‘അവിടെ എന്താ പ്രേതബാധയുണ്ടോ?’ മോദി സ്റ്റേഡിയത്തിൽ കളിക്കില്ലെന്ന പാക് ക്രിക്കറ്റ് തീരുമാനത്തിനെതിരെ ഷാഹിദ് അഫ്രീദി
text_fieldsഅഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കളിക്കേണ്ടെന്ന പാക് ക്രിക്കറ്റ് ബോർഡിന്റെ (പി.സി.ബി) തീരുമാനത്തിനെതിരെ മുൻ താരം ഷാഹിദ് അഫ്രീദി. മോദി സ്റ്റേഡിയത്തിൽ ഇന്ത്യക്കെതിരെ ഏകദിന ലോകകപ്പ് കളിക്കില്ലെന്ന് നേരത്തെ പാകിസ്താൻ അറിയിച്ചിരുന്നു. മോദി സ്റ്റേഡിയത്തിൽ കളിക്കാൻ വിസ്സമതിക്കുന്നത് എന്തിനാണെന്നും അവിടെ പ്രേതബാധയുണ്ടോയെന്നും അഫ്രീദി ചോദിച്ചു.
‘എന്തുകൊണ്ടാണ് അവർ അഹമ്മദാബാദിലെ പിച്ചിൽ കളിക്കാൻ വിസമ്മതിക്കുന്നത്? അവിടെ എന്താ പ്രേതബാധയുണ്ടോ?. പോയി കളിക്കൂ, കളിക്കൂ, ജയിക്കൂ. ഇതൊക്കെയാണ് വെല്ലുവിളികളെങ്കിൽ, അവയെ മറികടക്കാനുള്ള ഏക മാർഗം വിജയമാണ്. പാകിസ്താൻ ടീമിന്റെ വിജയമാണ് പ്രധാനം’ -അഫ്രീദി പറഞ്ഞു.
പോസിറ്റീവായി എടുക്കണമെന്നും ഇന്ത്യക്ക് അവിടെയാണ് സൗകര്യമെങ്കിൽ നിങ്ങൾ പോയി, തിങ്ങിനിറഞ്ഞ ഇന്ത്യൻ കാണികളുടെ മുന്നിൽ വിജയം നേടുകയാണ് വേണ്ടതെന്നും താരം കൂട്ടിച്ചേർത്തു. നേരത്തെ, ഏഷ്യാകപ്പ് മത്സരങ്ങൾക്കായി ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്ക് വിടില്ലെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നു. ഇതോടെയാണ് ഹൈബ്രിഡ് മോഡലിൽ ടൂർണമെന്‍റ് നടത്താൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ നിർബന്ധിതരായത്.
പാകിസ്താനിലും ശ്രീലങ്കയിലുമായാണ് മത്സരങ്ങൾ നടക്കുക. ഇന്ത്യയുടേത് ഉൾപ്പെടെ ഒമ്പത് മത്സരങ്ങൾ ശ്രീലങ്കയിലും നാല് മത്സരങ്ങൾ പാകിസ്താനിലും നടക്കും. ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 17 വരെയാണ് ഏഷ്യകപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.