‘എന്‍റെ സെഞ്ച്വറി മറന്നേക്കു, പരമാവധി ബൗണ്ടറി നേടു...’; ടീമിനായി സെഞ്ച്വറി പോലും വേണ്ടെന്നുവെച്ച ശ്രേയസ്സിന് കൈയടിച്ച് ആരാധകർ
text_fieldsഅഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിനെതിരായ ത്രില്ലർ പോരിൽ 11 റൺസിനാണ് പഞ്ചാബ് കിങ്സ് ജയിച്ചുകയറിയത്. പുതിയ ടീമിനൊപ്പമുള്ള അരങ്ങേറ്റ മത്സരം നായകനായ ശ്രേയസ്സ് അയ്യർ രാജകീയമാക്കി. അവസാന ഓവറുകളിൽ ഐ.പി.എല്ലിലെ കന്നി സെഞ്ച്വറി നേടാനുള്ള അവസരം ടീമിനായി വേണ്ടെന്നുവെച്ച അയ്യരുടെ നല്ല മനസ്സിന് കൈയടിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ.
മത്സരത്തിൽ 42 പന്തുകളിൽനിന്ന് ഒമ്പത് സിക്സുകളും അഞ്ചു ഫോറുമകളുമായി 97 റൺസെടുത്ത് താരം പുറത്താകാതെ നിന്നു. പഞ്ചാബ് ഇന്നിങ്സിനിടെ 17ാം ഓവറിനും 20ാം ഓവറിനും ഇടയിൽ താരം വെറും നാലു പന്തുകൾ മാത്രമാണ് നേരിട്ടത്, നേടിയത് നാലു റൺസും. 16 പന്തിൽ 44 റൺസ് അടിച്ചുകൂട്ടിയ ശശാങ്ക് സിങ്ങാണ് അവസാന ഓവറുകളിലെ ഭൂരിഭാഗം പന്തുകളും കളിച്ചത്. 19 ഓവർ പൂർത്തിയാകുമ്പോൾ 97 റൺസുമായി നോൺ സ്ട്രൈക്കർ എൻഡിലായിരുന്നു ശ്രേയസ്. മൂന്നു റൺസ് അകലെയായിരുന്നു താരത്തിന് കന്നി സെഞ്ച്വറിയിലേക്കുള്ള ദൂരം. എന്നാൽ സ്ട്രൈക്കിലുണ്ടായിരുന്ന ശശാങ്കിന് സിംഗിളിനായി ശ്രമിക്കരുതെന്നും പരമാവധി ബൗണ്ടറികൾ നേടാനുമാണ് താരം നിർദേശം നൽകിയത്.
നായകന്‍റെ നിർദേശം അക്ഷരംപ്രതി അനുസരിച്ച ശശാങ്ക് അവസാന ഓവറിൽ അഞ്ചു ഫോറും ഒരു ഡബിളും അടക്കം നേടിയത് 23 റൺസ്. രണ്ടാം പന്തിൽ സിംഗിൾ ഓടി സ്ട്രൈക്ക് കൈമാറാൻ അവസരമുണ്ടായിട്ടും ഡബ്ൾ ഓടി പൂർത്തിയാക്കുകയാണ് ശ്രേയസ്സ് ചെയ്തത്. നിശ്ചിത 20 ഓവറിൽ പഞ്ചാബ് നേടിയത് 243 റൺസ്. എന്നാൽ, സ്വന്തം സെഞ്ച്വറി പോലും വേണ്ടെന്നുവെച്ച ശ്രേയസ്സിന്‍റെ ശരിക്കും വില അറിയണമെങ്കിൽ വിജയ റൺ നോക്കിയാൽ മാതി. മറുപടി ബാറ്റിങ്ങിൽ ഗുജറാത്ത് 20 ഓവറിൽ എടുത്തത് 232 റൺസ്.
പഞ്ചാബിന്‍റെ ജയം 11 റൺസിന്. അവസാന ഓവറിൽ ശശാങ്ക് നേടിയ 23 റൺസാണ് ടീമിന്‍റെ ജയത്തിൽ നിർണായകമായത്. ബാറ്റിങ്ങിനുശേഷം ശശാങ്ക് തന്നെയാണ് ക്യാപ്റ്റന്‍റെ നിർദേശത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ‘എന്‍റെ സെഞ്ച്വറി മറന്നേക്കു, പരമാവധി ബൗണ്ടറികൾ നേടു’ എന്നാണ് ശ്രേയസ്സ് നൽകിയ നിർദേശം. 16ാം ഓവറിൽ ഏഴാം നമ്പർ ബാറ്റുകാരനായി ഗ്രൗണ്ടിലെത്തിയ ശശാങ്ക് മികച്ചൊരു ഫിനിഷറാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു.
‘വളരെ സത്യസന്ധമായി പറയട്ടെ, ആദ്യ പന്ത് തൊട്ടേ അദ്ദേഹം പറഞ്ഞത്, എന്റെ സെഞ്ച്വറി മറന്നേക്കു! പന്ത് നോക്കി അടിച്ചോളു’ -ശശാങ്ക് മത്സരശേഷം പ്രതികരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.