യശസ്വി ജയ്സ്വാളോ, ശുഭ്മൻ ഗില്ലോ അല്ല; ഐ.പി.എല്ലിലെ പുതിയ താരോദയം ഈ 23കാരനാകുമെന്ന് മുൻ ഓസീസ് സൂപ്പർ സ്റ്റാർ
text_fieldsഐ.പി.എൽ 2023 സീസൺ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യൻ യുവ താരങ്ങളുടെ പ്രകടനമാണ് ഇത്തവണ എടുത്തുപറയേണ്ടത്. അതിൽ തന്നെ രാജസ്ഥാൻ ഓപ്പണർ യശസ്വി ജയ്സ്വാളും ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ ശുഭ്മൻ ഗില്ലിന്‍റെയും ബാറ്റിങ് പ്രകടനം ഏവരെയും അമ്പരപ്പിക്കുന്നതാണ്.
13 മത്സരങ്ങളിൽനിന്ന് 576 റൺസുമായി സീസണിലെ റൺവേട്ടക്കാരിൽ രണ്ടാമാനാണ് ഗിൽ. 21കാരനായ യശസ്വി ഇത്രയും മത്സരങ്ങളിൽനിന്ന് 575 റൺസുമായി ഓറഞ്ച് കാപ്പിനുള്ള പോരിൽ മൂന്നാമതും. ഇരുവരെയും ഇന്ത്യയുടെ ഭാവിതാരങ്ങളായാണ് ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്നത്. എന്നാൽ, ആസ്ട്രേലിയൻ മുൻ ഓൾ റൗണ്ടർ ഷെയിൻ വാട്സൺ ഐ.പി.എല്ലിന്‍റെ അടുത്ത താരോദയമായി എടുത്തുകാട്ടുന്നത് മുംബൈ ഇന്ത്യൻസിന്‍റെ 23കാരനായ താരത്തെയാണ്. ഡൽഹി കാപിറ്റൽസിന്‍റെ അസിസ്റ്റന്‍റ് പരിശീലകനാണ് നിലവിൽ വാട്സൺ. ഓസീസ് ഔൾ റൗണ്ടറായ കാമറൂൺ ഗ്രീനാകും ഐ.പി.എല്ലിലെ അടുത്ത വലിയ താരമെന്ന് അദ്ദേഹം പറയുന്നു.
ഐ.പി.എല്ലിലെ പുതിയ താരോദയം ആരാകുമെന്ന ജിയോ സിനിമ ഷോയിലെ ചോദ്യത്തിനായിരുന്നു വാട്സന്‍റെ മറുപടി. ‘ഞാൻ പറയാൻ പോകുന്നത് കാമറൂൺ ഗ്രീൻ എന്നാണ്. അദ്ദേഹം ഇതിനകം തന്നെ കഴിവ് തെളിയിച്ചതാണ്, ഭാവിയിൽ അദ്ദേഹത്തിന്‍റെ പ്രകടനം ആരെയും അമ്പരപ്പിക്കുന്നതാകും’ -വാട്സൺ അഭിപ്രായപ്പെട്ടു. മിനി താര ലേലത്തിൽ 17.50 കോടി രൂപക്കാണ് ഗ്രീനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്.
എന്നാൽ, ഈ സീസണിൽ താരത്തിന് പ്രതീക്ഷിച്ച ഫോമിലേക്കെത്താനായില്ല. 13 മത്സരങ്ങളിൽനിന്നായി 281 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. 40.14 ആണ് ശരാശരി. സ്ട്രൈക്ക് റേറ്റ് 146.35ഉം. ആറു വിക്കറ്റാണ് താരത്തിന് നേടാനായത്. ഐ.പി.എല്ലിലെ മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായിരുന്നു വാട്സൺ. എന്നാൽ, ഐ.പി.എൽ ചരിത്രതിലെ ഏറ്റവും മികച്ച ഔൾ റൗണ്ടർ ആരെന്ന ചോദ്യത്തിന്, കൊൽകത്ത നൈറ്റ് റൈഡേഴ്സിന്‍റെ ആന്ദ്രെ റസ്സിലിനെയാണ് താരം തെരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.