Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅന്ന് വോൺ അവതരിച്ചു,...

അന്ന് വോൺ അവതരിച്ചു, ദക്ഷിണാഫ്രിക്കൻ സ്വപ്നങ്ങളുടെ ബെയ്ൽ അടർന്നു; സെമിക്ക് മുമ്പൊരു ഫ്ലാഷ്ബാക്ക്...

text_fields
bookmark_border
shane warne
cancel
വോണി​ന്റെ ഓരോ പന്തും ഒരോ ചെറിയ യുദ്ധങ്ങളായി പരിണമിച്ചു. തൊണ്ട പൊട്ടുമാറുള്ള വോണി​ന്റെ ആവർത്തിച്ചുള്ള ‘കമോൺ’ വിളി എഡ്​ജ്​ബാസ്​റ്റണിലെ ആർത്തലക്കുന്ന ഗാലറിയെയും മറികടന്ന്​ ദക്ഷിണാഫ്രിക്കൻ ക്യാമ്പിലേക്ക്​ ഇരച്ചെത്തി. ഡ്രസിങ്​ റൂമിൽ ഭയം പടർന്നു...

1999 ജൂൺ 17: എഡ്​ജ്​ബാസ്​റ്റൺ, ബർമിങ്ഹാം. ലോകകപ്പ്​ രണ്ടാം സെമി

കദിന ​ക്രിക്കറ്റിലെ എക്കാലത്തെയും മഹത്തായ മത്സരങ്ങളി​ലൊന്നായി വാഴ്​ത്തപ്പെടുന്ന ആസ്​ട്രേലിയ-ദക്ഷിണാഫ്രിക്ക സെമി ഫൈനലി​ൽ സകലരുടെയും മനസ്സിൽ പതിഞ്ഞുകിടക്കുന്ന ചിത്രം അവസാന ഓവറിൽ റണ്ണൗട്ടായി തലകുനിച്ച്​ പിച്ചിലിരിക്കുന്ന അലൻ ഡൊണാൾഡി​ന്റെയും ആർത്തുവിളിച്ച്​ ആഘോഷിക്കുന്ന കങ്കാരുക്കളുടേതുമായിരിക്കും. ഓരോ പന്തിലും ഉദ്വേഗം നിറഞ്ഞുനിന്ന ഇരുടീമുകളുടെയും ഇന്നിങ്​സുകൾക്കൊടുവിൽ മത്സരം ടൈയിൽ അവസാനിച്ചു. പ്രാഥമിക റൗണ്ടിലെ പ്രകടനത്തി​ന്റെ ബലത്തിൽ ആസ്​ട്രേലിയ ​ഫൈനലിലേക്ക്​ ടിക്കറ്റ്​ നേടി, പിന്നീടും കപ്പുമുയർത്തി. ഡാമിയൻ ഫ്ലെമിങ്ങിന്റെ അവസാന ഓവറിലേക്കും ആ ടൂർണമെന്റിൽ അതുവരെ അപരാജിതനായി നിലകൊണ്ട ലാൻസ്​ ക്ലൂസ്​നർ ഒരുദുരന്തനായകനെപ്പോലെ പിച്ചിൽനിന്ന്​ മടങ്ങുന്നതിലേക്കും ചുരുങ്ങിപ്പോകുന്നതായിരുന്നില്ല ആ കളിയുടെ തലം. യഥാർഥത്തിൽ അതിനും മൂന്നുമണിക്കൂർ മുമ്പ്​ ദക്ഷിണാഫ്രിക്കൻ ഇന്നിങ്​സി​ന്റെ 13ാം ഒാവറിൽ തന്നെ കളിയുടെ വിധി കുറിച്ചുകഴിഞ്ഞിരുന്നു.

സർവപ്രതാപിയായ മക്​ഗ്രാത്തിനെയും ഡാമിയൻ ഫ്ലെമിങ്ങിന്റെയും പോൾ റീഫിലി​ന്റെയും കൃത്യതയാർന്ന ഔട്ട്​ സ്വിംഗറുകളേയും അനായാസം തകർത്ത്​ മുന്നേറിയ ദക്ഷിണാഫ്രിക്കൻ ഓപണർമാർക്ക്​ മുന്നിലേക്ക്​ ഷെയ്​ൻ​ വോൺ അവതരിക്കുന്നത്​ 11ാം ഒാവറിലാണ്​. ത​ന്റെ ക്രിക്കറ്റ്​ ജീവിതത്തിലെ ഏറ്റവും മോശം കാലത്തിലൂടെ കടന്നുപോകുകയായിരുന്നു അപ്പോൾ വോൺ. കളിയാക​ട്ടെ, മെല്ലെ ആഫ്രിക്കൻ തീരത്തേക്ക്​ അണയുന്നതി​ന്റെ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങുകയും ചെയ്​ത ഘട്ടം. പക്ഷേ, ത​ന്റെ എട്ടാമത്തെ പന്തിൽ വോൺ ആഫ്രിക്കൻ നിരയുടെ കാൽക്കീഴിൽനിന്ന്​ പരവതാനി വലിച്ചുയർത്തിയെടുത്തു. ഇരച്ചുവന്ന സ്​പ്രിങ്​ബോക്ക്​ കൂട്ടം (ദക്ഷിണാഫ്രിക്കയുടെ ദേശീയ മൃഗമായ ഒരുതരം മാൻ. ദക്ഷിണാഫ്രിക്കൻ ടീമി​ന്റെ മറ്റൊരുപേര്​) മുഖമടച്ചുവീണു. പിന്നെയും 50 ഓവറുവരെ കളി നീണ്ടെങ്കിലും വോണി​ന്റെ ആദ്യ​സ്​പ്പെല്ലി​ന്റെ ആഘാതത്തിൽനിന്ന്​ അവരൊരിക്കലും മുക്​തരായില്ല.

ചോക്കർ ടാഗ്​

1999ലെ സെമി അരങ്ങേറിയത്​ ഇംഗ്ലണ്ടിലെ ബർമിങ്ഹാമിലായിരുന്നുവെങ്കിലും അതിനുള്ള അന്തരീക്ഷം രൂപപ്പെട്ടുതുടങ്ങിയിട്ട്​ വർഷങ്ങളായിരുന്നു. വിലക്കുകാലത്തിന്​ ശേഷം ’90കളുടെ തുടക്കത്തിൽ ക്രിക്കറ്റിലേക്ക്​ മടങ്ങിവന്ന ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വലിയ എതിരാളികൾ എന്നും ആസ്​ട്രേലിയ തന്നെയായിരുന്നു. നല്ല ഒന്നാംതരം നിരയാണെങ്കിലും ആസ്​ട്രേലിയയോട്​ മുട്ടി നിരന്തരം പരാജയ​മടയാനായിരുന്നു അക്കാലത്ത്​ ദക്ഷിണാഫ്രിക്കയുടെ വിധി. ’93-94 ലും ’97-98ലും ആസ്​ട്രേലിയയിൽ നടന്ന ത്രിരാഷ്​ട്ര പരമ്പരകളുടെ ഫൈനലുകളിൽ ദക്ഷിണാഫ്രിക്ക വേദനയോടെ കീഴടങ്ങി. ബെസ്​റ്റ്​ ഓഫ്​ ത്രീ ഫൈനലുകളിൽ ആദ്യ കളി ജയിച്ചശേഷമാണ്​ പിന്നീടുള്ള രണ്ടുകളികളും തോറ്റ്​ ആസ്​ട്രേലിയക്ക്​ കിരീടം അടിയറവെച്ചത്​. ഇതിൽ ’97-98ൽ ഗ്രൂപ്പ്​ റൗണ്ടിലെ നാലുകളികളിലും ദക്ഷിണാഫ്രിക്ക കങ്കാരുക്കളെ തകർത്തിരുന്നു.

പക്ഷേ, ഫൈനലുകളിൽ കളിമാറി. നിർണായകഘട്ടങ്ങളുടെ സമ്മർദം താങ്ങാനാകാതെ ആഫ്രിക്കക്കാർ ദയനീയമായി കീഴടങ്ങി. പിന്നീടിങ്ങോട്ടുള്ള കാലമെല്ലാം ദക്ഷിണാഫ്രിക്കക്ക്​ മേൽ പതിഞ്ഞുകിടന്ന സമ്മർദങ്ങളിൽ തകരുന്നവർ എന്ന വിശേഷണം ഉറച്ചതിന്​ പ്രധാന കാരണം ഈ ടൂർണമെൻറുകളായിരുന്നു. ’97-98 ടൂർണമെൻറിനെ കുറിച്ച്​ വിസ്​ഡൻ എഴുതിയതിൽ എല്ലാമുണ്ടായിരുന്നു: ‘സംശയമില്ല, ഈ സീസണിലെ മികച്ച ടീം ദക്ഷിണാഫ്രിക്ക തന്നെ. പക്ഷേ, ജയിച്ചത്​ ആസ്​ട്രേലിയയയാണെന്ന്​ മാത്രം’. ഈ ടൂർണമെൻറിനിടെയാണ്​ ആസ്​ട്രേലിയൻ നായകൻ സ്​റ്റീവ്​ വോ ദക്ഷിണാഫ്രിക്കയെ എന്നും വേദനിപ്പിക്കുന്ന ആ പ്രസ്​താവന നടത്തിയത്​- ‘‘South Africa had a tendency to choke under pressure’’. സമ്മർദത്തിൽ ശ്വാസംമുട്ടി മരിക്കുന്ന ‘choker’ എന്ന ടാഗ്​ ആഫ്രിക്കൻ ടീമിന്​ പതിച്ചുകിട്ടിയത്​ അങ്ങനെയാണ്​.

അതേവർഷം കോമൺവെൽത്ത്​​ ഗെയിംസിലെ ഗോൾഡ്​ മെഡൽ മാച്ചിൽ ആസ്​ട്രേലിയയെ തോൽപിച്ച്​ ദക്ഷിണാഫ്രിക്ക നേരിയ നിലയിൽ അഭിമാനം തിരിച്ചുപിടിച്ചു. മക്​ഗ്രാത്തോ ഷെയ്​ൻ വോണോ ഇല്ലാത്ത നിരയായിരുന്നു എന്നതൊന്നും ആഫ്രിക്കൻ ആഹ്ലാദത്തിന്​ തടസ്സമായില്ല. ആസ്​ട്രേലിയക്ക്​ തങ്ങൾക്ക്​ മേലുണ്ടായിരുന്ന ‘മാനസിക മേധാവിത്വത്തെ ഒടുവിൽ തകർത്തെറിഞ്ഞു’വെന്ന്​ ദക്ഷിണാഫ്രിക്കൻ കോച്ച്​ ബോബ്​ വൂൾമെർ പ്രഖ്യാപിക്കുകയും ചെയ്​തു. വൂൾമറുടെ പ്രസ്​താവന അധികമാരും കണക്കിലെടുത്തില്ലെങ്കിലും ഈ പശ്ചാത്തലത്തിലാണ്​ ’99 ലോകകപ്പിന്​ അരങ്ങുണരുന്നത്​.

പ്രാഥമിക റൗണ്ടിൽ ദയനീയമായിരുന്നു ആസ്​ട്രേലിയയുടെ പ്രകടനം. സെമി കാണാതെ പുറത്താകുമെന്ന അവസ്​ഥയിലായിരുന്നു ഒരുഘട്ടത്തിൽ കങ്കാരുക്കൾ. അവസാന പ്രാഥമിക റൗണ്ട്​ മത്സരത്തിൽ ആസ്​ട്രേലിയക്ക്​ എതിരാളികൾ അതിന്​ മുന്നേ സെമി ഉറപ്പിച്ച ദക്ഷിണാഫ്രിക്ക. മറ്റൊരു ക്ലാസിക്കായി വിശേഷിപ്പിക്കപ്പെടുന്ന ഈ മത്സരത്തിൽ സ്റ്റീവ്​വോയുടെ അസാമാന്യ പ്രകടനത്തി​ന്റെ കരുത്തിൽ ദക്ഷിണാഫ്രിക്കയെ മറികടന്ന്​ ഓസീസ്​ സെമി ഉറപ്പിച്ചു. ഇന്നിങ്​സിനിടെ, മിഡ്​വിക്കറ്റിൽ ഹെർഷൽ ഗിബ്​സ്​ സ്​റ്റീവ്​ വോയുടെ ക്യാച്ച്​ നഷ്​ടപ്പെടുത്തിയതാണ്​ ആസ്​​ട്രേലിയക്ക്​ തുണയായത്​. ‘ലോകകപ്പാണ്​ നീ നിലത്തിട്ടതെ’ന്ന്​ ഗിബ്​സിനോട്​ സ്​റ്റീവ്​ വോ പറഞ്ഞുവെന്ന്​ ആരോപിക്കപ്പെടുന്ന പ്രസ്​താവന ക്രിക്കറ്റിലെ അതിപ്രശസ്​തമായ ഉദ്ധരണികളിലൊന്നായി പിന്നീട്​ മാറി.

അങ്ങനെയാണ്​ സെമിയിൽ വീണ്ടും ഇരു​ടീമുകളും നേർക്കുനേർ വരുന്നത്​. എതിരാളിക്ക്​ മേൽ എന്നും മനഃശാസ്​ത്ര യുദ്ധങ്ങൾ നയിക്കാൻ ഇഷ്​ടപ്പെട്ടിരുന്ന സ്​റ്റീവ്​ വോ, ദക്ഷിണാഫ്രിക്കയെ അസ്വസ്​ഥമാക്കുന്ന choker പ്രയോഗം തന്ത്രപരമായി വീണ്ടും എടുത്തിട്ടു. താനൊരിക്കലും അങ്ങനെ പറഞ്ഞിട്ടില്ലെന്ന്​ പറഞ്ഞായിരുന്നു ഇത്തവണത്തെ കുത്ത്​: ‘‘I never said South Africa were chokers. I said they couldn't play well under pressure. But if remarks like that upset them, then they have problems.’’

കൊള്ളേണ്ടിടത്ത്​ തന്നെ വോയുടെ കുത്ത്​ കൊണ്ടു. മാധ്യമപ്രവർത്തകൾ ദക്ഷിണാഫ്രിക്കൻ ടീമിനോട്​ ഇക്കാര്യം ചോദിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ കുപിതനായി ബോബ്​ വൂൾമർ മറുപടി പറഞ്ഞു: ‘‘Choker പ്രയോഗം ഒക്കെ, ’97ന്​ മുമ്പ്​. അതെല്ലാം കഴിഞ്ഞിരിക്കുന്നു. ഇത്​ ’99 ആണ്​. 80 ശതമാനം വിജയ റെക്കോഡുളള ടീമിനെ നിങ്ങളെന്തിനാണ്​ chokers എന്ന്​ വിളിക്കുന്നത്​. നിങ്ങൾ കണക്കുകൾ നോക്കൂ’’.



പുതിയ കളം, പഴയ കളി

ഒടുവിൽ സെമിയുടെ ദിനമായി. ബർമിങ്ഹാം എഡ്​ജ്​ബാസ്​റ്റൺ ഗ്രൗണ്ടിലെ പുതിയ പിച്ചിലാണ്​ കളി. ടോസ്​ നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ ഹാൻസി ക്രോണ്യെ ബൗളിങ്​ തെരഞ്ഞെടുത്തു. പുതിയ വിക്കറ്റിൽ ബൗളർമാർക്ക്​ തുടക്കത്തിൽ ആനുകൂല്യം ഉണ്ടാകുമെന്നാണ്​ ക്രോണ്യെയുടെ പ്രതീക്ഷ. പക്ഷേ, ടോസ്​ നേടിയിരുന്നെങ്കിൽ താൻ ബാറ്റ്​ ചെയ്യുമായിരുന്നുവെന്നാണ്​ സ്​റ്റീവ്​ വോ പറഞ്ഞത്​. വോ ആത്​മാർഥമായി പറഞ്ഞതാണോ, അതോ ത​ന്റെ തീരുമാ​നത്തെ സംശയിക്കാൻ ക്രോണ്യെക്കിട്ട്​ ഒരു പണി കൊടുത്തതാണോ എന്ന്​ അപ്പോൾ വ്യക്​തമായില്ല. സ്​റ്റീവ്​ വോ ആയതിനാൽ എന്തും പ്രതീക്ഷിക്കാം. പ​ക്ഷെ, ദക്ഷിണാഫ്രിക്കൻ നായക​ന്റെ തീരുമാനമായിരുന്നു ശരിയെന്ന്​ ആദ്യ ഓവറുകൾ തെളിയിച്ചു.

അഞ്ചാം പന്തിൽ പൊള്ളോക്ക്​ മാർക്​​വോയെ പുറത്താക്കി. ആദ്യ അഞ്ച്​ ഓവറിൽ വെറും 10 റൺസ്​. പൊള്ളോക്കും സ്റ്റീവ്​ എൽവർത്തിയും കങ്കാരുക്കളെ വരിഞ്ഞുമുറുക്കി. വജ്രായുധമായ അലൻ ഡൊണാൾഡിനെ ഫസ്​റ്റ്​ ചെയ്​ഞ്ച്​ ബൗളറാക്കി ദക്ഷിണാഫ്രിക്ക വിജയകരമായ പരീക്ഷണം നടത്തുന്ന കാലമായിരുന്നു അത്​. കാറ്റിലും കോളിലും അധികം ഉലയാതെ പോണ്ടിങ്ങും ഗിൽക്രിസ്​റ്റും കൂടി മെല്ലെ വഞ്ചി തുഴഞ്ഞുകൊണ്ടിരുന്നു. 14ാം ഒാവറിൽ ഡൊണാൾഡ്​ എത്തി. ആദ്യ പന്തിൽ പോണ്ടിങ്​ (37) പുറത്ത്​. കവറിലൂ​ടെ ഡ്രൈവ്​ ചെയ്യാനുള്ള ശ്രമം ഗ്യാരി കേസ്​റ്റ​ന്റെ കൈകളിൽ അവസാനിച്ചു. ആ ഓവറി​ന്റെ അവസാന പന്തിൽ ഡാരിൽ ലീമാനും പുറത്ത്​. അപകടകാരിയായ ഗിൽക്രിസ്​റ്റിനെ കല്ലിസും പുറത്താക്കി. 54-1 എന്ന നിലയിൽ നിന്ന്​ 68-4 ലേക്ക്​ ഓസീസ്​ പതിച്ചു. ഒടുവിൽ ബെവൻ (65), സ്​റ്റീവ്​ വോ (56) എന്നിവരുടെ ഇന്നിങ്​സുകളുടെ പിന്തുണയിൽ വല്ലവിധേനയും 213ൽ എത്താനേ അവർക്ക്​ കഴിഞ്ഞുള്ളൂ. 250 എങ്കിലും പ്രതീക്ഷിച്ചിറങ്ങിയ കങ്കാരുക്കൾ നിരാശരായി.

ഒഴുകുന്ന ഗിബ്​സ്

സീമർമാരെ തുണച്ച മേഘാവൃതമായ അന്തരീക്ഷം ​ഇന്നിങ്​സ്​ ബ്രേക്കിൽ പൊടുന്നനെ മാറി. മേഘമറകൾ ഭേദിച്ച്​ സൂര്യൻ അതി​ന്റെ സകല പ്രതാപത്തോടെയും ജ്വലിച്ചു. ഓസീസി​ന്റെ സാധ്യതകൾക്ക്​ മേൽ കരിനിഴൽ വീഴ്​ത്തി വെയിൽ പരന്നു. ദക്ഷിണാഫ്രിക്കൻ ഇന്നിങ്​സി​ന്റെ ആദ്യ പത്ത് ഓവറുകളിൽ അന്തരീക്ഷത്തി​ന്റെ മാറ്റം വ്യക്​തമായിരുന്നു. ആഫ്രിക്കൻ നിര ഏറ്റവും ഭയന്ന മക്​ഗ്രാത്തി​ന്റെ ആദ്യ സ്​​പെൽ നനഞ്ഞ കതിന പോലെ ചീറ്റിപ്പോയി. ഉറച്ചൊരു ദൗത്യവുമായി ഇറങ്ങിയ പടയാളിയെ പോലെ, അന്നുവരെയില്ലാത്ത അനായാസ​തയോടെയും ഒഴുക്കോടെയും ഗിബ്​സ്​ ഓസീ മുൻനിരക്കാരെ നേരിട്ടു. കഴിഞ്ഞ കളിയിൽ സ്​റ്റീവ്​ ​വോയുടെ ക്യാച്ച്​ കളഞ്ഞതിന്​ ശേഷം ആദ്യമായി പിച്ചിലെത്തിയതാണ്​ ഗിബ്​സ്​. ‘തന്റെ ആത്​മാവി​ന്റെ പുനരുദ്ധാരണത്തിന്​ വേണ്ടിയുള്ള ആത്​മനിയോഗവുമായി വന്നവനെപ്പോലെ’ ഗിബ്​സ്​ തോന്നിപ്പിച്ചുവെന്ന്​ പിന്നീട്​ ഷെയ്​ൻ വോൺ എഴുതി. മക്​ഗ്രാത്തി​ന്റെ ആദ്യ ഓവറിലെ ആറാം പന്ത് ഗള്ളിയിലൂടെ ബൗണ്ടറി കടത്തിയാണ്​ ഗിബ്​സ്​ തുടങ്ങിയത്​. പിന്നാലെ ഫ്ലെമിങ്ങിനെ ബാക്ക്​ഫൂട്ടിൽ പഞ്ച്​ ചെയ്​ത്​ കവർ വഴി ബൗണ്ടറിയിലെത്തിച്ചു. അതേഷോട്ട്​ അതിലും പെർഫെക്​ഷനോടെ പിന്നീട്​ മക്​ഗ്രാത്തിന്​ എതിരെയും ആവർത്തിച്ചു. ബീഥോവ​ന്റെ മൂന്നാം സിംഫണി​ പോലെ, രുചിയുള്ളൊരു മധുര പലഹാരം നാവിൽ അലിയുന്നതുപോലെ ഒരു ഇന്നിങ്സ്​. 10ാം ഒാവറിൽ വിക്കറ്റ്​ പോകാതെ 43. ഓസീസിന്റെ 213 എത്ര ചെറിയ ലക്ഷ്യമെന്ന് തോന്നിച്ചഘട്ടം. ബൗളർമാരെ എങ്ങനെ ഉപയോഗിക്കണമെന്ന്​ സ്​റ്റീവ്​ വോക്ക്​ നന്നായറിയാം. സ്​റ്റീവ്​ വോ ഏറെ പ്രതീക്ഷ വെച്ച മക്​ഗ്രാത്തി​ന്റെ ആദ്യ സ്​പെൽ നിഷ്​ഫലമായൊടുങ്ങി. അഞ്ച്​ ഓവർ എറിഞ്ഞ മക്​ഗ്രാത്ത്​ വിക്കറ്റൊന്നും വീഴ്​ത്താതെ 22 റൺസ്​ വിട്ടുകൊടുക്കുകയും ചെയ്​തിരിക്കുന്നു. മക്​​ഗ്രാത്ത്​ എറിഞ്ഞിരുന്ന ​പവലിയൻ എൻഡിൽ 11ാം ഓവറിൽ ഷെയ്​ൻ വോൺ അവതരിപ്പിക്കപ്പെട്ടു.

വോണി​ന്റെ വീഴ്​ചകൾ

ത​ന്റെ കരിയറിലെ ഏറ്റവും ​താഴ്​ന്ന അവസ്​ഥയിലാണ്​ വോൺ. ടീമിലെ സ്​ഥാനം പോലും തുലാസിൽ. ക്യാപ്​റ്റനുമായി ഭിന്നത. ലോകകപ്പിന്​ തൊട്ടുമുമ്പ്​ നടന്ന വെസ്​റ്റ്​ ഇൻഡീസ്​ പര്യടനത്തിലെ നാലാം ടെസ്​റ്റിൽനിന്ന്​ വൈസ്​ ക്യാപ്​റ്റൻ കൂടിയായ വോണിനെ സ്​റ്റീവ്​ വോ ഒഴിവാക്കിയിരുന്നു. ആദ്യ മൂന്ന്​ ടെസ്​റ്റുകളിൽ 134 ആവറേജിൽ രണ്ടുവിക്കറ്റുകൾ മാത്രമാണ്​ വോണിന്​ നേടാനായിരുന്നത്​. നാലാം ടെസ്​റ്റിലെ ടീമിലെ തെരഞ്ഞെടുക്കാനുള്ള സെലക്ഷൻ മീറ്റിങ്ങിൽ വൈസ്​ ക്യാപ്​റ്റൻ എന്ന നിലയിൽ പ​​​ങ്കെടുക്കുകയായിരുന്ന വോണിനോട്​ ‘ഈ കളിയിൽ താങ്കൾ കളിക്കുന്നില്ല’ എന്ന്​ വോ തുറന്നുപറഞ്ഞു. കോച്ച്​ ജെഫ്​ മാർഷും മീറ്റിങ്ങിലുണ്ട്​. തോൾ ശസ്​ത്രക്രിയക്ക്​ ശേഷം പഴയ നിലയിലെത്താൻ കരുതിയതിലും കൂടുതൽ കാലം എടുത്തുവെന്നും അതായിരിക്കും മോശം പ്രകടനത്തിന്​ കാരണമെന്നും സമ്മതിച്ച വോൺ പക്ഷേ, ഇപ്പോൾ എല്ലാം ശരിയായി വരികയാണെന്ന്​ വിശദീകരിച്ചു. താളം കണ്ടെത്താൻ കഴിയുന്നുണ്ടെന്നും കളിക്കുന്നതിൽ ആശങ്കയില്ലെന്നും വോൺ വാദിച്ചു. ​ജെഫ്​ മാർഷും വോണി​നെ പിന്തുണച്ചു. പക്ഷേ, വോ വഴങ്ങുന്നില്ല. അതോടെ പ്രതിസന്ധിയായി. ചീഫ്​ സെലക്​ടറായ അലൻ ​ബോർഡർ ​അപ്പോൾ ടീമിനൊപ്പം ​വിൻഡീസിലുണ്ട്​. വോൺ ബോർഡറിന്​ മുന്നിൽ കാര്യം അവതരിപ്പിച്ചു. ബോർഡർ ഇടപെട്ടിട്ടും വോ തീരുമാനം തിരുത്തിയില്ല. അങ്ങ​നെ വൈസ്​ ക്യാപ്​റ്റനെ ഒഴിവാക്കി ടീം പ്രഖ്യാപിക്കപ്പെട്ടു. പിന്നീടൊരിക്കലും ഇരുവരും തമ്മിലുള്ള ബന്ധം പഴയതുപോലെ ആയിരുന്നില്ല. തനിക്കൊപ്പം കളിച്ച ഏറ്റവും സ്വാർഥനായ കളിക്കാരനാണ്​ സ്​റ്റീവ്​ വോയെന്നും 50 ആവറേജ്​ നിലനിർത്തുന്നതിൽ മാത്രമായിരുന്നു വോയുടെ ശ്രദ്ധയെന്നും പിന്നീട്​ വോൺ ആക്ഷേപിച്ചു.

ലോകകപ്പ്​ പ്രാഥമിക റൗണ്ടിലും വളരെ മോശമായിരുന്നു വോണി​ന്റെ പ്രകടനം. ഇന്ത്യ​ക്കും സിംബാബ്​വെക്കുമെതിരായ കളികളിൽ നന്നായി അടിവാങ്ങി. അജയ്​ ജദേജയും റോബിൻ സിങ്ങും സിംബാബ്​വെയുടെ നീൽ ജോൺസണുമെല്ലാം തലങ്ങും വിലങ്ങും തല്ലി. ഈ ടൂർണമെൻറിൽ ഇതുവരെ ആകെയുള്ള ഒരുനേട്ടം എന്ന്​ പറയാവുന്നതാക​ട്ടെ,​ കളിക്കളത്തിന്​ ഉള്ളിലുള്ളതല്ല താനും. പക്ഷേ, ആസ്​ട്രേലിയയെ ടൂർണമെൻറിൽ നിലനിർത്തിയത്​ വോണി​ന്റെ ഒരുനിരീക്ഷണമാണ്​. ​പ്രാഥമിക റൗണ്ടിൽ ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കുന്നതിന്​ ​തലേദിവസം ടീം മീറ്റിങിൽ വെച്ച്​ വോൺ ഒരു കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ആരെങ്കിലും ഗിബ്​സിന്​ നേർക്ക്​ പന്തടിച്ചാൽ അയാൾ ക്യാച്ച്​ എടുത്താലും ക്രീസ്​ വിടരുത്​. ക്യാച്ച്​ പൂർത്തിയാക്കും മുമ്പ്​ എറിയുന്നൊരുശീലം അയാൾക്കുണ്ട്​. അപ്പോൾ അതാരും മൈൻഡ്​​ ചെയ്​തി​ല്ലെങ്കിലും സ്​റ്റീവ്​ വോയുടെ ക്യാച്ച്​ ഗിബ്​സ്​ മിസ്​ ചെയ്​തതോടെ വോണി​ന്റെ നിരീക്ഷണത്തോടുള്ള മതിപ്പ്​ ഉയർന്നു.

സെമിയിൽ 213 റൺസ്​ പ്രതിരോധിക്കുകയെന്ന ദുഷ്​കര ദൗത്യവുമായി ഇറങ്ങുന്നതിന്​ തൊട്ടുമുമ്പ്​ വോൺ ടീം അംഗങ്ങളോടായി പറഞ്ഞു: ‘‘ഇന്ന്​ നമ്മൾ തോറ്റാൽ നമ്മളിൽ പലരും ഇനിയൊരിക്കലും ആസ്​ത്രേലിയക്ക്​ വേണ്ടി കളിക്കില്ല’’. ആരും ശ്രദ്ധിക്കുന്നില്ല എന്ന്​ തോന്നിയതിനാലാകാം ഒരിക്കൽ കൂടി വോൺ അതാവർത്തിച്ചു.

വാഴുന്ന വോൺ

സിറ്റി എൻഡിൽ ബൗളിങ്ങിനെത്തിയ വോണി​ന്റെ മുഖത്തുപോലും നോക്കാതെ വോ പന്ത്​ എറിഞ്ഞുകൊടുത്തു. കൊമ്പും ചെവിയുമാട്ടി മസ്​തകം കൊണ്ട്​ വൻമരം ഇടിച്ചിടാൻ വരുന്ന കാട്ടാനയുടെ ഭാവങ്ങളോടെ സൺസ്​ക്രീൻ പുരട്ടി ​വെളുപ്പിച്ച കീഴ്​ചുണ്ട്​ കടിച്ച്​ വോൺ തയാറായി. ഓവർ ദ വിക്കറ്റിൽ ആദ്യപന്ത്​ ഇടംകൈയാനായ ഗ്യാരി കേസ്​റ്റന്​ നേരെ. സ്​ക്വയറിലേക്ക്​ കേസ്​റ്റൻ സ്ലാഷ്​ ചെയ്​തു. ഒരുറൺസ്​. വലംകൈയൻ ഗിബ്​സ്​ ​സ്​ട്രൈക്കിൽ. ലെഗ്​സ്​റ്റമ്പിന്​ പുറത്ത്​ കുത്തി മിഡിൽ സ്​റ്റമ്പിലേക്കുയർന്ന പന്ത്​ അപ്രതീക്ഷിതമായി നേരെ ഗിബ്​സി​ന്റെ പാഡിൽ. ലെഗിന്​ പുറത്ത്​ പിച്ച്​ ചെയ്​തുവെന്ന്​ ഉറപ്പായതിനാലാകാം വലിയ അപ്പീൽ ഉണ്ടായില്ല. പക്ഷേ, പിച്ചിന്​ അതുവരെയില്ലാത്ത എ​ന്തോ ഭാവമാറ്റം കണ്ട്​ ഗിബ്​സ്​ കണ്ണുമിഴിച്ചു.

ആ പന്ത്​ ഒരുതുടക്കം മാത്രമായിരുന്നു. പൊടുന്നനെ കളിമാറി. അതുവരെ ഒരു കാറ്റൊഴുകുന്ന ​പോലെ അനായാസം ബാറ്റ്​ ചെയ്​തിരുന്ന ഗിബ്​സി​ന്റെ താളം നഷ്​ടമായത്​ പോലെ. വായുവിൽ നൃത്തം വെച്ചതുപോലെ വന്ന അടുത്ത പന്ത്​ ഫുൾടോസ്​ ആയിരുന്നു. ലോങ്​ഓഫിലേക്ക്​ തട്ടിയിട്ട്​ ഗിബ്​സ്​ പെട്ടന്ന്​ സ്​ട്രൈക്​ മാറി. അടുത്ത രണ്ടുപന്തുകളും കേസ്​റ്റൻ അതിജീവിച്ചെങ്കിലും ദക്ഷിണാഫ്രിക്കൻ നിരയിൽ സംശയത്തിന്റെ വിത്തുകൾ പാകപ്പെട്ടുകഴിഞ്ഞിരുന്നു. ആറാംപന്ത്​ സ്​ക്വയറിലൂടെ സ്വീപ്പ്​ ചെയ്​ത്​ കേസ്​റ്റൻ സിംഗി​ളെടുത്തു. വോണി​ന്റെ ആദ്യ ഓവർ അങ്ങനെ മൂന്നുറൺസിന്​ അവസാനിച്ചു. ഗിബ്​സിന്​ വോണി​നെ കളിക്കുന്നതിലെ ബുദ്ധിമുട്ട്​ മനസ്സിലാക്കുന്നതിൽ കേസ്​റ്റണിന്​ പിഴവുപറ്റിയെന്ന്​ അടുത്ത ഓവർ വ്യക്​തമാക്കി.

പോൾ റീഫൽ എറിഞ്ഞ അടുത്ത ഓവറിലെ അഞ്ച്​ പന്തുകളിലും റൺസ്​ എടുക്കാതിരുന്ന കേസ്​റ്റൺ ആറാം പന്തിൽ ഡ്രൈവ്​ ചെയ്​ത്​ രണ്ട്​ റൺസ്​ ഓടി. അതോടെ അടുത്ത ഓവറിൽ വീണ്ടും ഗിബ്​സ്​ വോണി​ന്റെ വിചാരണക്ക്​ മുന്നിൽ. ആദ്യപന്ത്​ ഗിബ്​സ്​ എങ്ങനെയോ ഒഴിവാക്കി വിട്ടു. അടുത്ത പന്ത്​ ഗിബ്​സി​ന്റെ ലെഗ്​ സ്​റ്റമ്പിന്​ പുറത്തുപിച്ച്​ ചെയ്​ത പന്ത്​ മിഡ്​വിക്കറ്റിലേക്ക്​ കളിക്കാൻ ഗിബ്​സ്​ ഫ്ലിക്ക്​ ചെയ്​തു. പക്ഷേ, അതിഭീകരമായി കുത്തിത്തിരിഞ്ഞ പന്ത്​ ബാറ്റിനെയും കബളിപ്പിച്ച്​ ഓഫ്​സ്​റ്റമ്പി​ന്റെ ബെയിലിളക്കി. ​പന്ത്​ സ്​റ്റമ്പിൽ കൊണ്ടതി​ന്റെ ശബ്​ദം ഗിബ്​സ്​ കേട്ടില്ല. പക്ഷേ, വിക്കറ്റിന്​ പിന്നിൽനിന്ന്​ ഗിൽക്രിസ്​റ്റും മുന്നിൽ നിന്ന്​ വോണും അലറിക്കൊണ്ട്​ ഓടിവരുന്നത്​ കേൾക്കുകയും കാണുകയും ചെയ്യുന്നു. എന്താണീ നടക്കുന്നതെന്ന അർഥശങ്കയിൽ ഗിബ്​സ്​ ഒരുനിമിഷാർധം പകച്ചു. ഷോട്ടിന്​ വേണ്ടി മുന്നോട്ടുനീക്കിയ ഇടംകാലൊന്ന്​ വലിച്ച്​ പിന്നോട്ട്​ നോക്കിയപ്പോഴാണ്​ തരിച്ചുപോകുന്ന ആ കാഴ്​ച ആദ്യമായി ഗിബ്​സ്​ കണ്ടത്​. ബെയിൽസ്​ ഇല്ലാത്ത സ്​റ്റമ്പ്​. ഈ നിമിഷം ക്രിക്​ഇൻഫോയുടെ കമൻററിയിൽ ഇങ്ങ​െന വായിക്കാം.‘‘What a ball, drifting away and pitching outside the leg stump, possibly grabs the foot marks, and then some wicket turn across Gibbs and it clips the off stump, Gibbs doesn't leave, refuses to believe he was bowled’’.

1993ൽ വോണിന്റെ ‘നൂറ്റാണ്ടിലെ പന്തി’ൽ കുറ്റിയിളകിയ മൈക്​ ഗാറ്റിങ്​ എങ്ങ​നെ തകർന്നിട്ടുണ്ടാകുമോ അതേ അനുഭവം തന്നെയാകും ഗിബ്​സിനും ഉണ്ടായിരുന്നിരിക്കുക. ഗിബ്​സ്​ മനോനില വീണ്ടെടുത്ത്​ പിച്ചിൽനിന്ന്​ മെല്ലെ മടങ്ങു​മ്പോൾ വോൺ ത​ന്റെ ജീവിതത്തിലെ ഏറ്റവും ഉഗ്രമായ ആഘോഷത്തിലേക്ക്​ ടീമംഗങ്ങളെ വലിച്ചടുപ്പിക്കുകയായിരുന്നു. ആ നിമിഷത്തിൽ വോൺ എല്ലാം മറന്നു. തന്റെ ശസ്​ത്രക്രിയ ചെയ്​ത തോൾ, തകർന്നുകൊണ്ടിരുന്ന ആത്​മവിശ്വാസം, ജീവിതം, ഭൂതം, ഭാവി... എല്ലാം.

തൊണ്ട പൊട്ടുമാറുള്ള വോണി​ന്റെ ആവർത്തിച്ചുള്ള ‘കമോൺ’ വിളി എഡ്​ജ്​ബാസ്​റ്റണിലെ ആർത്തലക്കുന്ന ഗാലറിയെയും മറികടന്ന്​ ദക്ഷിണാഫ്രിക്കൻ ക്യാമ്പിലേക്ക്​ ഇരച്ചെത്തി. ഡ്രസിങ്​ റൂമിൽ ഭയം പടർന്നു.

അടുത്തിറങ്ങേണ്ടത്​ ഡാരിൽ കള്ളിനൻ ആണ്​. ദക്ഷിണാഫ്രിക്കൻ സുവർണതലമുറയിലെ പ്രധാനികളിലൊരാൾ. പക്ഷേ, കള്ളിനന്​ ഇവിടെ ഒരുപ്രശ്​നമുണ്ട്​. വോണി​ന്റെ സ്​ഥിരം ഇരയാണ്​ കള്ളിനൻ. വോണിന്​ മുന്നിലെ കള്ളിന​ന്റെ ദൗർബല്യത്തെ കുറിച്ച്​ ഇരുവർക്കും പരസ്​പരം നല്ല ബോധ്യമുണ്ട്​. ഈ സാഹചര്യങ്ങൾ എങ്ങ​നെ മുതലാക്കണമെന്ന്​ വോണിന്​ ആരും പറഞ്ഞുകൊടുക്കേണ്ട. ആദ്യപന്ത്​ കള്ളിനൻ പിച്ചിലേക്ക്​ മുട്ടിയിട്ടു. വോൺ പിച്ചിലേക്ക്​ ഓടിക്കയറി പന്തെടുത്ത്​ കള്ളിന​ന്റെ തലക്ക്​ തൊട്ടുമുകളിലൂടെ ഗിൽക്രിസ്​റ്റിന്​ എറിഞ്ഞുകൊടുത്തു. പകച്ചുപോയ കള്ളിനൻ പെട്ടന്ന്​ കുനിഞ്ഞു. ഒറ്റയടിക്ക്​ പുറംതിരിഞ്ഞ വോൺ അതിവേഗം ബൗളിങ്​ മാർക്കിലേക്ക്​ നടന്നു. പോകുന്ന പോക്കിൽ അടുത്ത്​ ഫീൽഡ്​ ചെയ്​ത സഹകളിക്കാരനെ നിഗൂഢമായൊന്ന്​ പാളിനോക്കി. വോൺ വേറൊരുതലത്തിലേക്ക്​ ഉയർന്നുകഴിഞ്ഞുവെന്ന്​ വ്യക്​തമായി. ഇനിയിവിടെ താനാണ്​ കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന്​ ദക്ഷിണാഫ്രിക്കയോട്​ പ്രഖ്യാപിക്കുകയായിരുന്നു വോൺ. ഇനിയും നാലുപന്തുകളുണ്ട്​ ഈ ഓവറിൽ. എന്തും സംഭവിക്കാമെന്ന നില. റൺസ്​ നേടുകയല്ല, എങ്ങ​നെയും വോണിനെ അതിജീവിക്കുകയെന്നതാണ്​ കള്ളിന​ന്റെ മനസ്സിലെന്ന്​ പിന്നാലെ തെളിഞ്ഞു. വല്ലവിധേനയും ആ നാലുപന്തുകളും കള്ളിനൻ ഒഴിവാക്കിവിട്ടു. വിക്കറ്റ്​ മെയ്​ഡൻ.

Amazing, he does it again

ത​ന്റെ മൂന്നാം ഓവറിൽ വോൺ വീണ്ടുമെത്തു​മ്പോൾ കള്ളിനൻ ബൗളിങ്​ എൻഡിൽ രക്ഷപ്പെട്ട്​ നിൽക്കുകയാണ്​. കേസ്​റ്റനാണ്​ ക്രീസിൽ. ലോക​ക്രിക്കറ്റ്​ കണ്ട ഏറ്റവും ശാന്തനായ, ലോജിക്കലായ ബാറ്റ്​സ്​മാന്മാരിൽ ഒരാൾ. പക്ഷേ, വോൺ അപ്പോഴേക്കും സൃഷ്​ടിച്ചുകഴിഞ്ഞ അനിശ്ചിതത്വത്തി​ന്റെയും ആശങ്കയുടെയും അന്തരീക്ഷത്തെ അതിജയിക്കാൻ ​അദ്ദേഹത്തിനുമായില്ല. ആദ്യപന്തിൽ തന്നെ ഒരുആവശ്യവുമില്ലാത്ത ​സ്ലോഗ്​ സ്വീപ്പിന്​ ശ്രമം. ഓഫ്​സ്​റ്റമ്പിന്​ വളരെ അകലെ വീണ പന്ത്​ ഒരു വിഷസർപ്പത്തെപ്പോലെ പൊടുന്നനെ തലവെട്ടിച്ച്​ കേസ്​റ്റണി​ന്റെ ഓഫ്​സ്​റ്റമ്പിനെ കൊത്തി. Amazing, he does it again, reasonable similar ball to Gibbs, drifting away and then grabbing a foot mark, Kirsten sweeping, totally inappropriate, ball was too short, well missed, and into the left hander's off stump it goes. (cricinfo). തനിക്കെന്താണ്​ സംഭവിച്ച​തെന്ന്​ ആശ്ചര്യപ്പെട്ട്​ തലകുലുക്കി കേസ്​റ്റൺ വിഷാദഭാവത്തിൽ ഗ്ലൗസൂരി പവിലിയനിലേക്ക്​ നടന്നു. ആദ്യവിക്കറ്റി​ന്​ സമാനമായ മറ്റൊരു ആഘോഷം​ വോൺ അ​പ്പോൾ പിച്ചിന്​ നടുവിൽ സംഘടിപ്പിക്കുകയായിരുന്നു.

ലോകംകണ്ട തന്ത്രശാലിയായ നായകരിലൊരാളായ ഹാൻസി ക്രോ​ണ്യെ പിന്നാലെ രംഗത്തെത്തി. അ​പ്പോഴേക്കും വോണി​ന്റെ മാസ്​മരികതയിൽ എല്ലാവരും സ്വയം നഷ്​ടപ്പെട്ടുകഴിഞ്ഞിരുന്നു. ഒരു മാന്ത്രിക വടി വീശി എതിരാളികളെയും ഗാലറിയെയും എന്തിന്​ അമ്പയർമാരെപ്പോലും വോൺ ത​ന്റെ വരുതിയിലാക്കി. നേരിട്ട ആദ്യപന്തിൽ റൺസ്​ എടുക്കാത്ത ക്രോണ്യെ അടുത്ത പന്തിൽ മുന്നോട്ടാഞ്ഞ്​ കളിക്കാൻ ശ്രമിച്ചു. പക്ഷേ, പന്ത്​ എവിടെയോ തട്ടി സ്ലിപ്പിൽ പിടിക്കപ്പെട്ടു. ബൂട്ടിലാണോ ബാറ്റിലാണോ എന്ന്​ ഉറപ്പില്ലാതിരുന്നിട്ടും വോണും ഓസീസ്​ ടീമും വിക്കറ്റ്​ വീഴ്​ചയായി ആഘോഷം തുടങ്ങി. ഒരുനിമിഷം ആലോചിച്ചുനിന്ന വിഖ്യാത അമ്പയർ ഡേവിഡ്​ ഷെപ്പേർഡ്​ ഇനി താനായിട്ട്​ എന്തിന്​ എതിരുപറയണമെന്ന മട്ടിൽ വിരലുയർത്തി. സ്​തബ്​ധനായിപ്പോയ ക്രോണ്യെ ഒരുനിമിഷത്തിന്​ ശേഷം പതിയെ ക്രീസ്​വിട്ടു. യഥാർഥത്തിൽ പന്ത്​ ബാറ്റിൽ സ്​പർശിച്ചുവെന്ന്​ റീപ്ലേകളിൽ തെളിവുണ്ടായിരുന്നില്ല. റിവ്യൂ സംവിധാനത്തിനും മുമ്പുള്ള കാലമായിരുന്നു അത്​. വീണ്ടും വിക്കറ്റ്​ മെയ്​ഡൻ.

വോണി​ന്റെ ആ സ്​പെല്ലിൽ പിന്നീട്​ വിക്കറ്റുകൾ വീണില്ലെങ്കിലും ഓരോ പന്തും ഒരോ ചെറിയ യുദ്ധങ്ങളായി പരിണമിച്ചു. എന്തും സംഭവിക്കാവുന്ന പോരാട്ടങ്ങൾ. ചോരചിന്താതിരിക്കാനും തല കൊയ്യപ്പെടാതിരിക്കാനും ദക്ഷിണാഫ്രിക്കൻ ബാറ്റ്​സ്​മാന്മാർ കിണഞ്ഞുശ്രമിച്ചു. വോണിന്​ മുന്നിൽ എത്തിപ്പെടാതിരിക്കാനും അയാളെ ഒരുനോട്ടം​ കൊണ്ടുപോലും പ്രകോപിപ്പിക്കാതിരിക്കാനും അവർ ശ്രദ്ധിച്ചു. ഒരുഘട്ടത്തിൽ 6-4-5-3 എന്നതായിരുന്നു വോണി​ന്റെ ബൗളിങ്​ നില. എട്ട് ഓവറുകൾ നീണ്ട ആദ്യസ്​പെൽ 8-4-12-3 എന്ന നിലയിൽ വോൺ അവസാനിപ്പിച്ചു. പിന്നീടൊരിക്കലും തലയുയർത്താനാകാത്തവണ്ണം ആഫ്രിക്കൻ നിര അ​പ്പോഴേക്കും മാനസികമായി തകർന്നിരുന്നു. അവരുടെ എല്ലാപ്രതീക്ഷയും പിന്നീട്​ ലാൻസ്​ ക്ലൂസ്​നറിലായിരുന്നു. ആ ലോകകപ്പിലെ ബാഹുബലി.

മൈതാനത്തിൽ ചിരഞ്​ജീവി വരം ലഭി​ച്ചെന്നെപോലെ ബൗളിങ്​ നിരകളെ തച്ചുതകർത്ത്​ അപരാജിതനായി കുതിച്ചുകൊണ്ടിരുന്ന ക്ലൂസ്​നർ. പിന്നീട്​ കഥയും നാടകവും മുഴുവൻ 50ാം ഒാവറിലേക്ക്​ മാറ്റിവെക്കപ്പെട്ടു.

ക്ലൂസ്​നർ എന്ന ദുരന്തനായകൻ

മക്​ഗ്രാത്ത്​ എറിഞ്ഞ 49ാം ഒാവറിലെ നാലാം പന്തിൽ സ്​റ്റീവ്​ എൽവർത്തി ഒമ്പതാമനായി റണ്ണൗട്ടാകു​േമ്പാൾ ബാക്കി എട്ട്​ പന്തിൽ 16 റൺസാണ്​ ദക്ഷിണാഫ്രിക്കക്ക്​ വേണ്ടിയിരുന്നത്​. അഞ്ചാംപന്തിൽ മക്​ഗ്രാത്തിനെ പുൾ ചെയ്​ത്​ ക്ലൂസ്​നർ സിക്​സർ നേടി. അവസാന പന്തിൽ സിംഗിളെടുത്ത്​ സ്​ട്രൈക്കും നിലനിർത്തി. അവസാന ഓവറിൽ ഇനി വേണ്ടത്​ ഒമ്പതു റൺസ്​. ക്ലൂസ്​നർ സ്​ട്രൈക്കിൽ ഉള്ളപ്പോൾ എന്തും സാധ്യമെന്ന്​ ദക്ഷിണാഫ്രിക്കക്ക്​ മാത്രമല്ല, ലോകത്തിനുമറിയാം. ബൗളർ ഫ്ലെമിങ്.​ ഒരുചുവടുപിന്നിലേക്ക്​ വെച്ച്​ കവറിലൂടെ രാജകീയമായി ക്ലൂസ്​നർ ആദ്യപന്ത്​ ബൗണ്ടറി കടത്തി. ഇനി അഞ്ചിൽ അഞ്ച്​. അടുത്ത പന്ത്​ വൈഡ്​ ലോങ്​ഓഫിലൂടെ ഡ്രൈവ്​. വീണ്ടും ബൗണ്ടറി. കളി ടൈ. 11 ഫീൽഡർമാരും ഇൻഫീൽഡിലേക്ക്​. ക്ലൂസ്​നർക്ക്​ ഇതൊക്കെ എന്ത്​? മൂന്നാം പന്ത്​ മിഡ്​ ഓണിലേക്ക്​ പുൾ ചെയ്യാൻ ശ്രമം. പിച്ചിന്​ പരമാവധി അടുത്തനിന്ന ലീമാ​ന്റെ കൈകളിൽ പന്ത്​. നോൺ സ്​ട്രൈക്കർ എൻഡിൽനിന്ന്​ ഡൊണാൾഡ്​ സിംഗിളിനായി ഓടാൻ തുടങ്ങി. അപകടം മണത്ത്​ തിരികെ എത്തുംമു​മ്പെ ലീമാ​ന്റെ അണ്ടർ ആം ത്രോ. പക്ഷേ, സ്​റ്റമ്പിനെ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ പന്ത്​ ഒഴിഞ്ഞുപോയി. റണ്ണൗട്ടിൽ നിന്ന്​ തലനാരിഴക്ക്​ രക്ഷ. ലീമാൻ തലയിൽ കൈവെച്ച്​ നിന്നുപോയി.

അടുത്ത പന്തിന്​ മുമ്പ്​ പരസ്​പരം സംസാരിക്കാനോ ആശയവിനിമയം നടത്താനോ ക്ലൂസ്​നറോ ഡൊണാൾഡോ മുതിർന്നില്ല. നാലാം പന്ത്​ പിച്ചിലൂടെ ലോങ്​ ഓഫിലേക്ക്​ തട്ടിയിട്ട്​ ക്ലൂസ്​നർ ത​ന്റെ അവസാനത്തെ ഓട്ടം ഓടി. പക്ഷേ, ഇത്തവണ ഡൊണാൾഡ്​ അറച്ചു. ഓടിയെത്തിയ ലോങ്​ ഓഫ്​ ഫീൽഡർ പന്ത്​ നേരെ ബൗളറായ ഫ്ലെമിങ്ങിന്​ എറിഞ്ഞുകൊടുത്തു. ​​െഫ്ലമിങ്​ പിച്ചിലൂടെ ഗിൽക്രിസ്​റ്റിന്​ ഉരുട്ടി കൊടുത്തു. ഡൊണാൾഡ്​ അ​പ്പോഴും പകുതി എത്തിയി​ട്ടേയുള്ളൂ. ഗിൽക്രിസ്​റ്റ്​ വിക്കറ്റ്​ തകർക്കു​മ്പോൾ ഡൊണാൾഡ്​ കൈയിൽനിന്ന്​ ബാറ്റും നഷ്​ടപ്പെട്ട്​ മറുവശത്തെത്താനുള്ള പാഴ്​ശ്രമത്തിലായിരുന്നു. ഇതൊന്നും കാണാൻ നിൽക്കാതെ ക്ലൂസ്​നർ മൈതാനത്തിൽനിന്ന്​ അന്തർധാനം ചെയ്​തു. ഓടുന്നതിനിടെ, എന്താണ്​ പിന്നിൽ സംഭവിച്ചതെന്ന്​ ചെറുതായൊന്ന്​ പാളിനോക്കി. എല്ലാം നഷ്​ടമായിരിക്കുന്നുവെന്ന്​ തിരിഞ്ഞതോടെ പവിലിയനിലേക്ക്​ പിൻമടങ്ങി. എല്ലാ ആടയാഭരണങ്ങളും വജ്രായുധങ്ങളും കൈവശം ഉണ്ടായിട്ടും നിർണായക നിമിഷത്തിൽ മണലിൽ ആഴ്​ന്നുപോയ രഥവുമായി മരണം വരിച്ച കർണനെ പോലെ ക്ലൂസ്​നർ ക്രമേണ ക്രിക്കറ്റിൽനിന്ന്​ തന്നെ നിഷ്​ക്രമിച്ചു.


(കടപ്പാട്​: ഡാറ്റ-ക്രിക്​ഇൻഫോ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shane warneAustralia vs South AfricaCricket World Cup 2023
News Summary - Shane Warne's entry; The bale of South African dreams has come to an end
Next Story