ക്ഷമ പരീക്ഷിക്കരുത്...; ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെ ഷഹീൻ അഫ്രീദി; ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറൽ
text_fieldsഇസ്‍ലാമാബാദ്: ട്വന്‍റി20 ലോകകപ്പിനു മുന്നോടിയായാണ് പേസർ ഷഹീൻ അഫ്രീദിയെ മാറ്റി ബാബർ അസമിനെ വീണ്ടും പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി നിയമിച്ചത്. ഏകദിന, ട്വന്‍റി20 ടീമുകളുടെ ചുമതല ഇനി ബാബറിനായിരിക്കും.
ടെസ്റ്റ് ക്രിക്കറ്റിൽ ഷാൻ മസൂദ് തന്നെ ടീമിനെ നയിക്കും. ഏകദിന ലോകകപ്പിലെ പാകിസ്താന്‍റെ മോശം പ്രകടനത്തിനു പിന്നാലെയാണ് ബാബർ മൂന്നു ഫോർമാറ്റിലെയും ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞത്. ഷഹീൻ അഫ്രീദിയുടെ നേതൃത്വത്തിലും പ്രതീക്ഷിച്ച ഫലം കിട്ടാതിരുന്നതോടെ ബാബറിനെ വീണ്ടും ക്യാപ്റ്റനാക്കുകയായിരുന്നു. എന്നാൽ, ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി തന്നെ നീക്കിയതിൽ ഷഹീന് കടുത്ത അതൃപ്തിയുണ്ട്. ഇക്കാര്യം ടീം മാനേജ്മെന്‍റിനെ താരം അറിയിക്കുകയും ചെയ്തതായാണ് വിവരം.
കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിലും താരത്തിന്‍റെ നിരാശ പ്രകടമാണ്. ‘ഞാൻ ക്രൂരനും നിർദയനുമാകുന്നൊരു സാഹചര്യത്തിൽ എന്നെ എത്തിക്കരുത്. എന്‍റെ ക്ഷമയെ പരീക്ഷിക്കരുത്. കാരണം നിങ്ങൾ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ദയയും സൗമ്യനുമായ വ്യക്തി ഞാനായിരിക്കാം. എന്നാൽ പരിധി വിട്ടാൽ, ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങളാകും ഞാൻ ചെയ്യുക’ -ഷഹീൻ അഫ്രീദി ഇൻസ്റ്റഗ്രാം റീൽസിൽ പങ്കുവെച്ചു.
പാകിസ്താൻ സൂപ്പർ ലീഗിൽ ഷഹീൻ അഫ്രീദിയുടെ ലാഹോർ ഖലന്ദർസ് ഒരു ജയവുമായി പോയന്‍റ് ടേബിളിൽ അവസാനമാണ് ഫിനിഷ് ചെയ്തത്. എന്നാൽ, മികച്ച ബൗളിങ് പ്രകടനമാണ് ടൂർണമെന്‍റിൽ താരം കാഴ്ചവെച്ചത്. സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതെത്തി. ഷഹീനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റുന്നതിനെതിരെ മുൻ ക്യാപ്റ്റനും ഷഹീന്‍റെ ഭാര്യാ പിതാവുമായ ഷാഹിദ് അഫ്രീദി രംഗത്തെത്തിയിരുന്നു. ഷഹീന് ആവശ്യത്തിന് സമയം ലഭിച്ചില്ലെന്നായിരുന്നു ഷാഹിദ് അഫ്രീദിയുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.