‘ഞാൻ പൂർണമായും അതിനെതിരാണ്’; ഇന്ത്യയിലെ ലോകകപ്പ് ബഹിഷ്കരിക്കണമെന്ന ആഹ്വാനത്തോട് മുൻ പാക് സൂപ്പർതാരം
text_fieldsഇന്ത്യ വേദിയാകുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് പാകിസ്താൻ ബഹിഷ്കരിക്കണമെന്ന ആഹ്വാനത്തിനെതിരെ മുൻ സൂപ്പർ താരം ഷഹീദ് അഫ്രീദി. പാകിസ്താൻ ടീം ഇന്ത്യയിലേക്ക് പോയി ലോകകപ്പ് കിരീടം നേടണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് താരം പറഞ്ഞു.
നേരത്തെ, പാകിസ്താൻ വേദിയാകേണ്ട ഏഷ്യ കപ്പ് ഇന്ത്യയുടെ സമ്മർദത്തെ തുടർന്ന് പാകിസ്താനിലും ശ്രീലങ്കയിലുമായി നടത്താൻ തീരുമാനിച്ചിരുന്നു. നാലു മത്സരങ്ങൾ പാകിസ്താനിലും ഇന്ത്യയുടെ മത്സരങ്ങൾ ഉൾപ്പെടെ ബാക്കി ലങ്കയിലും നടക്കും. ഇതിനു പിന്നാലെയാണ് ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ബഹിഷ്കരിക്കണമെന്ന ആഹ്വാനം പാകിസ്താനിൽ ശക്തമായത്.
ഒക്ടോബർ 15ന് അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ലോകകപ്പിന്‍റെ ഗ്രൂപ്പ് മത്സരങ്ങളിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടുന്നുണ്ട്. നേരത്തെ, ഈ മത്സരത്തിന്‍റെ വേദി മാറ്റണമെന്ന് പാക് ക്രിക്കറ്റ് ബോർഡ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനോട് ആവശ്യപ്പെട്ടെങ്കിലും നിരസിക്കുകയാണുണ്ടായത്. ലോകകപ്പ് ബഹിഷ്കരിക്കുന്നതിനു പകരം പാകിസ്താൻ ഇന്ത്യയിൽ പോയി ലോകകപ്പ് കിരീടം നേടുകയാണ് വേണ്ടതെന്ന് അഫ്രീദി അഭിപ്രായപ്പെട്ടു.
‘നമ്മൾ ഇന്ത്യയിലേക്ക് പോകരുതെന്നും ബഹിഷ്കരിക്കണമെന്നുമാണ് ചിലർ പറയുന്നത്, പക്ഷേ ഞാൻ പൂർണമായും അതിനെതിരാണ്. നമ്മൾ അവിടെ പോയി ജയിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എപ്പോഴും സമ്മർദമുണ്ടാകും, പക്ഷേ ആ സമ്മർദത്തിൽ കളിക്കുന്നതാണ് രസകരം’ -അഫ്രീദി പറഞ്ഞു.
2005ൽ ബംഗളൂരുവിൽ നടന്ന ഒരു ടെസ്റ്റ് മത്സരം വിജയിച്ചതിന് ശേഷം പാകിസ്താൻ ടീമിന്‍റെ ബസിന് ആരാധകർ കല്ലെറിഞ്ഞതും മുൻ ഓൾ റൗണ്ടർ കൂടിയായ അഫ്രീദി ഓർത്തെടുത്തു. ‘ഞങ്ങൾ ഇന്ത്യയിൽ ഫോറും സിക്സും നേടുമ്പോൾ സ്റ്റേഡിയത്തിൽ ആരും അഭിനന്ദിക്കാറില്ല. ബംഗളൂരുവിൽ ടെസ്റ്റ് ജയിച്ചപ്പോൾ ഞങ്ങളുടെ ബസിന് നേരെ കല്ലേറുണ്ടായി’ -താരം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.