വൈസ് ക്യാപ്റ്റനില്ലാതെ പാകിസ്താൻ; പദവി ഏറ്റെടുക്കാൻ വിസമ്മതിച്ച് ഷഹീൻ അഫ്രീദി; ട്വന്‍റി20 ലോകകപ്പിനു മുമ്പേ ടീമിൽ പൊട്ടിത്തെറി?
text_fieldsദുബൈ: ഔദ്യോഗികമായി വൈസ് ക്യാപ്റ്റനില്ലാതെ പാകിസ്താൻ ടീം ട്വന്‍റി20 ലോകകപ്പിന്. ഐ.സി.സി നിശ്ചയിച്ച സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ്, ലോകകപ്പിനുള്ള സ്ക്വാഡിനെ പാകിസ്താൻ പ്രഖ്യാപിച്ചത്.
ബാബർ അസം നയിക്കുന്ന ടീമിൽ പേസർ ഷഹീൻ അഫ്രീദിയെ ഉപനായകനാക്കാനായിരുന്നു പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) സെലക്ഷൻ കമ്മിറ്റി തീരുമാനം. എന്നാൽ, താരം പദവി ഏറ്റെടുക്കാൻ വിസമ്മതിച്ചതോടെ വൈസ് ക്യാപ്റ്റനില്ലാത്ത പട്ടികയാണ് പ്രഖ്യാപിച്ചത്. 2023 ഏകദിന ലോകകപ്പിൽ ലീഗ് റൗണ്ടിൽ തന്നെ ടീം പുറത്തായതിനു പിന്നാലെ പാകിസ്താന്‍റെ നായക പദവിയിൽനിന്ന് ബാബർ ഒഴിഞ്ഞിരുന്നു. പിന്നാലെ ഷഹീൻ അഫ്രീദിയെ ട്വന്‍റി20 ഫോർമാറ്റിൽ നായകനാക്കി.
എന്നാൽ, ന്യൂസിലൻഡ് പര്യടനത്തിലെ ടീമിന്‍റെ മോശം പ്രകടനത്തിനു പിന്നാലെ അദ്ദേഹത്തിന്‍റെ ക്യാപ്റ്റൻസി വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെട്ടു. പരമ്പര 4-1ന് പാകിസ്താന്‍ തോറ്റിരുന്നു. പി.സി.ബി ചെയർമാനായി മുഹ്സിൻ നഖ്വി സ്ഥാനം ഏറ്റെടുത്തതോടെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ബാബർ തിരിച്ചെത്തി. ഇത് ഷഹീന്‍റെ അമർഷത്തിനിടയാക്കി. താരം നീരസം പരസ്യമാക്കുകയും ചെയ്തിരുന്നു. 15 അംഗങ്ങളടങ്ങിയ സ്‌ക്വാഡാണ് പാകിസ്ഥാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവില്‍ റിസര്‍വ് താരങ്ങളെ പ്രഖ്യാപിച്ചിട്ടില്ല. ഷദബ് ഖാന്‍, മുഹമ്മദ് റിസ്വാന്‍ എന്നിവര്‍ക്ക് വൈസ് ക്യാപ്റ്റന്‍സി നല്‍കാനുള്ള നിര്‍ദേശം ഉയര്‍ന്നെങ്കിലും ബോര്‍ഡിലെ അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ലോകകപ്പിനു മുമ്പേ തന്നെ ടീമിൽ ഭിന്നത രൂപപ്പെടുന്നത് ടീമിന് തിരിച്ചടിയാകും.
പാകിസ്താൻ സ്ക്വാഡ്:
ബാബര്‍ അസം (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, അസം ഖാന്‍, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഇഫ്തിഖര്‍ അഹമ്മദ്, ഇമാദ് വസീം, മുഹമ്മദ് അബ്ബാസ് അഫ്രിദി, മുഹമ്മദ് ആമിര്‍, മുഹമ്മദ് റിസ്വാന്‍, നസീം ഷാ, സയിം അയ്യൂബ്, ഷദബ് ഖാന്‍, ഷഹീന്‍ ഷാ അഫ്രിദി, ഇസ്മാന്‍ ഖാന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.