‘‘ഷമി വന്നു പറഞ്ഞു, ഞാൻ കളി നിർത്തുകയാണ്. അയാളെ ഞാൻ രവി ശാസ്ത്രിയുടെ അടുത്തെത്തിച്ചു..’’- വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ കോച്ച്
text_fieldsവ്യക്തിപരമായ പ്രശ്നങ്ങൾ പലതു നേരിട്ടിട്ടും ഇന്ത്യൻ പേസ് ആക്രമണത്തിന്റെ നട്ടെല്ലായി ഇപ്പോഴും തുടരുകയാണ് മുഹമ്മദ് ഷമി. ഏറ്റവുമൊടുവിൽ ആസ്ട്രേലിയക്കെതിരായ മത്സരത്തിലും ഷമിയും സിറാജുമായിരുന്നു ഇന്ത്യൻ പേസ് ആക്രമണം നയിച്ചത്.
എന്നാൽ, 2018ൽ താരം കളി നിർത്താൻ ഉദ്ദേശിച്ചിരുന്നുവെന്ന് പറയുന്നു, മുൻ ബൗളിങ് പരിശീലകനായിരുന്ന ഭരത് അരുൺ. ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പായിരുന്നു സംഭവം. വ്യക്തിപരമായ കാരണങ്ങളായിരുന്നു താരത്തെ വലിയ തീരുമാനത്തിലെത്തിച്ചത്. പരിക്കുമൂലം പുറത്തിരുന്നതും യോ യോ പരീക്ഷയിൽ പരാജയമായതും അടക്കം നിരവധി കാരണങ്ങൾ. യോ യോ ഫിറ്റ്നസ് പരീക്ഷ ജയിക്കാതെ ടീമിന് പുറത്തായതോടെ മാനസിക സമ്മർദവുമേറി. ഈ സമയത്താണ് താരം വന്ന് വിഷയം ധരിപ്പിച്ചതെന്ന് ഭരത് അരുൺ പറയുന്നു. ‘രോഷപ്പെട്ടു നിൽക്കുകയാണ് ഞാൻ. എനിക്ക് കളി നിർത്തണം’’- എന്നായിരുന്നു ആവശ്യം. ഉടൻ ഷമിയെയും കൂട്ടി രവി ശാസ്ത്രിക്കടുത്തെത്തി. വിഷയം അന്വേഷിച്ചപ്പോൾ ഇനി കളിക്കേണ്ടെന്ന് ശാസ്ത്രിയോടും ഷമി പറഞ്ഞു. കളി നിർത്തിയിട്ട് പിന്നെ എന്തു ജോലി എടുക്കുമെന്നായി ശാസ്ത്രിയുടെ ചോദ്യം. പന്തു കൈയിലെടുത്താൽ നന്നായി പന്തെറിയാൻ നിനക്കാകും. അതിനാൽ നാലാഴ്ച ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പോകാൻ ആവശ്യപ്പെട്ടു.
അതോടെ ശരിക്കും മാറിയ ഷമി പിന്നെയെല്ലാം തിരിച്ചുപിടിച്ചത് അതിവേഗത്തിൽ. കൊൽക്കത്തയിലേക്കു പോകുന്നത് അതിലേറെ വലിയ കുഴപ്പങ്ങളുണ്ടാക്കുമായിരുന്ന ഘട്ടത്തിൽ ബംഗളൂരുവിലെ ദേശീയ അക്കാദമിയിൽ നാലിനു പകരം അഞ്ചാഴ്ച നിന്നായിരുന്നു തിരിച്ചുവരവ്. ശരീരത്തിന്റെ ഫിറ്റ്നസ് വീണ്ടെടുത്തും മാനസിക നില ശരിപ്പെടുത്തിയും ഒന്നാം നമ്പർ പേസറായി ഷമി വീണ്ടും കളി തുടങ്ങി.
അഫ്ഗാൻ പരമ്പര നഷ്ടമായ താരം ഇംഗ്ലണ്ട് പര്യടനത്തിന് വീണ്ടും ടീമിലെത്തി. അഞ്ചു ടെസ്റ്റുകളിലും താരം കളിക്കുകയും ചെയ്തു. ഇശാന്ത് ശർമക്കു ശേഷം ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരനും ഷമിയായി. എന്നാൽ, പരമ്പര ദയനീയമായി ഇന്ത്യ തോറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.