ഷാകിബ് തന്റെ പ്രകടനത്തിൽ ലജ്ജിക്കുകയും വിരമിക്കുകയും വേണമെന്ന് സെവാഗ്; ടീമിനെ വിജയത്തിലെത്തിച്ച് ബംഗ്ലാദേശ് താരത്തിന്റെ പ്രതികരണം ഇങ്ങനെ...
text_fieldsആന്റിഗ്വ: നിലവിൽ ലോക ക്രിക്കറ്റിലെ മികച്ച ഓൾറൗണ്ടർ ആരെന്ന ചോദ്യത്തിന് ലഭിക്കുന്ന ഉത്തരങ്ങളിൽ ഒന്നാമത് ബംഗ്ലാദേശിന്റെ ഷാകിബുൽ ഹസൻ എന്നായിരിക്കും. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഏറെ കാലമായി ആദ്യ അഞ്ച് റാങ്കിനുള്ളിൽ അദ്ദേഹമുണ്ട്. എന്നാൽ, ട്വന്റി 20 ലോകകപ്പിൽ ബംഗ്ലാദേശിന്റെ ആദ്യ രണ്ട് മത്സരത്തിലും ബാറ്റ് കൊണ്ടും ബാൾ കൊണ്ടും താരത്തിന് തിളങ്ങാനായില്ല. ശ്രീലങ്കക്കും ദക്ഷിണാഫ്രിക്കക്കുമെതിരായ മത്സരങ്ങളിൽ വിക്കറ്റൊന്നും ലഭിക്കാതിരുന്ന 37കാരന്റെ ബാറ്റ് കൊണ്ടുള്ള സംഭാവന എട്ട്, മൂന്ന് റൺസുകൾ വീതമായിരുന്നു. ഇതോടെ വിമർശനങ്ങളേറെ ഉയർന്നു. അതിലൊന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗിന്റേതായിരുന്നു. ഷാകിബ് തന്റെ പ്രകടനത്തിൽ ലജ്ജിക്കുകയും കായികരംഗത്തുനിന്ന് വിരമിക്കുകയും വേണമെന്നായിരുന്നു സെവാഗിന്റെ പ്രതികരണം.
‘നിങ്ങൾ പരിചയസമ്പന്നനായ ഒരു കളിക്കാരനാണ്. നിങ്ങൾ മുമ്പ് ക്യാപ്റ്റനായിരുന്നു. എന്നാൽ, ഇപ്പോൾ നിങ്ങളുടെ കണക്കുകളിൽ സ്വയം ലജ്ജ തോന്നുകയും ട്വന്റി 20 ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയും വേണം’ -എന്നിങ്ങനെയായിരുന്നു ക്രിക്ബസിന് നൽകിയ അഭിമുഖത്തിൽ സെവാഗിന്റെ പരാമർശം.
എന്നാൽ, നെതർലാൻഡ്സിനെതിരായ മത്സരത്തിൽ ബംഗ്ലാദേശ് 25 റൺസിന്റെ വിജയം നേടിയപ്പോൾ 46 പന്തിൽ പുറത്താകാതെ 64 റൺസുമായി തിളങ്ങിയത് ഷാകിബ് ആയിരുന്നു. സെവാഗിന്റെ വിമർശനവുമായി ബന്ധപ്പെട്ട് മത്സരശേഷം ചോദ്യമുയർന്നപ്പോൾ ‘വിമർശനങ്ങൾക്ക് മറുപടി പറയുകയല്ല ഒരു താരത്തിന്റെ ജോലി’യെന്നായിരുന്നു ഷാകിബ് പ്രതികരിച്ചത്.
‘ഒരു കളിക്കാരന്റെ ജോലി, അവനൊരു ബാറ്ററാണെങ്കിൽ ടീമിന് വേണ്ടി ബാറ്റ് കൊണ്ട് സംഭാവന നൽകുക എന്നതാണ്. അവനൊരു ബൗളറാണെങ്കിൽ, അവൻ്റെ ജോലി നന്നായി ബൗൾ ചെയ്യുക എന്നതാണ്. വിക്കറ്റ് എന്നത് ഭാഗ്യമാണ്. അവൻ ഒരു ഫീൽഡറാണെങ്കിൽ, ഓരോ റണ്ണും തടയുകയും കഴിയുന്നത്ര ക്യാച്ചുകൾ എടുക്കുകയും വേണം. ഇവിടെ, ആർക്കും ഉത്തരം നൽകാൻ ഒന്നുമില്ല. ഒരു കളിക്കാരൻ തന്റെ ടീമിന് എത്രത്തോളം സംഭാവന നൽകാനാകുമെന്നത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. അയാൾക്ക് സംഭാവന ചെയ്യാൻ കഴിയാത്തപ്പോൾ, സ്വാഭാവികമായും ചർച്ചകൾ ഉണ്ടാകും. അതൊരു മോശം കാര്യമാണെന്ന് ഞാൻ കരുതുന്നില്ല’ -എന്നിങ്ങനെയായിരുന്നു ഷാകിബിന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.