ഗ്രൗണ്ടിലെ 'കലിതുള്ളൽ': ഷാക്കിബിന് മൂന്ന് കളിയിൽ വിലക്ക്; അഞ്ചുലക്ഷം ടാക്ക പിഴ
text_fieldsധാക്ക: ഔട്ട് അനുവദിക്കാത്ത അമ്പയറിനോടുള്ള ദേഷ്യത്തിൽ വിക്കറ്റിൽ ചവിട്ടിയും സ്റ്റമ്പുകൾ വലിച്ചൂരി നിലത്തടിച്ചും ഗ്രൗണ്ടിൽ മോശമായി പെരുമാറിയ ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസന് ധാക്ക പ്രീമിയർ ലീഗിൽ മൂന്ന് കളിയിൽ വിലക്ക്. അഞ്ച് ലക്ഷം ബംഗ്ലാദേശി ടാക്ക പിഴയും ഷാക്കിബിൽ നിന്ന് ഈടാക്കും.
കഴിഞ്ഞ ദിവസം ധാക്ക പ്രീമിയർ ലീഗിൽ അബഹാനി ലിമിറ്റഡുമായി നടന്ന മത്സരത്തിനിടെയാണ് മുഹമ്മദൻ സപോർട്ടിങ് ക്ലബിന്‍റെ നായകനായ ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാക്കിബ് അമ്പയറിനോടുള്ള ദേഷ്യം വിക്കറ്റിനോട് പ്രകടിപ്പിച്ചത്. അപ്പീൽ ചെയ്തിട്ടും അമ്പയർ ഔട്ട് അനുവദിക്കാത്തതിനെ തുടർന്ന് നിയന്ത്രണം വിട്ട ഷാക്കിബ് വിക്കറ്റിൽ ചവിട്ടി രോഷം തീർക്കുകയായിരുന്നു. അമ്പയറിനോട് തട്ടിക്കയറിയ ഷാക്കിബിനെ സഹതാരങ്ങളെത്തിയാണ് അനുനയിപ്പിച്ചത്.
മറ്റൊരു സന്ദർഭത്തിൽ അമ്പയറിന് നേരെ ദേഷ്യപ്പെട്ട് വന്ന ഷാക്കിബ് മൂന്ന് സ്റ്റമ്പുകളും വലിച്ചൂരി നിലത്തടിക്കുകയും ചെയ്തു. ഈ രണ്ട് സംഭവങ്ങളുടെയും വിഡിയോ വൈറലായതോടെ ഷാക്കിബിനെതിരെ വൻ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തിന്റെ വിഡിയോ വൈറലായതോടെ ഷാക്കിബിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്. ഈ പശ്ചാത്തലത്തിലാണ് താരത്തിനെതിരെ വിലക്കും പിഴയും ചുമത്തിയത്.
അതിനിടെ, വിഷയത്തിന്‍റെ ഗൗരവം പരിശോധിക്കാതെ ഷാക്കിബിനെ വില്ലനായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഭാര്യ ഉമ്മെ അഹമ്മദ് ശിശിർ അഭിപ്രായപ്പെട്ടു. ഷാക്കിബിനെ വിമർശിക്കുന്നവർ അദ്ദേഹത്തിന്‍റെ ദേഷ്യം മാത്രമാണു ഉയർത്തിക്കാട്ടുന്നതെന്നും അമ്പയറുടെ തെറ്റായ തീരുമാനത്തെക്കുറിച്ചു മിണ്ടുന്നില്ലെന്നുംഅവർ സമൂഹമാധ്യമത്തിൽ കുറിച്ചു.
'സംഭവത്തെക്കുറിച്ചു കൃത്യമായി മനസ്സിലാക്കിയവര്‍ വലിയ പിന്തുണ നൽകുന്നുണ്ട്. ഈ അസമത്വങ്ങൾക്കെതിരെ എല്ലാവരും രംഗത്തെത്തണം. അദ്ദേഹത്തിന്‍റെ രോഷം മാത്രമാണു മാധ്യമങ്ങൾ കണ്ടത്. പ്രധാന പ്രശ്നങ്ങൾ മറച്ചുവെക്കപ്പെട്ടിരിക്കുകയാണ്. അമ്പയറുടെ തെറ്റായ തീരുമാനങ്ങളാണു പ്രധാന വിഷയം. ഇത് ഷാക്കിബ് അൽ ഹസനെതിരായ നീക്കമാണ്. അദ്ദേഹത്തെ വില്ലനായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നു'- ഉമ്മെ അഹമ്മദ് ശിശിര്‍ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.