'സെഞ്ച്വറി നേട്ടത്തേക്കാളും മഹത്തരം...'; അഫ്ഗാൻ താരത്തിന്‍റെ പ്രവൃത്തിയെ അഭിനന്ദിച്ച് തരൂർ
text_fieldsലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ സെമി ഘട്ടത്തിലേക്ക് കടക്കവേ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ താരമായത് അഫ്ഗാനിസ്താൻ ബാറ്ററായ റഹ്മാനുള്ള ഗുർബാസായിരുന്നു. സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വിഡിയോയാണ് ഗുർബാസിനെ താരമാക്കിയത്. അഹമ്മദാബാദിലെ തെരുവോരത്ത് ഉറങ്ങുന്ന പാവങ്ങള്‍ക്ക് ദീപാവലി സമ്മാനമായി ഗുർബാസ് പണം നൽകുന്ന പ്രവൃത്തിയാണ് വ്യാപകമായി പ്രശംസിക്കപ്പെട്ടത്.
ഗുർബാസിന്‍റെ ഏതൊരു സെഞ്ച്വറിയെക്കാളും മികച്ച പ്രവൃത്തിയാണിതെന്ന് പ്രശംസിച്ചിരിക്കുകയാണ് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. ഗുർബാസിന്‍റെ വിഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു തരൂരിന്‍റെ പ്രശംസ. ദയാവായ്പ് നിറഞ്ഞ മനോഹരമായ പ്രവൃത്തി. അദ്ദേഹം നേടുന്ന ഏതൊരു സെഞ്ച്വറിയെക്കാളും മഹത്തരമാണിത്. അദ്ദേഹത്തിന് ഇനിയും നേട്ടങ്ങളുണ്ടാകട്ടെ. അദ്ദേഹത്തിന്‍റെ ഈ സദ്ഹൃദയത്തോടൊപ്പം ക്രിക്കറ്റ് കരിയറും ദീർഘകാലം അഭിവൃദ്ധി നേടട്ടെ -തരൂർ എക്സിൽ പറഞ്ഞു.
ഗുജറാത്ത് നഗരമായ അഹമ്മദാബാദിലെ തെരുവില്‍ അന്തിയുറങ്ങുന്ന പാവങ്ങള്‍ക്കാണ് ദീപാവലി തലേന്ന് ഗുർബാസ് സമ്മാനവുമായി എത്തിയത്. ഞായറാഴ്ച പുലര്‍ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കാറിൽ വന്നിറങ്ങിയ അഫ്ഗാൻ ഓപണർ തെരുവിൽ കിടന്നുറങ്ങുന്നവർക്ക് ദീപാവലി ആഘോഷിക്കാൻ പണം വിതരണം ചെയ്യുകയായിരുന്നു.
ഉറങ്ങിക്കിടന്നവരെ ശല്യപ്പെടുത്താതെ അവരുടെ തലയുടെ അടുത്തായി അഞ്ഞൂറ് രൂപവീതം വെച്ച താരം തുടർന്ന് കാറിൽ കയറി പോവുകയായിരുന്നു. 21-കാരനായ താരത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
ഈ ലോകകപ്പിൽ മികച്ച പ്രകടനമാണ് ഗുർബാസ് പുറത്തെടുത്തത്. ഇബ്രാഹിം സദ്രാൻ-ഗുർബാസ് ഓപണിങ് കൂട്ടുകെട്ട് അഫ്ഗാനിസ്താന് പലപ്പോഴും തുണയായി മാറിയിരുന്നു. ഒമ്പത് മത്സരങ്ങളിൽ നിന്നായി രണ്ട് അർധസെഞ്ചുറികൾ സഹിതം 98.94 സ്‌ട്രൈക്ക് റേറ്റിൽ 280 റൺസാണ് ഗുർബാസ് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.