'ഷഹീൻ അഫ്രീദി ചികിത്സ നടത്തിയത് സ്വന്തം ചെലവിൽ, പാക് ക്രിക്കറ്റ് ബോർഡ് തിരിഞ്ഞുനോക്കിയില്ല'; വെളിപ്പെടുത്തലുമായി മുൻ നായകൻ
text_fieldsഅസ്ട്രേലിയ വേദിയാകുന്ന ട്വന്‍റി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പാകിസ്താൻ പ്രഖ്യാപിച്ചു. പരിക്കിൽനിന്ന് മുക്തനായ പേസർ ഷഹീൻ അഫ്രീദി ടീമിലേക്ക് തിരിച്ചെത്തി.
കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് കഴിഞ്ഞ ജൂലൈ മുതൽ ഷഹീൻ ടീമിനു പുറത്താണ്. ഏഷ്യ കപ്പ് ട്വന്‍റി20യിലും താരത്തിന് കളിക്കാനായില്ല. പക്ഷേ, നെതർലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരായ മത്സരത്തിൽ കളിച്ചില്ലെങ്കിലും ടീമിനൊപ്പം സജീവമായി ഷഹീനും ഉണ്ടായിരുന്നു. ടീം ഫിസിയോയുമായി അടുത്ത ബന്ധം പുലർത്തുന്നതിന്‍റെ ഭാഗമായാണ് ടീമിനൊപ്പം താരവും പോയത്.
കഴിഞ്ഞമാസം തുടർചികിത്സയുടെ ഭാഗമായി ഷഹീൻ ഇംഗ്ലണ്ടിലായിരുന്നു. ഇതിനിടെയാണ് പാക് ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണവുമായി മുൻ നായകനും ബാറ്ററുമായ ശാഹിദ് അഫ്രീദി രംഗത്തുവന്നിരിക്കുന്നത്. ഇംഗ്ലണ്ടിലെ താരത്തിന്‍റെ ചികിത്സക്കായി പാക് ക്രിക്കറ്റ് ബോർഡ് ഒന്നും ചെയ്തില്ലെന്ന് ശാഹിദ് പറയുന്നു. താരം സ്വന്തം കൈയിൽനിന്ന് പണമെടുത്താണ് ചികിത്സ നടത്തിയതെന്നും കൂട്ടിച്ചേർത്തു.
'ഞാൻ ഷഹീനെ കുറിച്ച് പറയുമ്പോൾ.. അവൻ സ്വന്തം ചെലവിലാണ് ഇംഗ്ലണ്ടിലേക്ക് പോയത്. സ്വന്തമായി ടിക്കറ്റെടുത്തു, ഹോട്ടലിൽ താമസിച്ചത് സ്വന്തം കൈയിൽനിന്ന് പണമെടുത്ത്. ഞാനാണ് അവന് ഡോക്ടറെ ഏർപ്പാടാക്കിയത്, പാക് ക്രിക്കറ്റ് ബോർഡ് (പി.സി.ബി) ഒന്നും ചെയ്തില്ല, അവൻ സ്വന്തമായാണ് എല്ലാം ചെയ്തത്' -ശാഹിദ് അഫ്രീദി വെളിപ്പെടുത്തി.
ഡോക്ടറെ കാണുന്നതിനും ഹോട്ടൽ മുറിക്കും ഭക്ഷണത്തിനും സ്വന്തം കൈയിൽനിന്നാണ് പണം ചെലവഴിച്ചത്. പി.സി.ബിയുടെ രാജ്യാന്തര മത്സരങ്ങളുടെ ഡയറക്ടറായ സക്കീർ ഖാൻ രണ്ടു തവണ ഷഹീനെ വിളിക്കുക മാത്രമാണ് ചെയ്തതെന്നും അഫ്രീദി കൂട്ടിച്ചേർത്തു.
അതേസമയം, ട്വന്‍റി20 ടീമിനെ പ്രഖ്യാപിക്കുമ്പോൾ, ചീഫ് സെലക്ടർ വസിം, ഷഹീന് പരിക്ക് ഭേദമായതായും അടുത്തമാസം മുതൽ ബൗളിങ് പരിശീലനം ആരംഭിക്കാനാകുമെന്നും പറയുന്നുണ്ടായിരുന്നു. ലോകകപ്പിനു മുന്നോടിയായി ന്യൂസിലാൻഡ്, ബംഗ്ലാദേശ് ടീമുകളോട് പാകിസ്താൻ ട്വന്‍റി20 മത്സരങ്ങൾ കളിക്കുന്നുണ്ട്. ഒക്ടോബർ ഏഴു മുതൽ 14 വരെ ക്രൈസ്റ്റ്ചർച്ചിലാണ് മത്സരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.