ഭാര്യ ആൺകുഞ്ഞിന് ജന്മം നൽകി; ഷഹീൻ അഫ്രീദിയുടെ വിക്കറ്റ് ആഘോഷം വൈറൽ!
text_fieldsഭാര്യ ആൺകുഞ്ഞിന് ജന്മം നൽകിയതിനു പിന്നാലെ പാകിസ്താൻ പേസർ ഷഹീൻ അഫ്രീദി നടത്തിയ വിക്കറ്റ് ആഘോഷം വൈറലാകുന്നു. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലെ നാലാം ദിനത്തിൽ ഹസൻ മഹ്മൂദിന്‍റെ വിക്കറ്റ് എടുത്തശേഷമായിരുന്നു താരത്തിന്‍റെ വേറിട്ട ആഘോഷം.
റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ടെസ്റ്റിൽ ബംഗ്ലാദേശ് ബാറ്റിങ്ങിനിടെ 163ാം ഓവറിലെ അവസാന പന്തിലാണ് ഹസൻ മഹ്മൂദിനെ താരം പുറത്താക്കുന്നത്. മിഡ് വിക്കറ്റിലേക്ക് വന്ന പന്ത് ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബാറ്റിന്‍റെ എഡ്ജിൽ തട്ടി പോയ പന്ത് വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ ഡൈവ് ചെയ്ത് കൈയിലൊതുക്കി. ഷഹീന്‍റെ മത്സരത്തിലെ ആദ്യ വിക്കറ്റായിരുന്നു. പിന്നാലെ കൈകൾ കോർത്ത് ആട്ടുന്ന രീതിയിലാണ് താരം വിക്കറ്റ് നേട്ടം ആഘോഷിച്ചത്.
തൊട്ടുപിന്നാലെ 77 റൺസെടുത്ത മെഹ്ദി ഹസൻ മിറാസിനെയും ഷഹീൻ പുറത്താക്കി. ഒന്നാം ഇന്നിങ്സിൽ ബംഗ്ലാദേശ് 565 റൺസെടുത്തു. മുഷ്ഫിഖുർ റഹീമിന്‍റെ 191 റൺസ് പ്രകടനമാണ് ടീം സ്കോർ 500 കടക്കുന്നതിൽ നിർണായകമായത്. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച പാകിസ്താൻ 10 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 23 റൺസെടുത്തിട്ടുണ്ട്. നേരത്തെ ഒന്നാം ഇന്നിങ്സ് 448 റൺസിന് ഡിക്ലയർ ചെയ്തിരുന്നു.
എതിരാളികളെ വേഗത്തിൽ എറിഞ്ഞിടാമെന്ന പാകിസ്താന്‍റെ പ്രതീക്ഷകൾ തെറ്റിക്കുന്നതായിരുന്നു ബംഗ്ലാദേശിന്‍റെ ബാറ്റിങ്. ഒരുദിവസം ബാക്കി നിൽക്കെ ടെസ്റ്റ് മത്സരം സമനിലയിൽ കലാശിക്കുമെന്ന ഏറെക്കുറെ ഉറപ്പായി. 94 റൺസിന് പിന്നിലാണ് നിലവിൽ പാകിസ്താൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.