20 ലക്ഷം രൂപയും ഐ.പി.എല്ലിലെ വ്യക്തിഗത പുരസ്കാരങ്ങളും 'മിഷൻ ഓക്സിജൻ' നൽകി ശിഖർ ധവാൻ
text_fieldsന്യൂഡൽഹി: 20 ലക്ഷം രൂപയും വ്യക്തിഗത പ്രകടനത്തിന് ഈ ഐ.പി.എൽ സീസണിൽ ലഭിക്കുന്ന മുഴുവൻ തുകയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുന്നതായി ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. കോവിഡ് ബാധിതരെ സഹായിക്കുന്ന 'മിഷൻ ഓക്സിജനാ'ണ് ധവാൻ സംഭാവന ചെയ്യുന്നത്.
ഓക്സിജൻ കോൺസൺട്രേറ്ററുകൾ ഇറക്കുമതി ചെയ്യാനും അവ ആശുപത്രികൾക്ക് വിതരണം ചെയ്യാനുമായി യുവാക്കളായ 250 സംരംഭകർ ചേർന്ന് ആരംഭിച്ചതാണ് 'മിഷൻ ഓക്സിജൻ'.
'വളരെ ദുഷ്കരമായ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പരസ്പരം സഹായിക്കാൻ സാധ്യമായതെല്ലാം ചെയ്യേണ്ട സമയമാണിത്. വർഷങ്ങളായി നിങ്ങളിൽ നിന്നും ലഭിക്കുന്ന സ്നേഹത്തിനും പിന്തുണക്കും കടപ്പെട്ടവനാണ് ഞാൻ. ഇപ്പോൾ എന്‍റെ ജനതക്ക് ഞാനത് തിരികെ നൽകേണ്ട സമയമാണ്' -ധവാൻ ട്വിറ്ററിൽ എഴുതി.
'20 ലക്ഷം രൂപയും വ്യക്തിഗത പ്രകടന മികവിന് ലഭിക്കുന്ന മുഴുവൻ പുരസ്കാര തുകയും ഓക്സിജൻ ലഭ്യത ഉറപ്പാക്കാനുള്ള മിഷൻ ഓക്സിജന് നൽകും' -ധവാൻ പറഞ്ഞു.
വ്യാഴാഴ്ച ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കർ 'മിഷൻ ഓക്സിജൻ' ഒരു കോടി രൂപ സംഭാവന ചെയ്തിരുന്നു.
ധവാന്‍റെ ഐ.പി.എൽ ടീമായ ഡൽഹി കാപിറ്റൽസും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായി. ടീമിന്‍റെ സഹ ഉടമകളായ ജെ.എസ്.ഡബ്ല്യു ഗ്രൂപ്പും ജി.എം.ആർ ഗ്രൂപ്പും ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഉദയ് ഫൗണ്ടേഷന് ഒന്നര കോടി രൂപ സംഭാവന നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.