അരങ്ങേറ്റ ടെസ്റ്റിൽ തന്നെ റെക്കോഡ്! സർഫറാസ് ഇനി ഹാർദിക്കിനൊപ്പം
text_fieldsരാജ്കോട്ട്: സർഫറാസ് ഖാൻ ഏറെ കാലമായി കാത്തിരിക്കുന്ന ടെസ്റ്റ് അരങ്ങേറ്റമാണ് രാജ്കോട്ടിൽ ഇംഗ്ലണ്ടിനെതിരെ യാഥാർഥ്യമായത്. അരങ്ങേറ്റ ടെസ്റ്റിൽ തന്നെ തകർപ്പൻ അർധ സെഞ്ച്വറിയുമായി തിളങ്ങാനും താരത്തിനു കഴിഞ്ഞു.
ഏകദിന ശൈലിയിൽ അനായാസം ഇംഗ്ലീഷ് ബൗളർമാരെ നേരിട്ട താരം അപ്രതീക്ഷിതമായാണ് റണ്ണൗട്ടായത്. 66 പന്തിൽ 62 റൺസെടുത്താണ് പുറത്തായത്. 48 പന്തിലാണ് താരം 50 റൺസ് പൂർത്തിയാക്കിയത്. അരങ്ങേറ്റ ടെസ്റ്റിൽ തന്നെ താരത്തിന് സൂപ്പർതാരം ഹാർദിക് പാണ്ഡ്യയുടെ റെക്കോഡിനൊപ്പമെത്താനായി. അരങ്ങേറ്റ ടെസ്റ്റിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ അതിവേഗ അർധ സെഞ്ച്വറിയെന്ന നേട്ടത്തിൽ സർഫറാസിന് ഹാർദിക്കിനൊപ്പമെത്താനായി. 2017ൽ അരങ്ങേറ്റ ടെസ്റ്റിൽ ശ്രീലങ്കക്കെതിരെ ഹാർദിക്കും 48 പന്തിൽ അർധ സെഞ്ച്വറി നേടിയിരുന്നു. 2013ൽ അരങ്ങേറ്റ ടെസ്റ്റിൽ ആസ്ട്രേലിയക്കെതിരെ ശിഖർ ധവാൻ 50 പന്തിൽ അർധ സെഞ്ച്വറി നേടിയതാണ് തൊട്ടുപിന്നിൽ.
2018ൽ വെസ്റ്റിൻഡീസിനെതിരെ പ്രിഥ്വി ഷാ 56 പന്തിലാണ് അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. 104.2 ആണ് സർഫറാസിന്‍റെ സ്ട്രൈക്ക് റേറ്റ്. ഒന്നാം ദിനത്തിലെ അവസാന സെഷനിൽ സെഞ്ച്വറി നേടിയ നായകൻ രോഹിത് ശർമ പുറത്തായതിനു പിന്നാലെയാണ് സർഫറാസ് ക്രീസിലെത്തുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ ഫോമിൽ തുടരുമ്പോഴും ഇന്ത്യൻ ടീം അരങ്ങേറ്റമെന്ന താരത്തിന്‍റെ സ്വപ്നം നീണ്ടുപോകുകയായിരുന്നു.
ഒന്നാം ടെസ്റ്റിനു പിന്നാലെ പരിക്കേറ്റ കെ.എൽ. രാഹുൽ ടീമിന് പുറത്തുപോയതോടെയാണ് താരത്തിന് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് വിളിയെത്തുന്നത്. താരത്തിന്റെ ഭാര്യ റൊമാന ജാഹുറും പിതാവ് നൗഷാദ് ഖാനും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ അരങ്ങേറ്റ മത്സരം കാണാനെത്തിയിരുന്നു. ടെസ്റ്റ് ടീം തൊപ്പി ലഭിച്ച സന്തോഷത്തിൽ, ഗ്രൗണ്ടിലെത്തിയ പിതാവും ഭാര്യയും വിതുമ്പുന്നതിനിടെ സർഫറാസ് ആശ്വസിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങൾ വൈറലായിരുന്നു.
ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കുന്ന ഇന്ത്യയുടെ 311ാമത്തെ താരമാണ് സർഫറാസ്. മുൻ ഇന്ത്യൻ നായകൻ അനിൽ കുംബ്ലെയാണ് സർഫറാസിന് ടെസ്റ്റ് ക്യാപ് സമ്മാനിച്ചത്. ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 326 റൺസെടുത്തിട്ടുണ്ട്. രോഹിത് ശർമയുടെയും രവീന്ദ്ര ജദേജയുടെയും സെഞ്ച്വറികളും സർഫറാസിന്‍റെ അർധ സെഞ്ച്വറിയുമായി ഇന്ത്യൻ സ്കോർ 300 കടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.