ബംഗളൂരുവിന് തിരിച്ചടി; ഐ.പി.എല്ലിൽനിന്ന് അവധിയെടുത്ത് മാക്സ്‌വെൽ
text_fieldsബംഗളൂരു: ഐ.പി.എല്ലിൽ തുടർച്ചയായ തോൽവികളിൽ നട്ടംതിരിയുന്ന ബംഗളൂരു റോയൽ ചലഞ്ചേഴ്സിന് തിരിച്ചടിയായി സ്റ്റാർ ആൾറൗണ്ടർ െഗ്ലൻ മാക്സ്‌വെലിനെ അവധി. ടീമിലെ കൂറ്റനടിക്കാരനും മികച്ച ബൗളറുമായ ആസ്ട്രേലിയക്കാരന് ടൂർണമെന്റിൽ ഇതുവരെ തിളങ്ങാനായിരുന്നില്ല.
സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ തിങ്കളാഴ്ചത്തെ മത്സരത്തിൽ മാക്സ്‍വെൽ കളിച്ചിരുന്നില്ല. മത്സരശേഷം നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇടവേളയെടുക്കാൻ തീരുമാനിച്ച കാര്യം താരം വെളിപ്പെടുത്തിയത്. സൺറൈസേഴ്സിനെതിരെ മറ്റാരെയെങ്കിലും പകരം കളിപ്പിക്കാന്‍ ക്യാപ്റ്റനോടും പരിശീലകരോടും താൻ തന്നെയാണ് നിർദേശിച്ചതെന്നും മാക്സ്‍വെൽ വ്യക്തമാക്കി. അതേസമയം എത്രനാൾ മാറിനിൽക്കുമെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല.
‘‘വ്യക്തിപരമായി എനിക്കിത് വളരെ എളുപ്പമുള്ള തീരുമാനമായിരുന്നു. കഴിഞ്ഞ മത്സരത്തിന് ശേഷം പുതിയ ആരെയെങ്കിലും പരീക്ഷിക്കാൻ ഞാൻ പരിശീലകരോടും നായകനോടും ആവശ്യപ്പെട്ടു. ചെറിയ ഇടവേളയെടുത്ത് ശരീരത്തെയും മനസ്സിനെയും ശരിയായ ദിശയിലേക്ക് കൊണ്ടുവരേണ്ട മികച്ച സമയമാണിത്. ടൂർണമെന്റിൽ എന്റെ ആവശ്യം വരികയാണെങ്കിൽ, മാനസികവും ശാരീരികവുമായ കരുത്തോടെ തിരികെയെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. പവര്‍പ്ലേക്ക് ശേഷം ബാറ്റിങ് പ്രകടനത്തിൽ ആർ.സി.ബി പിന്നോട്ടുപോകുന്നുണ്ട്. ആ സ്ഥാനമായിരുന്നു കഴിഞ്ഞ ഏതാനും സീസണുകളായി എന്റെ കരുത്ത്. ബാറ്റിങ്ങിൽ മികച്ച രീതിയില്‍ ഒന്നും ചെയ്യാൻ എനിക്ക് സാധിക്കുന്നില്ല. മത്സരഫലങ്ങളും പോയന്റ് പട്ടികയിൽ ടീമിന്റെ സ്ഥാനവും കൂടി പരിഗണിച്ചാൽ ഇടവേള എടുക്കാനും മറ്റാർക്കെങ്കിലും അവസരം നൽകാനുമുള്ള സമയം ഇതാണെന്ന് തോന്നുന്നു’’ –മാക്സ്‍വെൽ വ്യക്തമാക്കി.
ആറ് മത്സരങ്ങളിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയ മാക്സ്‍വെൽ 32 റൺസാണ് ആകെ നേടിയത്. മൂന്നുതവണയാണ് പൂജ്യത്തിന് പുറത്തായത്. കൊൽക്കത്തക്കെതിരെ നേടിയ 28 റൺസാണ് ഉയർന്ന സ്കോർ. 0, 3, 28, 0, 1, 0 എന്നിങ്ങനെയായിരുന്നു ആറ് മത്സരങ്ങളിലെ സംഭാവന. ഐ.പി.എല്ലിൽ ഏഴ് മത്സരങ്ങൾ പൂർത്തിയാക്കിയ ബംഗളൂരു ആറിലും തോൽക്കുകയായിരുന്നു. രണ്ടു പോയന്റുമായി അവസാന സ്ഥാനത്താണ് ടീം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.