ഇതിൽ കൂടുതൽ എന്തുചെയ്യാനാണ് സർഫറാസ്
text_fieldsഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ മാനദണ്ഡം എന്താണ്? ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലെ പ്രകടനമാണ് പരിഗണിക്കുന്നതെങ്കിൽ മുംബൈയിൽ നിന്നുള്ള സർഫറാസ് ഖാൻ ഇന്ത്യൻ ടീമിന്റെ ബാഗി ബ്ലൂ തൊപ്പിയണിയേണ്ട കാലം എന്നേ കഴിഞ്ഞിരിക്കുന്നു. ചൊവ്വാഴ്ച രഞ്ജി ട്രോഫി മത്സരത്തിൽ ഡൽഹിക്കെതിരെ കുറിച്ച ഉശിരൻ സെഞ്ച്വറി ഈ 25കാരന്റെ അർഹതക്ക് വീണ്ടും അടിവരയിടുന്നു.
കണക്കുകൾ സാക്ഷി
ഒറ്റപ്പെട്ട മിന്നലാട്ടങ്ങളുടെ മേൽവിലാസത്തിലല്ല, സമ്പൂർണ ആധിപത്യത്തിന്റെ കണക്കുചീട്ടുകളുമായാണ് സർഫറാസ് ഇന്ത്യൻ ടീമിന്റെ വാതിൽപടിയിൽ കാത്തിരിക്കുന്നത്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ 53 ഇന്നിങ്സുകൾ പൂർത്തിയാക്കിയപ്പോൾ സർഫറാസിന്റെ ശരാശരി 82.6 ആണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇത്രയും ഇന്നിങ്സുകൾ പൂർത്തിയാക്കിയവരിൽ ഇതിനെക്കാൾ ശരാശരിയുള്ള ഒരേയൊരാൾ മാത്രമേ ലോകത്തുള്ളൂ. സാക്ഷാൽ ഡൊണാൾഡ് ബ്രാഡ്മാൻ.
2019/20 രഞ്ജി സീസണിൽ 154.66 ശരാശരിയിൽ 928 റൺസാണ് സർഫറാസ് അടിച്ചെടുത്തത്. തുടർന്നും അവിശ്വസനീയമാംവിധം ബാറ്റേന്തിയ താരം 2021/22 സീസണിൽ 122.75 ശരാശരിയിൽ 982 റൺസ് നേടി ടൂർണമെന്റ് ടോപ് സ്കോററായി. നടന്നുവരുന്ന സീസണിൽ 111.20 ശരാശരിയിൽ 556 റൺസ് കുറിച്ചുകഴിഞ്ഞു. ഉത്തർപ്രദേശിനെതിരെ 2020ൽ നേടിയ 301 റൺസാണ് ഉയർന്ന സ്കോർ.
തുറക്കാത്ത വാതിൽ
ആസ്ട്രേലിയക്കെതിരായ ആദ്യത്തെ രണ്ടു ടെസ്റ്റിനുള്ള ടീം വെള്ളിയാഴ്ച പ്രഖ്യാപിച്ചപ്പോൾ സർഫറാസിന്റെ പേര് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. സൂര്യകുമാർ യാദവാണ് അപ്രതീക്ഷിതമായി ടീമിലിടം പിടിച്ചത്. തൊട്ടുപിന്നാലെ രഞ്ജി ട്രോഫിയിലെ പ്രകടനമാണ് ടീം തിരഞ്ഞെടുപ്പിന്റെ പ്രഥമ പരിഗണനയാകേണ്ടതെന്ന് ഓർമിപ്പിച്ച് ഇർഫാൻ പത്താൻ സർഫറാസിനായി രംഗത്തെത്തി. ഇതിലും കൂടുതൽ മറ്റൊരാൾക്കും ചെയ്യാനാകില്ല എന്നായിരുന്നു കളിയുടെ മർമമറിയുന്ന ഹർഷ ഭോഗ്ലെ കുറിച്ചത്. സർഫറാസിന് ഐക്യദാർഢ്യവുമായി ആകാശ് ചോപ്രയടക്കമുള്ള മുൻ താരങ്ങളും ആരാധകരും സമൂഹമാധ്യമങ്ങളിൽ നിറയുകയും ചെയ്തു.
‘‘ടീമിലില്ലാത്തതിനാൽ വലിയ നിരാശയുണ്ട്. എന്റെ ഈ അവസ്ഥ ലോകത്തെ മറ്റാർക്കായാലും നിരാശയുണ്ടാകും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. വലിയ ഏകാന്തത തോന്നുന്നു. കരയുകയും ചെയ്തു’’ -ടീമിൽ ഉൾപ്പെടാനാകത്തതിന്റെ സങ്കടം ഒരു ദേശീയ മാധ്യമത്തോട് സർഫറാസ് പങ്കുവെച്ചതിങ്ങനെയാണ്. ‘‘കഴിഞ്ഞ രഞ്ജി ഫൈനലിൽ സെഞ്ച്വറി നേടിയതിനു പിന്നാലെ ഇന്ത്യയുടെ ചീഫ് സെലക്ടർ ചേതൻ ശർമ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ അവസരം കിട്ടുമെന്നും ഒരുങ്ങണമെന്നും പറഞ്ഞിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. അടുത്തിടെ മുംബൈയിലെ ഒരു ഹോട്ടലിൽ വെച്ച് അദ്ദേഹത്തെ വീണ്ടും കണ്ടപ്പോൾ നിരാശപ്പെടരുതെന്നും ഇന്ത്യൻ ടീമിന് അരികെയാണ് താങ്കളെന്നും പറഞ്ഞു. തുടർന്നും മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ പ്രതീക്ഷിച്ചിരുന്നു. പക്ഷേ സാരമില്ല’’ -സർഫറാസ് കൂട്ടിച്ചേർത്തു.
പിതാവും കോച്ചുമായ നൗഷാദ് ഖാന്റെ കളരിയിൽനിന്ന് ബാറ്റിങ് പഠിച്ച സർഫറാസ് സ്കൂൾ കാലത്തേ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹാരിസ് ഷീൽഡ് സ്കൂൾ ടൂർണമെന്റിൽ 439 റൺസ് നേടി സചിൻ ടെണ്ടുൽകറുടെ റെക്കോഡ് തകർത്തെറിഞ്ഞ സർഫറാസ് വൈകാതെ ഇന്ത്യയുടെ അണ്ടർ 19 ടീമിലുമെത്തി. ഇന്ത്യൻ അണ്ടർ 19 ടീമിനൊപ്പം രണ്ടു ലോകകപ്പിൽ കളത്തിലിറങ്ങി. മിന്നുംപ്രകടനങ്ങൾക്ക് പിന്നാലെ ഐ.പി.എല്ലിലെ വമ്പന്മാരായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരത്തെ റാഞ്ചി. 17 വയസ്സുകാരനായ സർഫറാസ് അന്ന് ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ കൂടിയായിരുന്നു. പ്രതിഭയുടെ മിന്നലാട്ടങ്ങൾ പലകുറി കണ്ടെങ്കിലും ഐ.പി.എല്ലിൽ ഇരിപ്പുറപ്പിക്കാൻ താരത്തിന് ഇനിയുമായിട്ടില്ല. നിലവിൽ ഡൽഹി കാപിറ്റൽസിനൊപ്പമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.