റൺമലക്കോട്ടയിലെ ഖാൻമാർ
text_fieldsക്രിക്കറ്റിനെ ജീവിതത്തോട് ചേര്‍ത്ത മുംബൈയുടെ രാത്രികളെയും പകലുകളെയും വിസ്മയിപ്പിക്കാനാവശ്യമായ ഇതിഹാസ താരങ്ങളെ കാലം എന്നും അവര്‍ക്ക് സമ്മാനിച്ചിരുന്നു. സുനില്‍ ഗാവസ്കറും സചിന് ടെണ്ടുൽകറും നിറഞ്ഞാടിയ ആ കളിത്തിലിന്ന് ബാറ്റേന്തുന്നവരിൽ രണ്ടു ഖാൻ സഹോദന്മാരുമുണ്ട്. സര്‍ഫറാസ് ഖാനും സഹോദരൻ 18കാരനായ മുഷീര്‍ ഖാനും. ക്രിക്കറ്റിനോട് അതിയായ താൽപര്യം കാണിക്കുന്ന പിതാവ് നൗഷാദ് ഖാന്റെ ആഗ്രഹ സാഫല്യങ്ങൾക്ക് നിറംനൽകുന്നതിൽ സഹോദരന്മാർ കാഴ്ചവെക്കുന്ന പ്രകടനങ്ങൾ ഏറെ വിശേഷപ്പെട്ടതാണ്.
ദക്ഷിണാഫ്രിക്കയിൽ നടന്നുകൊണ്ടിരിക്കുന്ന അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിലെ നെടുംതൂണായി കളംനിറഞ്ഞാടുന്ന ഓൾ റൗണ്ടർ കൂടിയായ മുഷീർ ഖാൻ ഓർമിപ്പിക്കുന്നത് സർഫറാസിന്റെ വഴികളാണ്. 2016 ൽ അണ്ടർ 19 ഇന്ത്യൻ ടീമിനായി പാഡണിഞ്ഞ സർഫറാസ് അന്നേ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. തനിക്ക് നേടാന്‍ കഴിയാതെപോയ സ്വപ്നങ്ങളെ മക്കളിലൂടെ നേടിയെടുക്കണമെന്ന ആഗ്രഹവും വാശിയും ഏതൊരു പിതാവിനെപോലെ നൗഷാദ് ഖാനുമുണ്ടായിരുന്നു.
മക്കള്‍ക്കായി സ്വയം പരിശീലകവേഷമിട്ടിറങ്ങി നൗഷാദ് വഴിവെട്ടിത്തുടങ്ങി. ആ ആത്മവീര്യത്തിന്റെ പ്രത്യക്ഷ കാഴ്ചകള്‍ക്കാണ് ക്രിക്കറ്റ് ലോകം കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സാക്ഷിയായത്. ചേട്ടന് സര്‍ഫറാസ് ഖാന് ഇന്ത്യന്‍ ദേശീയ ടീമിലേക്ക് വിളിവരുന്നതും ദക്ഷിണാഫ്രിക്കയില്‍ നടന്നുകൊണ്ടിരിക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനായി അനിയന് മുഷീര്‍ സെഞ്ച്വറി നേടുന്നതും മണിക്കൂറുകള്‍ക്കിടയിലാണ്.
2016 ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ താരം സര്‍ഫറാസ് ഖാനായിരുന്നു. കളിച്ചുകൊണ്ടിരിക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇതുവരെ മുഷീര്‍ നേടിയത് രണ്ടു സെഞ്ച്വറികളും ഒരു അര്‍ധസെഞ്ച്വറിയുമടക്കം ആറു കളികളിൽനിന്ന് 338 റണ്‍സ്. അയര്‍ലാന്‍ഡിനെതിരെ (118), യു.എസ്.എക്കെതിരെ (73), ന്യൂസിലന്‍ഡിനെതിരെ (131) എന്നിങ്ങനെ (103.71) സ്ട്രൈക് റേറ്റിലും (81.25) ശരാശരിയിലും കളിച്ചുകൊണ്ടിരിക്കുന്ന മുഷീറിനെ ഒരു സെഞ്ച്വറിയകലെ കാത്തിരിക്കുന്നത് റെക്കോഡാണ്. കുച്ച് ബിഹാര്‍ ട്രോഫിയില്‍ ചെറുപ്രായത്തില്‍തന്നെ പാഡണിഞ്ഞ മുഷീര്‍ നല്ലൊരു ബാറ്റര്‍ എന്നതിലുപരി ഒരു സ്പിന്‍ ബൗളറാണെന്നും തെളിയിച്ചിരുന്നു. അന്ന് ആ ടൂര്‍ണമെന്റില്‍ നേടിയ 632 റണ്‍സും 32 വിക്കറ്റുകളും മുഷീര്‍ ഖാനെ മുംബൈ രഞ്ജി ടീമിലെത്തിച്ചു. ചേട്ടന് ഖാനും ഇന്ന് രഞ്ജിയില്‍ മുംബൈക്കൊപ്പമാണ്. 2024 ലെ ഐ.പി.എല്ലിലെ ലേലത്തിൽ ടീമുകളൊന്നും പരിഗണിക്കാതിരുന്ന മുഷീറിന്റെ നിലവിലെ പ്രകടനം അവര്‍ക്കുകൂടിയുള്ള മറുപടിയാണ്. ഇന്ത്യന്‍ സീനിയർ ടീമിലെ മുന്‍നിര ഓള്റൗണ്ടര്മാരിലേക്ക് ചേര്‍ത്തുവായിക്കപ്പെടാന്‍ മുഷീര്‍ ഖാന് അധികസമയം വേണ്ടിവരില്ല.
2009 ൽ തന്റെ 12ാം വയസ്സിൽതന്നെ ഹാരിസ് ഷീൽഡിലെ സചിൻ ടെണ്ടുൽകറുടെ റെക്കോഡ് മറികടന്നതിനെ തുടർന്നാണ് സർഫറാസ് ആഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധിക്കപ്പെടുന്നത്. ശേഷം മുംബൈ അണ്ടർ 19 ടീമിലേക്കും പിന്നാലെ ഇന്ത്യൻ അണ്ടർ 19 ടീമിലേക്കും വിളിക്കപ്പെട്ടു.
2014ലും 2016 ലും അണ്ടർ 19 ലോകകപ്പ് ടീമിന്റെ ഭാഗമായി. 2015 ലാണ് ഐ.പി.എല്ലിലേക്ക് വിളിവരുന്നത്. 17ാം വയസ്സിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഭാഗമായതോടെ ഏറ്റവും പ്രായം കുറഞ്ഞ താരമായി സർഫറാസ് വാഴ്ത്തപ്പെട്ടു. നിലവിൽ ഡൽഹി കാപിറ്റൽസിന്റെ താരമാണ്. ഫിറ്റ്നസും പെരുമാറ്റ പ്രശ്നങ്ങളും പറഞ്ഞ് തുടർന്ന അവഗണനകൾക്കൊടുവിൽ സർഫറാസിന് ഇന്ത്യൻ ടീമിലേക്ക് കന്നി വിളിവന്നത് കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ്. മികച്ചൊരു ബാറ്റർ എന്നതിലുപരി വിക്കറ്റ് കീപ്പറായും സ്പിൻ ബൗളറായും സർഫറാസ് മികവ് കാണിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ മൂന്ന് ടെസ്റ്റുകൾ ബാക്കിനിൽക്കെ അരങ്ങേറ്റ സ്വപ്നത്തിലാണ് 26കാരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.