പിച്ച് കൈയേറ്റക്കാരൻ ചെപ്പോക്കിലും; പിടികൂടി സുരക്ഷ ഉദ്യോഗസ്ഥർ
text_fieldsചെന്നൈ: യൂട്യൂബറും കുപ്രസിദ്ധ പിച്ച് കൈയേറ്റക്കാരനുമായ ഡാനിയൽ ജാർവിസ് എന്ന ജാർവോയുടെ അതിക്രമം ചെപ്പോക്ക് സ്റ്റേഡിയത്തിലും. ആസ്‌ട്രേലിയക്കെതിരായ ലോകകപ്പ് മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഇന്ത്യൻ ജഴ്സി ധരിച്ച് ഗ്രൗണ്ടിലേക്ക് പ്രവേശിച്ച ജാർവോയെ സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടി. താരങ്ങൾ മത്സരത്തിന് തയാറായി നിൽക്കുമ്പോഴായിരുന്നു ജാർവോയുടെ വരവ്.
ഇന്ത്യൻ ടീം മാർച്ച് പാസ്റ്റിനായി അണിനിരക്കുമ്പോൾ വിരാട് കോഹ്‌ലിയുടെ അടുത്തേക്ക് നീങ്ങാൻ ശ്രമിക്കുകയായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടി പുറത്തേക്ക് കൊണ്ടുപോകുമ്പോൾ കോഹ്‍ലി ജാർവോയോട് രൂക്ഷമായി പ്രതികരിക്കുന്നതും കാണാമായിരുന്നു. വി.ഐ.പി ഏരിയയിലൂടെയാണ് ജാർവോ ഗ്രൗണ്ടിൽ പ്രവേശിച്ചത്. ജാർവോ ഇനിയുള്ള മത്സരങ്ങളിൽ സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നത് ഐ.സി.സി വിലക്കി. ഒന്നിലധികം സുരക്ഷമേഖലകൾ ലംഘിച്ച് ഗ്രൗണ്ടിലെത്തിയത് വീഴ്ചയായാണ് കണക്കാക്കുന്നത്.
ഇംഗ്ലണ്ടിൽ റഗ്ബി, ക്രിക്കറ്റ് മൈതാനങ്ങളിൽ അതിക്രമിച്ച് കയറുന്നത് പതിവാക്കിയ ആളാണ് 35കാരനായ ജാർവോ. 2021ൽ ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരക്കിടെ ഇന്ത്യൻ ടെസ്റ്റ് ജഴ്സിയണിഞ്ഞ് മൂന്ന് തവണ മൈതാനത്ത് കയറിയിരുന്നു. സംഭവത്തിൽ മൈതാനവിലക്കും വിധിച്ചിരുന്നു. ജാർവോ69 എന്ന പേരിലുള്ള യൂട്യൂബ് ചാനൽ നടത്തിപ്പുകാരനാണ് ജാർവോ. തന്റെ പ്രേക്ഷകരെ സന്തോഷിപ്പിക്കാനാണ് മൈതാനങ്ങൾ കൈയേറുന്നതെന്നാണ് മുമ്പൊരിക്കൽ ഇയാൾ പറഞ്ഞത്. ഇന്നലെ മത്സരത്തിന് തൊട്ടുമുമ്പ് തന്റെ രണ്ട് അതിക്രമങ്ങൾ യൂട്യൂബിൽ അപ് ലോഡ് ചെയ്തശേഷമാണ് ജാർവോ പിച്ചിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.