ഷമി സൂപ്പർ ഹീറോയാടാ
text_fieldsമുംബൈ: ഏകദേശം നാലുവർഷം മുമ്പ് ഹാമിൽടണിൽ ന്യൂസിലൻഡിനെതിരായ ട്വന്റി20 മത്സരത്തിൽ അവസാന ഓവറിൽ ഹീറോയിസം കാണിച്ച് ഇന്ത്യയെ ജയിപ്പിച്ച ഷമി. ആ മത്സരശേഷം സഹതാരം സഞ്ജു സാംസന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഒരു വിഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. ടേബ്ൾ ടെന്നിസ് കളിക്കുന്ന ഷമി സഞ്ജുവിനെ കെട്ടിപ്പിടിച്ച് പറയുന്ന മലയാള സിനിമ ഡയലോഗ്. ‘ഷമി ഹീറോയാടാ ഹീറോ’. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ കഥാപാത്രമായ ഷമ്മിയെ അവിസ്മരണീയമാക്കിയ ഫഹദ് ഫാസിൽ പറയുന്ന ‘ഷമ്മി ഹീറോയാടാ, ഹീറോ’ എന്ന ഡയലോഗാണ് മാറ്റംവരുത്തി അവതരിപ്പിച്ചത്. അന്ന് അവസാന ഓവറിൽ ഒമ്പത് റൺസായിരുന്നു ന്യൂസിലൻഡിന് വേണ്ടിയിരുന്നത്. പന്തെറിയുന്നത് ഷമി. ആദ്യപന്തിൽ സിക്സും രണ്ടാം പന്തിൽ ഒരു റൺസും നേടി കിവികൾ വിജയത്തിനരികിലെത്തി. ക്യാപ്റ്റൻ കെയ്ൻ വില്യംസണെയും റോസ് ടെയ്ലറെയും പുറത്താക്കിയ ഷമിയുടെ മികവിൽ സ്കോർ ടൈ ആയി. ഒടുവിൽ സൂപ്പർഓവറിൽ ജയം ഇന്ത്യക്കായിരുന്നു.
കിവികൾക്കെതിരെ അവിസ്മരണീയ പ്രകടനം നടത്തി ഹീറോക്കപ്പുറം സൂപ്പർ ഹീറോയാകുമ്പോൾ ക്രിക്കറ്റ് ആരാധകർക്കിടയിൽ വിരാട് കോഹ്ലിക്കൊപ്പം ചർച്ചാവിഷയം ഷമിയാണ്. വാംഖഡെയിൽ കഴിഞ്ഞദിവസം രാത്രി ബൗളിങ് എൻഡിലേക്ക് നടക്കുന്ന ഷമിക്ക് അത്യുച്ചത്തിൽ പ്രോത്സാഹനമേകാൻ കോഹ്ലി ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. ഗാലറികൾ പിന്നീട് ‘ഷമീ’, ‘ഷമീ’ വിളികളാൽ മുഖരിതമായി. എട്ടാം നമ്പറിൽ ബാറ്റിങ് ഓൾറൗണ്ടറെ ബാറ്റിങ്ങിന് ഇറക്കണമെന്ന ഇന്ത്യയുടെ ആഗ്രഹം കാരണം ആദ്യ നാല് മത്സരങ്ങളിൽ പവിലിയനിലിരുന്ന് കളി കാണേണ്ടിവന്ന ഷമി ആറ് മത്സരങ്ങളിൽനിന്ന് 23 വിക്കറ്റുകളാണ് ഈ ലോകകപ്പിൽ കൊയ്തത്. അതും 10.9 എന്ന സ്ട്രൈക്ക് റേറ്റിൽ.
ബംഗ്ലാദേശിനെതിരെ ഹാർദിക് പാണ്ഡ്യയുടെ പരിക്കാണ് ടീം അധികൃതരെ മാറ്റിച്ചിന്തിപ്പിച്ചത്. ന്യൂസിലൻഡിനെതിരെ ധർമശാലയിൽ അരങ്ങേറി അഞ്ചു വിക്കറ്റാണ് താരം സ്വന്തമാക്കിയത്. ഒതുക്കപ്പെട്ടെങ്കിലും ഈ ബൗളർ മാനസികമായി തളർന്നില്ല. തിരിച്ചുവരവിന് അത്യധികം ആഗ്രഹിച്ചു. ടീം കോമ്പിനേഷൻ കാരണം ഷമിയെ ടീമിലെത്തിക്കാൻ ബുദ്ധിമുട്ടായിരുന്നുവെന്നും കളിക്കാതിരുന്നപ്പോഴും അദ്ദേഹം നിരാശയിലായിരുന്നില്ലെന്നും ഇന്ത്യയുടെ ബാറ്റിങ് കോച്ച് വിക്രം റാത്തോഡ് പറഞ്ഞു.
വൈവിധ്യമാർന്ന ബൗളിങ്ങിലൂടെയാണ് കിവീസിനെതിരെ സെമിഫൈനലിൽ ഷമി തകർത്താടിയത്. ഓരോ വിക്കറ്റിലും ഇത് വ്യക്തമായിരുന്നു. ബാറ്റർമാർക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നതാണ് പന്തുകളെന്ന് ബാല്യകാല പരിശീലകനായിരുന്ന മുഹമ്മദ് ബദറുദ്ദീൻ പറയുന്നു. സീമിന്റെ സ്ഥാനവും പന്ത് റിലീസ് ചെയ്യുന്ന രീതിയും കൃത്യമാണെന്നും ബദറുദ്ദീൻ പറഞ്ഞു. കഴിവും കഠിനാധ്വാനവും വിജയം കൊണ്ടുവരുമെന്നും കഴിവുകൾ മൂർച്ചകൂട്ടാൻ എത്രസമയം വേണമെങ്കിലും ഷമി ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് ടൈറ്റൻസിലെ സഹതാരം കൂടിയായ കെയ്ൻ വില്യംസണും ഇതേ അഭിപ്രായമാണ്. അഹ്മദാബാദിൽ ഒരു ഷമി കൊടുങ്കാറ്റ് വീണ്ടും വീശുമെന്നാണ് ആരാധക പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.