ലബുഷെയ്നിന് മാനസിക രോഗമെന്ന് സൈമണ്ട്സ്, ശല്യക്കാരനെന്ന് വോൺ; ആസ്ട്രേലിയയിൽ കമന്‍ററി വിവാദം
text_fieldsസിഡ്നി: കമന്‍ററി ബോക്സിൽ ആസ്ട്രേലിയൻ ബാറ്റ്സ്മാൻ മാർനസ് ലബുഷെയ്നിനെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയ മുൻ താരങ്ങളായ ഷെയ്ൻ വോണും ആൻഡ്രു സൈമണ്ട്സും പുലിവാല് പിടിച്ചു.
വെള്ളിയാഴ്ച അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സും മെൽബൺ റെനഗെഡ്സും തമ്മിൽ നടന്ന ബിഗ്ബാഷ് ലീഗ് മത്സരത്തിനിടെയാണ് സംഭവം. തങ്ങളുടെ സംഭാഷണം ഫോക്സ് സ്പോർട്സിന്റെ സ്ട്രീമിങ് സേവനമായ കായോയിലൂടെ പുറംലോകം അറിയുന്നുണ്ടെന്ന കാര്യമറിയാതെയാണ് വോണും സൈമണ്ട്സും സംസാരിച്ചത്.
ൈവറലായ വിഡിയോക്കിടെ ലബുഷെയ്നിന്റെ ബാറ്റിങ് ശൈലിയെയും കളിക്കളത്തിലെ പെരുമാറ്റരീതിയെയുമാണ് അവർ വിമർശിച്ചത്. അറ്റൻഷൻ ഡെഫിസിറ്റ് ഡിസോഡർ (എ.ഡി.ഡി) ആണ് ലബുഷെയ്നിനെന്നായിരുന്നു സൈമണ്ട്സിന്റെ പരാമർശം. നാഡീവികാസവുമായി ബന്ധപ്പെട്ട് കുട്ടികളിലുണ്ടാകുന്ന ഒരു മാനസികരോഗമാണ് അറ്റൻഷൻ ഡെഫിസിറ്റ് ഡിസോർഡർ. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക, അമിതമായ ശാരീരിക പ്രവർത്തനങ്ങൾ, ഒരാളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തിൽ പെരുമാറ്റം നിയന്ത്രിക്കാൻ കഴിയാതിരിക്കുക തുടങ്ങിയവയാണ് ഈ രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങൾ.
'ശല്യപ്പെടുത്തുന്നവൻ' എന്നാണ് വോൺ ലബുഷെയ്നിനെ വിശേഷിപ്പിച്ചത്. സ്വന്തം രാജ്യത്തെ ഭാവിതാരമായി വിലയിരുത്തപ്പെടുന്ന ലബുഷെയ്നിനെതിരെ ഇത്തരം പ്രസ്താവനകൾ നടത്തിയ മുൻതാരങ്ങൾക്കെതിരെ നിരവധി പേർ രംഗത്തെത്തി. സംഭവം വിവാദമായതോടെ കായോ ക്ഷമാപണം നടത്തി.
2019 ആഷസ് പരമ്പരക്കിടെ സ്റ്റീവൻ സ്മിത്തിന്റെ പകരക്കാരനായി ടെസ്റ്റ് ചരിത്രത്തിലെ ആദ്യ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായാണ് ലബുഷെയ്ൻ ഓസീസ് ജഴ്സിയണിഞ്ഞ് തുടങ്ങിയത്. തുടർന്നിങ്ങോട്ട് സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന താരം കംഗാരുക്കളുടെ ടീമിലെ അവിഭാജ്യ ഘടകമായി മാറാൻ അധികം സമയമെടുത്തില്ല. 16 ടെസ്റ്റുകളിൽ നിന്നായി 1588 റൺസാണ് താരം വാരിക്കൂട്ടിയത്. 58.81 റൺസാണ് ശരാശരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.