ഔട്ട് അനുവദിക്കാത്തതിൽ കലി; വിക്കറ്റിൽ ചവിട്ടിയും സ്റ്റമ്പ് ഊരി നിലത്തടിച്ചും ഷാക്കിബ്
text_fieldsധാക്ക: ഔട്ട് അനുവദിക്കാത്ത അമ്പയറിനോടുള്ള ദേഷ്യത്തിൽ വിക്കറ്റിൽ ചവിട്ടിയും സ്റ്റമ്പുകൾ ഊരി നിലത്തടിച്ചും ബാംഗ്ലാദേശ് ക്രിക്കറ്റ് താരത്തിന്‍റെ 'പ്രകടനം'. 2021 ധാക്ക പ്രീമിയർ ലീഗിൽ മുഹമ്മദൻ സ്പോർടിങ് ക്ലബിന് വേണ്ടി കളിക്കുന്ന ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസൻ ആണ് മോശം പെരുമാറ്റത്തിന്‍റെ പേരിൽ വിവാദത്തിലായത്.
മുഹമ്മദനും അബഹാനി ലിമിറ്റഡും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. ആദ്യം ബാറ്റുചെയ്ത മുഹമ്മദൻ 20 ഓവറിൽ 145 റൺസെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ അബഹാനിക്കെതരെ ഷാക്കിബ് ബൗളിങിന് എത്തിയപ്പോളായിരുന്നു വിവാദ സംഭവം.
ബാംഗ്ലാദേശ് ടീമിൽ ഷാക്കിബിന്‍റെ സഹതാരമായ മുഷ്ഫിഖർ റഹീമായിരുന്നു ക്രീസിൽ. ഒരു പന്തിൽ ഷാക്കിബ് മുഷ്ഫിഖറിനെതിരെ എൽ.ബി.ഡബ്ല്യു ആവശ്യപ്പെട്ട് അപ്പീൽ ചെയ്തു. എന്നാൽ, അമ്പയർ ഔട്ട് അനുവദിച്ചില്ല. വിക്കറ്റിൽ ചവിട്ടിയാണ് ഷാക്കിബ് ഇതിന്‍റെ ദേഷ്യം തീർത്തത്. അമ്പയറോടു തര്‍ക്കിച്ചുനിന്ന ഷാക്കിബിനെ സഹതാരങ്ങൾ ഓടിയെത്തിയാണ് അനുനയിപ്പിച് അൽ ഹസനെ സമാധാനിപ്പിച്ചത്. മത്സരത്തിനിടെ അമ്പയറിനോട് തർക്കിച്ച് ഷാക്കിബ് സ്റ്റമ്പുകൾ വലിച്ചൂരി നിലത്തടിക്കുകയും ചെയ്തു. രണ്ട് സംഭവങ്ങളുടെയും വിഡിയോ വൈറലാണ്. അതേസമയം, ഷാക്കിബിനെതിരെ ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് നടപടിയൊന്നും പ്രഖ്യാപിച്ചിട്ടില്ല.
ധാക്ക പ്രീമിയർ ലീഗ് സീസണിൽ ഷാക്കിബിന്‍റെ പ്രകടനം അത്ര മെച്ചമല്ല. ആദ്യ ആറു മത്സരങ്ങളിൽ 73 റൺസ് മാത്രമാണു താരത്തിനു നേടാനായത്. പ്രശ്നങ്ങളുണ്ടാക്കിയ മത്സരത്തിൽ 27 പന്തിൽനിന്ന് 37 റൺസാണെടുത്തത്. കഴിഞ്ഞമാസം ശ്രീലങ്കയ്ക്കെതിരെ നടന്ന ഏകദിന പരമ്പരയിലും ഷാക്കിബിന്‍റെ പ്രകടനം മോശമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.