ഇന്ത്യക്കെതിരായ പരമ്പര: ന്യൂസിലാൻഡ് ടീമിൽനിന്ന് ബോൾട്ടും ഗുപ്റ്റിലും പുറത്ത്
text_fieldsവെല്ലിങ്ടൺ: ഇന്ത്യക്കെതിരായ ഏകദിന, ട്വന്റി 20 പരമ്പരകൾക്കുള്ള ന്യൂസിലാൻഡ് ടീമിൽനിന്ന് ഓപണിങ് ബാറ്റർ മാർട്ടിൻ ഗുപ്റ്റിലും ഫാസ്റ്റ് ബൗളർ ട്രെൻഡ് ബോൾട്ടും പുറത്ത്. നവംബർ 18ന് ആരംഭിക്കുന്ന പരമ്പരയിൽ കെയിന്‍ വില്യംസണാണ് ടീമിനെ നയിക്കുക. മൂന്ന് വീതം ട്വന്റി 20യും ഏകദിനവും അടങ്ങുന്നതാണ് പരമ്പര. വെള്ളിയാഴ്ച വെല്ലിങ്ടണിലാണ് ഒന്നാം ട്വന്റി 20.
ന്യൂസിലാന്‍ഡ് ക്രിക്കറ്റുമായുള്ള കരാറിൽനിന്ന് ഒഴിവാകാനുള്ള ബോൾട്ടിന്റെ തീരുമാനമാണ് അദ്ദേഹത്തെ പരിഗണിക്കാതിരിക്കാൻ കാരണം. അതേസമയം, മോശം ഫോമാണ് ഗുപ്റ്റിലിന് തിരിച്ചടിയായത്. ആസ്‌ട്രേലിയയിൽ നടന്ന ട്വന്റി 20 ലോകകപ്പിൽ 36കാരൻ ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തിൽ പോലും അവസരം ലഭിച്ചിരുന്നില്ല. ഫിന്‍ അലനാണ് പകരം ന്യൂസിലാൻഡിനായി ഓപണറായി ഇറങ്ങിയത്. 7346 റൺസ് നേടിയ ഗുപ്റ്റില്‍ ഏകദിനത്തില്‍ ന്യൂസിലാന്‍ഡിനായി കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ താരമാണ്.
ഏകദിന-ട്വന്റി 20 ടീമുകളിൽ ഫാസ്റ്റ് ബൗളർ ആദം മിൽനെക്ക് ഇടം ലഭിച്ചു. അഞ്ച് വർഷത്തിന് ശേഷമാണ് മില്‍നെ ഏകദിന ടീമിൽ തിരിച്ചെത്തുന്നത്. വിവാഹത്തിന് അവധി അനുവദിച്ചതിനാൽ ജിമ്മി നീഷം മൂന്നാമത്തെ ഏകദിനത്തില്‍ കളിക്കില്ല.
ട്വന്റി 20 ടീം: കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), ഫിൻ അലൻ, മൈക്കൽ ബ്രേസ്വെൽ, ഡെവൺ കോൺവേ (വിക്കറ്റ് കീപ്പര്‍), ലോക്കി ഫെർഗൂസൺ, ഡാരിൽ മിച്ചൽ, ആദം മിൽനെ, ജിമ്മി നീഷം, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാൻഡ്നർ, ടിം സൗത്തി, ഇഷ് സോധി, ബ്ലെയർ ടിക്ക്നർ.
ഏകദിന ടീം: കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), ഫിൻ അലൻ, മൈക്കൽ ബ്രേസ്വെൽ, ഡെവൺ കോൺവേ, ലോക്കി ഫെർഗൂസൺ, ഡാരിൽ മിച്ചൽ, ആദം മിൽനെ, ജിമ്മി നീഷം, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാൻഡ്നർ, ടിം സൗത്തി, ടോം ലതാം (വിക്കറ്റ് കീപ്പര്‍), മാറ്റ് ഹെൻറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.