നാണംകെട്ട് ആസ്ട്രേലിയ; വമ്പൻ ജയത്തോടെ ഇന്ത്യക്ക് പരമ്പര
text_fieldsഇൻഡോർ: ഓസീസ് ബൗളിങ് നിരയെ അടിച്ചൊതുക്കിയ ഇന്ത്യൻ ബാറ്റർമാർക്ക് പിറകെ ബൗളർമാരും നിറഞ്ഞാടിയതോടെ ആസ്ട്രേലിയക്കെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് വമ്പൻ ജയം. മഴ കാരണം ഇടക്ക് തടസ്സപ്പെട്ട മത്സരത്തിൽ ഡക്ക്‍വർത്ത് ലൂയിസ് നിയമപ്രകാരം 99 റൺസിനായിരുന്നു ഇന്ത്യൻ ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഒരു മത്സരം ശേഷിക്കെ ഇന്ത്യ സ്വന്തമാക്കി. ഇന്ത്യയുടെ 399 റൺസിന് മറുപടിയായി 33 ഓവറിൽ 317 റൺസെടുക്കേണ്ടിയിരുന്ന ആസ്ട്രേലിയയുടെ എല്ലാ വിക്കറ്റും 28.2 ഓവറിൽ 217 റൺസെടുക്കുന്നതിനിടെ നിലംപൊത്തുകയായിരുന്നു. ഇന്ത്യക്കായി രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജദേജ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ പ്രസിദ്ധ് കൃഷ്ണ രണ്ടും മുഹമ്മദ് ഷമി ഒന്നും വിക്കറ്റ് നേടി. 36 പന്തിൽ 54 റൺസെടുത്ത സീൻ അബ്ബോട്ടാണ് ഓസീസിന്റെ ടോപ് സ്കോറർ. ഡേവിഡ് വാർണർ 53 റൺസ് നേടി. മാത്യു ഷോർട്ട് (9), സ്റ്റീവൻ സ്മിത്ത് (0), മാർനസ് ലബൂഷെയ്ൻ (27), ജോഷ് ഇംഗ്ലിസ് (6), അലക്സ് ക്യാരി (14), കാമറൂൺ ഗ്രീൻ (19), ആദം സാംബ (5), ജോഷ് ഹേസൽവുഡ് (23), സ്പെൻസർ ജോൺസൻ (0*) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന.
നേരത്തെ ഓപണർ ശുഭ്മാൻ ഗില്ലിന്റെയും വൺഡൗണായെത്തിയ ശ്രേയസ് അയ്യരുടെയും ഉജ്വല സെഞ്ച്വറികൾക്കും സൂര്യകുമാർ യാദവിന്റെയും കെ.എൽ രാഹുലിന്റെയും ഇഷാൻ കിഷന്റെയുമെല്ലാം വെടിക്കെട്ടുകൾക്കും സാക്ഷിയായ മത്സരത്തിൽ ഇന്ത്യ 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 399 റൺസായിരുന്നു.
ശ്രേയസ് 90 പന്തിൽ മൂന്ന് സിക്സും ആറ് ഫോറുമായി 105 റൺസും ഗിൽ 97 പന്തിൽ നാല് സിക്സും ആറ് ഫോറും സഹിതം 104 റൺസുമെടുത്തപ്പോൾ തുടർന്നെത്തിയ ആരും മോശമാക്കിയില്ല. കെ.എൽ. രാഹുൽ 38 പന്തിൽ മൂന്ന് സിക്സും അത്രയും ഫോറുമടിച്ച് 52 റൺസും ഇഷാൻ കിഷൻ 18 പന്തിൽ രണ്ട് സിക്സും രണ്ട് ഫോറും സഹിതം 31 റൺസും അടിച്ചപ്പോൾ അവസാന ഓവറുകളിൽ സൂര്യകുമാർ യാദവിന്റെ വിളയാട്ടമായിരുന്നു. വെറും 37 പന്തുകളിൽ ആറ് സിക്സും ആറ് ഫോറും സഹിതം പുറത്താകാതെ 72 റൺസാണ് താരം അടിച്ചുകൂട്ടിയത്. പന്തെറിഞ്ഞ ഓസീസ് ബൗളർമാരെല്ലാം കണക്കിന് തല്ലുവാങ്ങി.
ടോസ് നേടിയ ആസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്കോർ ബോർഡിൽ 16 റൺസ് ആയപ്പോഴേക്കും 12 പന്തിൽ എട്ട് റൺസെടുത്ത ഓപണർ ഋതുരാജ് ഗെയ്ക്‍വാദ് മടങ്ങി. ജോഷ് ഹേസൽവുഡിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് കാരി പിടികൂടുകയായിരുന്നു. പിന്നീട് ഒത്തുചേർന്ന ഗില്ലും ശ്രേയസും ചേർന്ന് ഓസീസ് ബൗളർമാർക്ക് അവസരം നൽകാതെ മുന്നേറുകയായിരുന്നു. സീൻ അബ്ബോട്ടിന്റെ പന്തിൽ മാത്യു ഷോർട്ട് പിടികൂടിയായിരുന്നു ശ്രേയസിന്റെ മടക്കം. രണ്ടാം വിക്കറ്റിൽ 164 പന്തിൽ 200 റൺസ് ചേർത്താണ് ഇരുവരും പിരിഞ്ഞത്.
ആസ്ട്രേലിയക്കായി കാമറൂൺ ഗ്രീൻ പത്തോവറിൽ 103 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ജോഷ് ഹേസൽവുഡ്, സീൻ അബ്ബോട്ട്, ആദം സാംബ എന്നിവർ ഓരോ വിക്കറ്റ് നേടി. പരമ്പരയിലെ അവസാന ഏകദിനം ബുധനാഴ്ച രാജ്കോട്ടിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.