ടെസ്റ്റ് ടീമിൽ ഇടമില്ല; ഇൻസ്റ്റഗ്രാമിൽ സർഫറാസ് ഖാന്‍റെ രണ്ടു വാക്ക് പോസ്റ്റ്; ഏറ്റെടുത്ത് ആരാധകർ
text_fieldsആഭ്യന്തര ക്രിക്കറ്റിൽ റെക്കോഡുകൾ പലത് പിന്നിട്ടിട്ടും ദേശീയ ടീമിലേക്കുള്ള വിളി കാത്തിരിക്കുകയാണ് സർഫറാസ് ഖാൻ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഡോൺ ബ്രാഡ്മാൻ കഴിഞ്ഞാൽ ഏറ്റവും മികച്ച ശരാശരിയുള്ള താരം. രഞ്ജി ട്രോഫിയിലെ 82 ശരാശരിക്ക് മുകളിൽ വിജയ് മർച്ചന്റ് (98.35), സചിൻ തെണ്ടുൽകർ (87.37) എന്നിവർ മാത്രമാണ് മുന്നിലുള്ളത്. തുടർച്ചയായ രഞ്ജി സീസണിൽ 900ലേറെ റൺ നേടിയ ആദ്യ താരമാണ്.
2019-20 സീസണിൽ 154 ശരാശരിയിൽ 928 റൺസായിരുന്നു 25കാരന്റെ സമ്പാദ്യം. 2021-22 സീസണിൽ നാലു സെഞ്ച്വറിയടക്കം 982 റൺസും അടിച്ചെടുത്തു. 2022-23ൽ ആറു കളികളിൽനിന്ന് 556 ആയിരുന്നു സമ്പാദ്യം. മൊത്തം 37 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 13 സെഞ്ച്വറികളടക്കം 79.65 ശരാശരിയിൽ 3,505 റൺസ് നേടിയിട്ടുണ്ട്. മൂന്നു സീസണിലും കത്തുന്ന പ്രകടനവുമായി തിളങ്ങിയിട്ടും ഇനിയും ദേശീയ ടീമിൽ താരം പരിഗണിക്കപ്പെട്ടിട്ടില്ല.
വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരക്കുള്ള ടീമിലും സർഫറാസ് ഖാന് ഇടം കിട്ടിയില്ല. ഇത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. താരത്തെ മാറ്റിനിർത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി സുനിൽ ഗവാസ്കർ ഉൾപ്പെടെയുള്ള മുൻ താരങ്ങളും ആരാധകരും രംഗത്തെത്തി. എന്നാൽ, ഇൻസ്റ്റഗ്രാമിൽ രണ്ടു വാക്കു മാത്രം പോസ്റ്റ് ചെയ്തായിരുന്നു താരത്തിന്‍റെ പ്രതികരണം.
‘ഹോം പ്രാക്ടീസ്’ എന്ന ക്യാപ്ഷനൊപ്പം വീട്ടിലെ പരിശീലന കേന്ദ്രത്തിൽ ഇരിക്കുന്ന ചിത്രമാണ് താരം ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തത്. നിമിഷങ്ങൾക്കകം തന്നെ പോസ്റ്റ് വൈറലായി. താരത്തിനു പിന്തുണയുമായി നിരവധി ആരാധകരാണ് രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.