ബി.സി.സി.ഐ 'റെയിഞ്ചിൽ' ഷോൺ റോജർ
text_fieldsതിരുവനന്തപുരം: സഞ്ജു സാംസണിന് പിന്നാലെ തീരപ്രദേശത്തുനിന്ന് കേരളത്തിന് അഭിമാനമായി മറ്റൊരു ക്രിക്കറ്റ് താരം കൂടി ദേശീയ ശ്രദ്ധയിലേക്ക്. തിരുവനന്തപുരം വെട്ടുകാട് സ്വദേശിയായ ഷോൺ റോജറാണ് ഇന്ത്യ അണ്ടർ-19 ബി സാധ്യത ടീമിൽ ഇടംപിടിച്ചത്. ഷോൺ ഇന്ത്യൻ കുപ്പായം അണിയുന്ന വിവരം ഫോൺ മുഖേനയാണ് ബി.സി.സി.ഐ അറിയിച്ചത്. ഔദ്യോഗിക അറിയിപ്പ് ഉടൻതന്നെ കേരള ക്രിക്കറ്റ് അസോസിയേഷന് ലഭിക്കും.
ഓൾ റൗണ്ടറായ ഷോൺ കഴിഞ്ഞ സീസണിലെ വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിനായി മികച്ച പ്രകടനമാണ് നടത്തിയത്. ഒരു സെഞ്ച്വറിയും രണ്ട് അർധ സെഞ്ച്വറിയും ഉൾപ്പെടെ 294 റൺസ് ആയിരുന്നു ഷോണിെൻറ സമ്പാദ്യം. ബറോഡക്കെതിരെ 121 റണ്‍സ് സ്കോര്‍ ചെയ്ത ഷോണ്‍ ടൂര്‍ണമെൻറിലെ ചാമ്പ്യന്മാരായ ഹരിയാനക്കെതിരെ 58 റണ്‍സും എടുത്തു. തൊട്ടുപിന്നാലെ അരങ്ങേറിയ ഇന്ത്യ ചലഞ്ചര്‍ സീരിസില്‍ അണ്ടര്‍ 19 ഏകദിന ടൂര്‍ണമെൻറിലും ഷോണ്‍ തിളങ്ങി. ബി ടീമിനായി കളിച്ച ഷോണ്‍ 124 റണ്‍സും നാലു വിക്കറ്റും നേടി.
യു.എ.ഇയിൽ ബിസിനസുകാരനായിരുന്ന ആൻറണി റോജറിെൻറയും പെട്രീഷ്യ റോജറിെൻറയും മകനായ ഷോൺ ആറാം വയസ്സിലാണ് ബാറ്റെടുക്കുന്നത്. യു.എ.ഇയിലെ വിക്ടോറിയ ക്രിക്കറ്റ് അക്കാദമിയിലും ഡെസേര്‍ട്ട് കബ്സിലും ചെറിയ പ്രായത്തിലേ മികവ് തെളിയിച്ചു. 2014 ൽ കേരളത്തിലെത്തിയ ഷോൺ ആ വർഷം കേരളത്തിനായി അണ്ടർ 14 ടീമിൽ ഇടംപിടിച്ചു. തിരികെ യു.എ.ഇയിലേക്ക് പോയ ഷോൺ അവിടെ യു.എ.ഇ അണ്ടർ-16 ടീമിൽ ഇടംനേടി. 2017ൽ കേരളത്തിൽ എത്തിയ ഷോൺ പിന്നീട് സംസ്ഥാന ടീമിൽ സ്ഥിര സാന്നിധ്യമാണ്. അണ്ടർ-16, 19 തലത്തിൽ കേരളത്തിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് ഷോൺ. സഞ്ജു സാംസണിെൻറ പരിശീലകനും സായ് ക്രിക്കറ്റ് കോച്ചിങ് സെൻററിൽ ദേശീയ കോച്ചുമായ ബിജു ജോർജിെൻറ കീഴിലാണ് കഴിഞ്ഞ എട്ടുവർഷമായി പരിശീലനം. ഈ മാസം 23ന് കൊൽക്കത്തയിൽ ആരംഭിക്കുന്ന ക്യാമ്പിൽ ഷോൺ ടീമിനൊപ്പം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.