ചരിത്രം കുറിച്ച് പേസർ ഷഹീൻ അഫ്രീദി; നേട്ടം കൈവരിക്കുന്ന ആദ്യ പാക് താരം...
text_fieldsഡർബൻ: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ട്വന്‍റി20 മത്സരം 11 റൺസിന് പരാജയപ്പെട്ടെങ്കിലും ചരിത്ര നേട്ടം സ്വന്തമാക്കി പാകിസ്താൻ പേസർ ഷഹീൻ അഫ്രീദി. ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലും 100 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പാകിസ്താൻ താരമായി.
പ്രോട്ടീസിനെതിരായ മത്സരത്തിൽ മൂന്നു വിക്കറ്റ് നേടിയതോടെ താരത്തിന്‍റെ ട്വന്‍റി20 വിക്കറ്റ് നേട്ടം നൂറായി. ഏകദിനത്തിൽ 112 വിക്കറ്റും ടെസ്റ്റ് ക്രിക്കറ്റിൽ 116 വിക്കറ്റും നേടിയിട്ടുണ്ട്. ട്വന്‍റി20യിൽ നൂറ് വിക്കറ്റ് നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമാകാനും ഷഹീൻ ഷാ അഫ്രീദിക്കായി. ഹാരിസ് റൗഫ്, ശദബ് ഖാൻ എന്നിവരാണ് ട്വന്‍റി20യിൽ നൂറു വിക്കറ്റ് നേടിയ മറ്റു പാകിസ്താൻ താരങ്ങൾ. തന്‍റെ 74ാം ട്വന്‍റി20 മത്സരത്തിലാണ് 24കാരനായ ഷഹീൻ 100 വിക്കറ്റ് പൂർത്തീകരിച്ചത്. ട്വന്‍റി20യിൽ അതിവേഗം നൂറ് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ പാക് താരമാകാനും ഷഹീനായി.
ഹാരിസ് റൗഫ് 71 മത്സരങ്ങളിൽനിന്നാണ് നൂറു വിക്കറ്റിലെത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളുടെ പട്ടികയിലും പാക് പേസറുണ്ട്. ന്യൂസിലൻഡിന്‍റെ ടീം സൗത്തി, ബംഗ്ലാദേശിന്‍റെ ഷാകിബുൽ ഹസൻ, ശ്രീലങ്കയുടെ ലസിത് മലിംഗ എന്നിവരാണ് പട്ടികയിലെ മറ്റു താരങ്ങൾ. മത്സരത്തിലേക്ക് വന്നാൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയർ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. മുന്നേറ്റനിര നിരാശപ്പെടുത്തിയപ്പോൾ ഡേവിഡ് മില്ലറിന്‍റെ വെടിക്കെട്ട് അർധ സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 40 പന്തിൽ എട്ടു സിക്സും നാലു ഫോറുമടക്കം 82 റൺസെടുത്താണ് താരം പുറത്തായത്.
ജോർജ് ലിൻഡെ 24 പന്തിൽ 48 റൺസെടുത്തു. ഷഹീനു പുറമെ, പാകിസ്താനായി അബ്രാർ അഹ്മദും മൂന്നു വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിൽ നായകൻ മുഹമ്മദ് റിസ്വാൻ പൊരുതിനിന്നെങ്കിലും മറ്റു ബാറ്റർമാർക്കൊന്നും ക്രീസിൽ പിടിച്ചുനിൽക്കാനായില്ല. 62 പന്തിൽ മൂന്നു സിക്സും അഞ്ചു ഫോറുമടക്കം 74 റൺസെടുത്താണ് റിസ്വാൻ പുറത്തായത്. സായിം അയൂബ് 15 പന്തിൽ 31 റൺസെടുത്തു. 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുക്കാനെ പാകിസ്താന് കഴിഞ്ഞുള്ളു. പ്രോട്ടീസിനായി ലിൻഡെ നാലു വിക്കറ്റുകളുമായി ബൗളിങ്ങിലും തിളങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.