ഹര്‍ദിക്കിന്റെ വിജയരഹസ്യം ധോണി നല്‍കിയ ആ ഉപദേശം!
text_fieldsക്യാപ്റ്റന്‍ കൂള്‍ എന്ന വിശേഷണം മഹേന്ദ്ര സിങ് ധോണിക്ക് മാത്രം അവകാശപ്പെട്ടതാണ്. ഏത് സമ്മര്‍ദ സാഹചര്യവും പുഷ്പം പോലെ കൈകാര്യം ചെയ്യാന്‍ ധോണിക്കറിയാം. അന്താരാഷ്ട്ര ക്രിക്കറ്റിലും ഐ.പി.എല്ലിലും എത്രയോ തവണ ധോണി അവസരോചിത തീരുമാനങ്ങളെടുത്ത് ഞെട്ടിച്ചിട്ടുണ്ട്. വാംഖഡെ ലോകകപ്പ് ഫൈനലില്‍ സ്വയം സ്ഥാനക്കയറ്റം നല്‍കി ക്രീസിലെത്തി തകര്‍ത്താടിയ സൂപ്പര്‍ ഫിനിഷര്‍ ധോണിയെ ക്രിക്കറ്റ് ലോകത്തിന് മറക്കാന്‍ സാധിക്കുമോ? അവസാന ഓവറുകളില്‍ മത്സരം ഫിനിഷ് ചെയ്യുകയെന്നത് ധോണിക്കൊരു ഹോബിയാണ്. എങ്ങനെയാണ് ഈ സമ്മര്‍ദമെല്ലാം അവസാന പന്തിലെ കൂറ്റന്‍ സിക്‌സറിലൂടെ മുന്‍ ഇന്ത്യന്‍ നായകന്‍ ആനന്ദമാക്കി മാറ്റിയത്!
ധോണിക്ക് കീഴില്‍ വളര്‍ന്നവരാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിനായി കളിക്കുന്ന പല പ്രമുഖരും. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയുമെല്ലാം ധോണിയില്‍ നിന്ന് ഏറെ പഠിച്ചിട്ടുണ്ട്. ഇപ്പോള്‍, ഇന്ത്യന്‍ ക്രിക്കറ്റില്‍ താരമൂല്യം ഏറെ ഉയര്‍ന്നു നില്‍ക്കുന്ന ഹര്‍ദിക് പാണ്ഡ്യക്കും ധോണി എന്നാല്‍ ഒരു സംഭവമാണ്. തന്റെ കരിയറില്‍ ധോണി ഭായ് ഉണ്ടാക്കിയ സ്വാധീനത്തെ കുറിച്ച് കഴിഞ്ഞ ദിവസം അദ്ദേഹം വാചാലനായി. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ പതറാതെ ബാറ്റ് ചെയ്യാന്‍ ധോണി നല്‍കിയ ഉപദേശമാണ് ഹര്‍ദിക് വെളിപ്പെടുത്തിയത്.
സ്വന്തം സ്‌കോറിനെ കുറിച്ച് ആകുലപ്പെടാതിരിക്കുക, ടീമിന്റെ വിജയത്തെ കുറിച്ച് മാത്രമായിരിക്കണം ചിന്ത -ഇതാണ് ധോണി നല്‍കിയ ഉപദേശം. അന്ന് മുതല്‍ ടീമിന് വേണ്ടി മാത്രമായിരുന്നു ബാറ്റ് ചെയ്തത്. ദക്ഷിണാഫ്രിക്കക്കെതിരെ ടി20യിലെ നാലാം മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യയുടെ ബാറ്റിങ് ശ്രദ്ധേയമായിരുന്നു. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ മധ്യനിരയില്‍ ഹര്‍ദിക് 31 പന്തുകളില്‍ 46 റണ്‍സെടുത്തു. ഇത് ഇന്ത്യക്ക് 170 റണ്‍സെന്ന ഭേദപ്പെട്ട വിജയലക്ഷ്യം ഉയര്‍ത്താന്‍ സഹായകമായി.
ഐ.പി.എല്ലില്‍ ഹര്‍ദിക് നേതൃത്വം നല്‍കിയ ഗുജറാത്ത് ടൈറ്റന്‍സാണ് ചാമ്പ്യന്‍മാരായത്. അരങ്ങേറ്റ സീസണില്‍ തന്നെ ടൈറ്റന്‍സിന് കിരീടം നേടിക്കൊടുത്തത് ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി മികവും ആള്‍ റൗണ്ട് പെര്‍ഫോമന്‍സുമായിരുന്നു. ഇതോടെ, വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ നിരയിലെ ഏറ്റവും അപകടകാരിയായി ഹര്‍ദിക് മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.