ക്രിക്കറ്ററാകാനാണ് ബെക്കാം ആഗ്രഹിച്ചത്...; കൂടിക്കാഴ്ചയിലെ അനുഭവങ്ങൾ പങ്കുവെച്ച് രോഹിത്
text_fieldsമുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ത്യ-ന്യൂസിലൻഡ് സെമി മത്സരത്തിലെ മനോഹര കാഴ്ചകളിലൊന്നായിരുന്നു ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറും ഇംഗ്ലീഷ് മുൻ ഫുട്ബാൾ ഇതിഹാസം ഡേവിഡ് ബെക്കാമും ഗാലറിയിൽ ഒരുമിച്ചിരുന്ന് കളി കാണുന്നത്. രണ്ടു ഇതിഹാസങ്ങൾ ഒറ്റ ഫ്രെയിമിൽ.
യുനിസെഫ് ഗുഡ്‌വിൽ അംബാസഡറെന്ന നിലക്ക് ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയതായിരുന്നു ബെക്കാം. ക്രിക്കറ്റിലൂടെ സ്ത്രീകളെയും കുട്ടികളെയും ശക്തീകരിക്കുന്നതിനുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ പദ്ധതിയിൽ യുനിസെഫും പങ്കാളിയാണ്. സൂപ്പർതാരം വിരാട് കോഹ്ലി, രോഹിത് ശർമ ഉൾപ്പെടെയുള്ളവരുമായി ബെക്കാം സൗഹൃദം പങ്കിടുകയും ചെയ്തിരുന്നു.
ബോളിവുഡ് ബാദുഷ ഷാറൂഖ് ഖാൻ, നടി സോനം കപൂർ എന്നിവർ ഒരുക്കിയ വിരുന്നിലും പങ്കെടുത്താണ് ഫുട്ബാളർ നാട്ടിലേക്ക് മടങ്ങിയത്. ബെക്കാമുമായി നടത്തിയ കൂടിക്കാഴ്ചയുടെ അനുഭവങ്ങൾ ഓസീസ് നായകൻ പാറ്റ് കമ്മിൻസിനോട് രോഹിത് തുറന്നുപറയുന്നുണ്ട്. ഐ.സി.സി ഇതിന്‍റെ വിഡിയോ പുറത്തുവിട്ടു. ഒരു ക്രിക്കറ്റ് താരമാകാനാണ് ബെക്കാം അഗ്രഹിച്ചിരുന്നതെന്ന് സംഭാഷണത്തിൽ ഹിറ്റ്മാൻ പറയുന്നു.
‘ഒരു ക്രിക്കറ്റർ ആകാനാണ് ആഗ്രഹിച്ചിരുന്നതെന്ന് ബേക്കാം എന്നോട് പറഞ്ഞു. പക്ഷേ കാര്യങ്ങൾ വിചാരിച്ചതുപോലെ നടന്നില്ല, പിന്നീടാണ് ഫുട്ബാളിലേക്ക് തിരിഞ്ഞത്. ബെക്കാമിന്‍റെ പിതാവ് അതിയായി അഗ്രഹിച്ചത് മകൻ ഒരു ഫുട്ബാൾ കളിക്കാരനാകാനും’ -രോഹിത് പറഞ്ഞു. സ്പാനിഷ് ഫുട്ബാൾ ലീഗ് ലാ ലിഗയുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് രോഹിത്.
നേരത്തെ, ബെക്കാമിന്‍റെ പേരെഴുതിയ റയൽ മഡ്രിഡിന്‍റെ ജഴ്സി ധരിച്ച് രോഹിത്തും ഇന്ത്യൻ നായകന്‍റെ പേരുള്ള ക്രിക്കറ്റ് ടീമിന്‍റെ ജഴ്സി ധരിച്ച് ബെക്കാമും നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. നിമിഷങ്ങൾക്കകമാണ് ഈ ചിത്രങ്ങൾ വൈറലായത്. ‘ഞാനൊരു വലിയ ഫുട്ബാൾ ആരാധകനാണ്. അദ്ദേഹം എന്‍റെ പ്രിയപ്പെട്ട ഫുട്ബാൾ ക്ലബുകളിലൊന്നായ റയൽ മാഡ്രിഡിന് വേണ്ടി കളിച്ചു. ക്ലബിനൊപ്പം കളിച്ചിരുന്ന സമയത്തെക്കുറിച്ച് ചോദിക്കാൻ അവസരം കിട്ടി’ -രോഹിത് കൂട്ടിച്ചേർത്തു.
വിരുന്നൊരുക്കിയ ഷാറൂഖ് ഖാന് ഹൃദയസ്പർശിയായ വാക്കുകളിൽ നന്ദി പയുന്ന ബെക്കാമിന്‍റെ കുറിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷാറൂഖിനെ സുഹൃത്തേ എന്നു വിളിച്ചാണ് ബെക്കാമിന്‍റെ കുറിപ്പ് തുടങ്ങുന്നത്. ‘ഈ വലിയ മനുഷ്യന്‍റെ വീട്ടിലേക്ക് ക്ഷണിക്കപ്പെട്ടതിൽ അഭിമാനിക്കുന്നു. ഷാറൂഖ് ഖാൻ, ഗൗരി ഖാൻ, അവരുടെ സുന്ദരികളായ കുട്ടികൾ, അടുത്ത സുഹൃത്തുക്കൾ എന്നിവർക്കൊപ്പം ഇരുന്ന് ഭക്ഷണം ആസ്വദിച്ചു -എന്‍റെ ആദ്യ ഇന്ത്യാ സന്ദർശനം അവസാനിപ്പിക്കാൻ ഇതിലും മികച്ചൊരു വഴിയില്ല... നന്ദി സുഹൃത്തേ -നിങ്ങൾക്കും കുടുംബത്തിനും എപ്പോൾ വേണമെങ്കിലും എന്‍റെ വീട്ടിലേക്ക് സ്വാഗതം...’ -ബെക്കാം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.