ഏഴു മാസത്തിനിടെ ഇന്ത്യൻ ടീമിന് ഏഴു നായകർ; കളിച്ചത് 40ഓളം താരങ്ങൾ
text_fieldsമുംബൈ: കോവിഡാനന്തര ലോകത്തെ ന്യൂ നോർമൽ എന്നാണ് വിശേഷിപ്പിക്കുന്നതെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലും ഇക്കാലയളവിലുണ്ടായി വലിയ മാറ്റങ്ങൾ. ചരിത്രത്തിലാദ്യമായി ഒരു കലണ്ടർ വർഷം ഏഴു നായകരെയാണ് ബി.സി.സി.ഐ പരീക്ഷിച്ചത്.
2022 പൂർത്തിയാവാൻ ഇനിയും അഞ്ചു മാസത്തോളം ബാക്കിയിരിക്കെയാണ് റെക്കോഡ്. ഏറ്റവുമധികം താരങ്ങൾ ടീമിൽ വന്നുപോയത് 2021ൽ. കഴിഞ്ഞ കലണ്ടർ വർഷം ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലുമായി 36 മത്സരങ്ങളിൽ ഇന്ത്യ ഇറക്കിയത് 48 പേരെയാണ്. 44ൽ 55 പേരെ കളിപ്പിച്ച വെസ്റ്റിൻഡീസ് മാത്രമാണ് മുന്നിൽ. 2022ൽ ഇതുവരെ 39 പേർ ഇന്ത്യൻ ജഴ്സിയിൽ കളിച്ചു. 2021ന്റെ തുടക്കം മുതൽ എടുത്താൽ ഇന്നോളം ആദ്യ ഇലവനിൽ ഇടംപിടിച്ചവരുടെ എണ്ണം 74 ആണ്.
വിരാട് കോഹ് ലി, രോഹിത് ശർമ, കെ.എൽ. രാഹുൽ, ശിഖർ ധവാൻ, ഋഷഭ് പന്ത്, ഹർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരാണ് നയിച്ചത്. രോഹിത് രണ്ട് ടെസ്റ്റിലും ആറ് ഏകദിനങ്ങളിലും 13 ട്വന്റി20 മത്സരങ്ങളിലും ടീമിനെ നിയന്ത്രിച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റോടെ കോഹ് ലി അവസാനിപ്പിച്ചു. മൂന്ന് ഏകിദനങ്ങളിലും ഒരു ടെസ്റ്റിലുമാണ് രാഹുൽ ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞത്.
പന്ത് അഞ്ച് ട്വന്റി20യിൽ നായകനായി. പാണ്ഡ്യ മൂന്ന് ട്വന്റി20യിലും ധവാൻ മൂന്ന് ഏകദിനങ്ങളിലും ബുംറ ഒരു ടെസ്റ്റിലും ക്യാപ്റ്റൻസി കൈയാളി. 2017ൽ ഏഴ് നായകരെ നിയോഗിച്ച ശ്രീലങ്ക ഇക്കാര്യത്തിൽ ഇന്ത്യക്കൊപ്പമുണ്ട്. 2021 മുതൽ ഇതുവരെ ഏറ്റവുമധികം ടെസ്റ്റ് കളിച്ചത് ഋഷഭ് പന്തും ചേതേശ്വർ പുജാരയുമാണ്, 17 വീതം. ഏകദിനത്തിൽ ധവാനും (16) ട്വന്റി20യിൽ ഭുവനേശ്വർ കുമാറുമാണ് (29) മുന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.