പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യൻ സൈന്യത്തെ കുറ്റപ്പെടുത്തി മുൻ പാക് ക്രിക്കറ്റ് നായകൻ
text_fieldsലഹോർ: പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യൻ സൈന്യത്തെ കുറ്റപ്പെടുത്തി മുൻ പാകിസ്താൻ ക്രിക്കറ്റ് നായകൻ ഷഹീദ് അഫ്രീദി. ഭീകരാക്രമണത്തിനു കാരണം സൈന്യത്തിന്‍റെ സുരക്ഷ വീഴ്ചയാണെന്നും അവിടെ ഒരു പടക്കം പൊട്ടിയാൽപോലും ഇന്ത്യ പാകിസ്താനെ കുറ്റപ്പെടുത്തുന്നതാണ് പതിവെന്നും അഫ്രീദി പറഞ്ഞു. ഒരു പാക് മാധ്യമത്തോട് സംസാരിക്കുകയായിരുന്നു താരം.
‘കശ്മീരിൽ മാത്രം എട്ടു ലക്ഷം സൈനികരുണ്ട്, എന്നിട്ടും അത് സംഭവിച്ചു. ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ അതിനർഥം സൈന്യത്തിന് കാര്യക്ഷമതയില്ലെന്നാണ്’ -അഫ്രീദി പ്രതികരിച്ചു. പാകിസ്താനാണ് ഇതിനു പിന്നിലെന്ന് ഇന്ത്യയുടെ കൈയിൽ തെളിവൊന്നുമില്ല. എന്നിട്ടും അവർ കുറ്റപ്പെടുത്തുകയാണ്. ഇത് അങ്ങേയറ്റം അപലപനീയമായ നടപടിയാണ്. ഇത്തരം പ്രവർത്തനങ്ങൾ മേഖലയിൽ സാഹചര്യം കൂടുതൽ വഷളാക്കുകയും അസ്വസ്ഥത സൃഷ്ടിക്കുകയുമാണ് ചെയ്യുകയെന്നും താരം പറയുന്നു.
പരസ്പരം കുറ്റപ്പെടുത്താതെ, ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടതെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തെ ഇതു ബാധിക്കരുതെന്നും അഫ്രീദി വ്യക്തമാക്കി. ‘ചർച്ചകളിലൂടെ മാത്രമേ നമുക്കു മുന്നോട്ടു പോകാനാകു. അനാവശ്യമായ പഴിചാരലുകളും പോരാട്ടങ്ങളും സാഹചര്യം കൂടുതൽ വഷളാക്കും. കായിക മേഖലയിൽ, പ്രത്യേകിച്ച് ക്രിക്കറ്റിൽ രാഷ്ട്രീയ ഇടപെടലുകൾ ഇല്ലാതിരിക്കണം. അതാണു നല്ലത്’ -അഫ്രീദി പറഞ്ഞു.
രാഷ്ട്രീയബന്ധം വഷളായതിനെ തുടർന്ന് ഇന്ത്യ പാകിസ്താനുമായുള്ള ഉഭയകക്ഷി പരമ്പരകൾ നിർത്തിവെച്ചിരുന്നു. ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റിന് വേദിയായ പാകിസ്താനിലേക്ക് പോകാൻ വിസമ്മതിച്ചതോടെ ഇന്ത്യയുടെ മത്സരങ്ങൾ ഹൈബ്രിഡ് മോഡലിൽ ദുബൈയിലാണ് നടത്തിയത്. വർഷങ്ങളായി ഐ.സി.സി ടൂർണമെന്‍റിലും ഏഷ്യാ കപ്പിലും മാത്രമാണ് ഇരുരാജ്യങ്ങളും തമ്മിൽ മത്സരിക്കുന്നത്. 2008നു ശേഷം ഇന്ത്യ പാകിസ്താനിൽ പോയി ക്രിക്കറ്റ് കളിച്ചിട്ടില്ല. 2013ലാണ് അവസാനമായി ഇന്ത്യ-പാക് പരമ്പര നടന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.