ശർദുലിനെ കളിപ്പിച്ചേക്കില്ല; കിവീസിനെതിരെ ഇന്ത്യ ഇലവനിൽ മാറ്റംവരുത്തില്ലെന്ന് റിപ്പോർട്ട്
text_fieldsദുബൈ: ട്വന്‍റി20 ലോകകപ്പിലെ സൂപ്പർ 12ലെ ജീവൻ-മരണ പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ ഇലവനിൽ മാറ്റം വരുത്താതെ കളത്തിലിറങ്ങുമെന്ന് റിപ്പോർട്ട്. ഞായറാഴ്ചയാണ് കിവീസിനെതാരായ ഇന്ത്യയുടെ പോരാട്ടം. ഏതെങ്കിലും കളിക്കാരൻ ഫിറ്റല്ലെങ്കിൽ മാത്രമേ ഇലവനിൽ മാറ്റത്തിന് സാധ്യതയുള്ളൂവെന്നാണ് റിപ്പോർട്ട്.
ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ 10 വിക്കറ്റിന് തോറ്റതിന് പിന്നാലെ ഇന്ത്യയുടെ ടീം സെലക്ഷന് വ്യാപക വിമർശനം നേരിട്ടിരുന്നു. ഫോമിലില്ലാത്ത ഭുവനേശ്വർ കുമാറിനെയും സ്പെഷ്യലിസ്റ്റ് ബാറ്ററുടെ റോളിൽ ഹർദിക് പാണ്ഡ്യയെയും കളിപ്പിച്ചതിനെ നിരവധി പേർ വിമർശിച്ചു.
പാണ്ഡ്യക്ക് പകരം ഫേമിലുള്ള ചെന്നൈ സൂപ്പർ കിങ്സ് ഓൾറൗണ്ടർ ശർദുൽ ഠാക്കൂറിനെ ഏഴാമനായി പരിഗണിച്ചേക്കില്ല. ഇന്ത്യയുടെ ആറാമത്തെ ബൗളറായി ശർദുലിനെ പരിഗണിക്കണമെന്നായിരുന്നു പാകിസ്താനെതിരായ മത്സരത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ ആരാധകർ ആവശ്യപ്പെട്ടത്. ഡെത്ത് ഓവറുകളിൽ ബാറ്റുകൊണ്ടും തിളങ്ങാൻ സാധിക്കുമെന്നതും പോസിറ്റീവായി ഉയർത്തിക്കാണിക്കപ്പെട്ടു.
പരിക്കിൽ നിന്ന് മുക്തനായെത്തിയ പാണ്ഡ്യ പാകിസ്താനെതിരെ പന്തെറിഞ്ഞിരുന്നില്ല. സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി താരത്തെ ടീമിലുൾപെടുത്തുന്നതിൽ കാര്യമില്ലെന്നായിരുന്നു ആരാധകരടക്കം പറയുന്നത്. പകരം മുംബൈ ഇന്ത്യൻസിന്‍റെ തന്നെ ഇഷാൻ കിഷനെ ആ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും അഭിപ്രായമുയർന്നു.
എന്നാൽ ഹർദിക് പാണ്ഡ്യ പരിശീലകരുടെ മേൽനോട്ടത്തിന് കീഴിൽ ബൗളിങ് ആരംഭിച്ചതായാണ് വിവരങ്ങൾ. ശർദുലിനേക്കാൾ മികച്ച ബാറ്ററാണ് പാണ്ഡ്യയെന്ന കാര്യത്തിൽ സെലക്ടർമാർക്ക് സംയമില്ലെങ്കിലും താരത്തിന് എത്ര ഓവർ എറിയാനാകുമെന്ന കാര്യത്തിലാണ് ഇനിയും തീർച്ചയില്ലാത്തത്.
വിക്കറ്റ് വീഴുത്തുമെങ്കിലും റൺസ് വിട്ടുകൊടുക്കാൻ പിശുക്കില്ലാത്തതാണ് ടീം മാനേജ്മെന്റിന് ശർദുൽ ഠാക്കൂറിൽ വിശ്വാസമില്ലാതിരിക്കാൻ കാരണമെന്നാണ് പറയപ്പെടുന്നത്. ഒമ്പത് റൺസിനടുത്താണ് ശർദുലിന്‍റെ ഇക്കോണമി റേറ്റ്.
പാകിസ്താനെതിരെ കളിച്ച ഭുവനേശ്വർ, മുഹമ്മദ് ഷമി, സ്പിന്നർ വരുൺ ചക്രവർത്തി എന്നിവർക്ക് ടീം ഒരവസരം കൂടി നൽകും. ഞായറാഴ്ച നടക്കുന്ന മത്സരം ഇന്ത്യക്ക് നിർണായകമാണ്. മൂന്ന് മത്സരം വിജയിച്ച പാകിസ്താൻ സെമി ഉറപ്പാക്കി. ശേഷിക്കുന്ന സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ മേൽെക്കെ നേടാൻ ഇരുടീമുകൾക്കും ജയം അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.