‘സൂര്യകുമാർ യാദവിനെ ഉൾപ്പെടുത്തിയത് രഞ്ജിക്ക് അപമാനം...’; സർഫറാസ് ഖാനെ തഴഞ്ഞതിൽ ആരാധക രോഷം
text_fieldsന്യൂസിലൻഡിനെതിരായ ഏകദിന, ട്വന്‍റി20 പരമ്പരക്കും ആസ്ട്രേലിയക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുമുള്ള ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. ചില താരങ്ങൾ ടീമിൽ ഇടംനേടിയത് വളരെ അപ്രതീക്ഷിതമായിരുന്നു. രഞ്ജിയിലെ മിന്നും പ്രകടനാണ് 537 ദിവസത്തെ ഇടവേളക്കുശേഷം പ്രിഥ്വി ഷാക്ക് ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങിവരവിന് വഴിയൊരുക്കിയത്.
സൂര്യകുമാർ യാദവിനെയും ഇഷാൻ കിഷനെയും ആദ്യമായാണ് ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തുന്നത്. നേരത്തെ, ഇംഗ്ലണ്ടിനെതിരായ ഹോം സീരീസിൽ പകരക്കാരനായി സൂര്യകുമാറിനെ ഉൾപ്പെടുത്തിയിരുന്നെങ്കിലും ആദ്യമായാണ് സ്റ്റാർട്ടിങ് ടെസ്റ്റ് സ്ക്വാഡിൽ താരം ഇടംനേടുന്നത്. എന്നാൽ, സർഫറാസ് ഖാനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്താത്തതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.
സീസണിലെ രഞ്ജി ട്രോഫിയിൽ മുംബൈക്കായി തകർപ്പൻ പ്രകടനമാണ് ഈ 25കാരൻ കാഴ്ചവെക്കുന്നത്. രണ്ടു സെഞ്ച്വറിയും ഒരു അർധ സെഞ്ച്വറിയും ഇതിനകം താരം നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ആറു മത്സരങ്ങളിൽനിന്നായി 982 റൺസാണ് താരം അടിച്ചെടുത്തത്. ശരാശരി 122.75. നാലു സെഞ്ച്വറികളും കുറിച്ചിരുന്നു. എന്നാൽ, ടെസ്റ്റിൽ സൂര്യകുമാറിനും ഇഷാൻ കിഷനും പകരം സർഫറാസ് ഖാൻ സ്ഥാനം അർഹിച്ചിരുന്നതായി ആരാധകർ പറയുന്നു. നാഗ്പൂരിൽ ഫെബ്രുവരി 9-13 തീയതികളിലും ഡൽഹിയിൽ 17-21 തീയതികളിലുമാണ് ഓസീസിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾ.
വിക്കറ്റ് കീപ്പർ കെ.എസ്. ഭരത്തിന്‍റെ ബേക്കപ്പായാണ് ഇഷാൻ കിഷനെ ടീമിൽ ഉൾപ്പെടുത്തിയതെന്നത് അംഗീകരിക്കാം. കാറപടകത്തിൽ പരിക്കേറ്റ് സ്ഥിരം കീപ്പർ ഋഷഭ് പന്ത് ചികിത്സയിലാണ്. എന്നാൽ, സർഫറാസിനെ തഴഞ്ഞ് സൂര്യകുമാറിനെ ഉൾപ്പെടുത്തിയതാണ് ആരാധക രോഷത്തിനു കാരണം. നിരവധി പേരാണ് മാനേജ്മെന്‍റ് തീരുമാനത്തെ ചോദ്യം ചെയ്ത് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയത്.
‘ടെസ്റ്റിൽ സർഫറാസ് ഖാനെ മറികടന്ന് സൂര്യകുമാർ യാദവിനെ തെരഞ്ഞെടുത്തത് രഞ്ജി ട്രോഫിക്ക് അപമാനമാണ്. അവൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഏറ്റവും സ്ഥിരതയുള്ള പ്രകടനം കാഴ്ചവെക്കുന്നു, മറ്റാരേക്കാളും അർഹത അവനുണ്ട്. ഈ കമ്മറ്റിയുടെ ടീം തെരഞ്ഞെടുപ്പ് വീണ്ടും അമ്പരപ്പെടുത്തുന്നു’ -ഒരു ആരാധിക ട്വിറ്ററിൽ കുറിച്ചു.
‘ഇഷാൻ കിഷനും സൂര്യകുമാറും ടീമിലുണ്ട്, രഞ്ജിയിലെ പ്രകടനത്തിന് വലിയ മൂല്യമൊന്നുമില്ലെന്ന് പറയുന്നതാകും നല്ലത്, പൊതുജനാഭിപ്രായം കൂടുതൽ സ്വാധീനം ചെലുത്തുന്നു. ഇഷാന്‍റെ തെരഞ്ഞെടുപ്പ് മനസ്സിലാക്കാവുന്നതേയുള്ളൂ, എന്നാൽ സൂര്യകുമാറിനെ ടീമിലെടുത്തത് അമ്പരപ്പിക്കുന്നതാണ്. സർഫറാസ്, ഹനുമ എന്നിവരെപ്പോലുള്ളവർക്ക് ഇത് നല്ല സൂചന നൽകില്ല’ -മറ്റൊരാൾ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.