഡുൽക്കറുടെ പേരിലുള്ള ഫൗണ്ടേഷന്‍റെ ഡയറക്ടറായി മകൾ സാറ തെൻഡുൽക്കർ ചുമതലയേറ്റു. എക്സിലെ പോസ്റ്റിലൂടെ സചിൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സ്പോർട്സ്, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയിലൂടെ രാജ്യത്തെ ശാക്തീകരിക്കാനുള്ള യാത്ര സാറ ആരംഭിച്ചുവെന്നും മകളെ കുറിച്ച് അഭിമാനം മാത്രണുള്ളതെന്നും സചിൻ പറഞ്ഞു. ലണ്ടൻ യൂനിവേഴ്സിറ്റി കോളജിൽനിന്ന് ക്ലിനിക്കൽ ആൻഡ് പബ്ലിക് ഹെൽത്ത് ന്യൂട്രിഷനിൽ സാറ മാസ്റ്റേഴ്സ് ബിരുദം നേടിയിട്ടുണ്ട്.
“എൻ്റെ മകൾ സാറ തെൻഡുൽക്കർ, സചിൻ തെൻഡുൽക്കർ ഫൗണ്ടേഷനിൽ ഡയറക്ടറായി ചേർന്ന വിവരം പങ്കുവെക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ക്ലിനിക്കൽ ആൻഡ് പബ്ലിക് ഹെൽത്ത് ന്യൂട്രീഷനിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. സ്‌പോർട്‌സ്, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയിലൂടെ ഇന്ത്യയെ ശാക്തീകരിക്കാനുള്ള ഈ യാത്ര ആരംഭിക്കുന്നു” -സചിൻ എക്സിൽ കുറിച്ചു.
സചിന്‍റെ മകൾ എന്ന പേരിൽ മാത്രം അറിയപ്പെടാൻ ആഗ്രഹിക്കാത്ത വ്യക്തിത്വമാണ് സാറയുടേത്. സ്വന്തം സംരംഭങ്ങളാൽ മുൻപും സാറ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. 7.3 മില്യൻ ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ് സാറ. 2023ലെ റിപ്പോർട്ടുകൾ പ്രകാരം സാറയുടെ ആസ്തി 50 ലക്ഷം മുതൽ 1 കോടി വരെയാണ്. സാറ തെൻഡുൽക്കർ ഷോപ്പ് എന്ന ഓൺലൈൻ സ്റ്റോറിന്റെ ഉടമ കൂടിയാണ്. അടുത്തിടെ കൊറിയൻ ബ്യൂട്ടി ബ്രാൻഡായ ലാനെജിയുടെ ഇന്ത്യയിലെ ബ്രാൻഡ് അംബാസഡറായും സാറ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായ സചിൻ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. 24 വർഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറിൽ 664 മത്സരങ്ങളിൽനിന്ന് 34,352 റൺസാണ് സചിൻ നേടിയത്. 100 സെഞ്ച്വറികളും 164 ഹാഫ് സെഞ്ച്വറികളും സ്വന്തം പേരിലുണ്ട്. ഇതിൽ 51 എണ്ണം ടെസ്റ്റിലും 49 സെഞ്ച്വറികൾ ഏകദിനത്തിലുമാണ്. ഏകദിനത്തിൽ 18,426 റൺസും ടെസ്റ്റിൽ 15,921 റൺസുമാണ് നേടിയിട്ടുള്ളത്.
ആകെ 200 ടെസ്റ്റ് മത്സരങ്ങൾ കളിച്ച സചിൻ, ഏകദിനത്തിൽ ആദ്യമായി ഇരട്ട സെഞ്ച്വറി നേടിയ താരവുമാണ്. 1992 മുതൽ 2011 വരെയുള്ള ഏകദിന ക്രിക്കറ്റ് ലോകകപ്പുകളിൽ സച്ചിൻ കളിച്ചിട്ടുണ്ട്. 2011ൽ ഇന്ത്യ ലോകകപ്പ് ഉയർത്തുമ്പോൾ സചിനായിരുന്നു ടൂർണമെന്‍റിലെ ടോപ് സ്കോറർ. അഞ്ച് തവണ ചാമ്പ്യൻസ് ട്രോഫി കളിച്ചെങ്കിലും ടീമിനൊപ്പം കിരീടം നേടാനായില്ല. രാജ്യാന്തര ടി20യിൽ ഒരു മത്സരം മാത്രമാണ് കളിച്ചത്. ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന്‍റെ പ്രഥമ ക്യാപ്റ്റനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.