ട്വന്‍റി20 ലോകകപ്പ്: ബംഗ്ലദേശിന് സ്കോട്ടിഷ് ഷോക്ക്
text_fieldsമസ്കറ്റ് (ഒമാൻ): ട്വന്‍റി20 ലോകകപ്പിന്‍റെ ആദ്യ റൗണ്ടിൽ ബംഗ്ലദേശിന് ഞെട്ടിപ്പിക്കുന്ന തോൽവി. ഞായറാഴ്ച നടന്ന മത്സരത്തിൽ സ്കോട്ലൻഡ് ബംഗ്ലദേശിനെ ആറു റൺസിന് അട്ടിമറിച്ചു. ക്രിസ് ഗ്രീവ്സിന്റെ ഓൾറൗണ്ട് പ്രകടനമാണ് സ്കോട്ടിഷ് പടക്ക് ജയമൊരുക്കിയത്.
വാലറ്റത്ത് 28 പന്തിൽ 45 റൺസ് അടിച്ചുകൂട്ടിയ ഗ്രീവ്സിന്റെ ബാറ്റിങ് മികവിൽ ആദ്യ റൗണ്ടിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ ബംഗ്ലദേശിനെതിരെ സ്കോട്ലൻഡ് ഒമ്പതിന് 140 റൺസെന്ന പൊരുതാവുന്ന സ്േകാർ പടുത്തുയർത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സ്കോട്ലൻഡ് 12 ഓവർ പിന്നിടുേമ്പാൾ ആറിന് 53 റൺസെന്ന നിലയിലായിരുന്നു. മാർക് വാറ്റിനെ (17 പന്തിൽ 22) കൂട്ടുപിടിച്ച് ഗ്രീവ്സ് നടത്തിയ രക്ഷാപ്രവർത്തനമാണ് ടീമിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കടുവകൾക്ക് 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുക്കാനേ സാധിച്ചുള്ളൂ. മൂന്നോവറിൽ 19 റൺസ് മാത്രം വഴങ്ങി രണ്ടുവിക്കറ്റ് വീഴ്ത്തിയ ഗ്രീവ്സ് പന്തുകൊണ്ടും തിളങ്ങി. സ്റ്റാർ ബാറ്റ്സ്മാൻമാരായ മുഷ്ഫികുർ റഹീമിനെയും (38) ശാകിബുൽ ഹസനെയുമാണ് (20) താരം മടക്കിയത്.
ട്വന്‍റി20 ലോകകപ്പിലെ സ്കോട്ലൻഡിന്റെ രണ്ടാമത്തെ വിജയമാണിത്. 2016 എഡിഷനിൽ ഹോങ്കോങ്ങിനെതിരെയായിരുന്നു ആദ്യ വിജയം.
അവസാന ഓവറിൽ ബംഗ്ലാദേശിന് ജയിക്കാൻ 24 റൺസായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ സഫിയാൻ ശരീഫ് എറിഞ്ഞ ഓവറിൽ മെഹദി ഹസനും (13*) മുഹമ്മദ് സൈഫുദ്ദീനും (5*) അത്ഭുതങ്ങൾ കാണിക്കാനായില്ല. ബംഗ്ലാദേശിനായി നായകൻ മഹ്മുദുല്ലയും (23) ആതിഫ് ഹുസൈനും പൊരുതിനോക്കി.
പുരുഷൻമാരുടെ ട്വന്‍റി20 ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ബംഗ്ലാദേശ് ഓൾറൗണ്ടർ ശാകിബ് (108) ഒന്നാമതെത്തി. ശ്രീലങ്കൻ താരം ലസിത് മലിംഗ (107), കിവീസ് താരം ടിം സൗത്തി (99), പാകിസ്താന്റെ ഷാഹിദ് അഫ്രീദി (98), അഫ്ഗാൻ താരം റാശിദ് ഖാൻ (95) എന്നിവരാണ് തുടർസ്ഥാനങ്ങളിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.