ലോകകപ്പ് ഫൈനലിൽ സഞ്ജു കളിക്കുമോ?; ദുബെ പ്ലേയിങ് ഇലവനിൽനിന്ന് പുറത്തായാൽ പകരം ആര്?
text_fieldsഗയാന: സെമിഫൈനലിൽ ഇംഗ്ലിഷ് പടയെ 68 റൺസിന് തകർത്താണ് ടീം ഇന്ത്യ ട്വന്‍റി20 ലോകകപ്പിന്‍റെ ഫൈനൽ മത്സരത്തിലേക്ക് പ്രവേശിച്ചത്. കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. ടൂർണമെന്‍റിൽ പരാജയമറിയാതെയാണ് ഇരു ടീമുകളും ഫൈനലിലെത്തിയത്. ട്വന്‍റി20 ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് തോൽവിയറിയാതെ ഒരു ടീമിന് കിരീടം നേടാനുള്ള അവസരം ഒരുങ്ങുന്നത്. ബാർബഡോസിലെ ബ്രിജ്ടൗണിലുള്ള കെൻസിങ്ടൻ ഓവൽ സ്റ്റേഡിയത്തിൽ ശനിയാഴ്ചയാണ് മത്സരം.
ട്വന്‍റി20 ലോകകപ്പുകളിൽ ആറു തവണ നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ നാലിലും ജയം ഇന്ത്യക്കായിരുന്നു. ശനിയാഴ്ചത്തെ ഫൈനലിലും വിജയം ഉറപ്പിക്കാൻ അന്തിമ ഇലവനിൽ മാറ്റം കൊണ്ടുവരാനുള്ള ചർച്ച ടീം ക്യാമ്പിൽ നടക്കുന്നതായി സൂചനയുണ്ട്. ടൂർണമെന്‍റിൽ ഫോം കണ്ടെത്താനാകാത്ത ശിവം ദുബെയെ മാറ്റി പകരം മലയാളി താരം സഞ്ജു സാംസണോ യശസ്വി ജയ്സ്വാളിനോ അവസരം നൽകിയേക്കും. ഒറ്റ മത്സരത്തിൽ പോലും ബൗൾ ചെയ്യാത്ത ദുബെ ബാറ്റിങ്ങിൽ പരാജയപ്പെടുകയും ചെയ്തതാണ് ഇത്തരമൊരു മാറി ചിന്തിക്കലിന് ടീം മാനേജ്മെന്‍റിനെ പ്രേരിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഏഴാം നമ്പരിൽ ക്രീസിലെത്തിയ ദുബെ, ഗോൾഡൻ ഡക്കായാണ് മടങ്ങിയത്. നേരിട്ട ആദ്യ പന്തിൽ വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർക്ക് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. ജയ്സ്വാളിനെ ടീമിൽ ഉൾപ്പെടുത്തിയാൽ സൂപ്പർ താരം വിരാട് കോഹ്‌ലിക്ക് പകരം ഓപ്പണറായി ഇറക്കിയേക്കും. കോഹ്‌ലിയെ മൂന്നാം നമ്പരിലേക്ക് മാറ്റാനും സാധ്യതയുണ്ട്. ഓപ്പണറായി ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന കോഹ്‌ലിക്ക് തന്‍റെ പതിവ് സ്ഥാനമായ മൂന്നാം നമ്പരിൽ തിരിച്ചെത്താനായാൽ സ്കോർ കണ്ടെത്താനാകുമെന്ന് വിലയിരുത്തലുണ്ട്.
ഇന്ത്യൻ സംഘത്തോടൊപ്പമുള്ള സഞ്ജു സാംസനാണ് പരിഗണനയിലുള്ള മറ്റൊരു താരം. ലോകകപ്പിലെ അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പിലാണ് സഞ്ജു. ബംഗ്ലാദേശിനെതിരെ സന്നാഹ മത്സരം കളിച്ച താരത്തിന് പിന്നീട് അവസരം ലഭിച്ചിട്ടില്ല. ഐ.പി.എല്ലിലെ മിന്നുന്ന പ്രകടനമാണ് കെ.എൽ. രാഹുലിനെ മറികടന്ന് സഞ്ജുവിന് അവസരം നൽകാൻ സെലക്ടർമാരെ പ്രേരിപ്പിച്ചത്. മധ്യനിരയിൽ ബാറ്റിങ്ങിന് ഇറക്കിയാൽ അതിവേഗം സ്കോർ ഉയർത്താൻ കഴിയുന്ന താരമാണ് സഞ്ജുവെന്നതും ഫൈനൽ മത്സരത്തിന് ഇറക്കാനുള്ള സാധ്യത കൂട്ടുന്നു.
11 വർഷമായുള്ള ഐ.സി.സി കിരീട വരൾച്ച അവസാനിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് ഇന്ത്യ ശനിയാഴ്ച ഇറങ്ങുന്നത്. 2013ലെ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം മറ്റൊരു ഐ.സി.സി ടൈറ്റിൽ സ്വന്തമാക്കാൻ ടീമിന് കഴിഞ്ഞിട്ടില്ല. മറുഭാഗത്ത് ദക്ഷിണാഫ്രിക്കയാകട്ടെ, ഇതുവരെ നേടിയിട്ടുള്ള ഏക ഐ.സി.സി കിരീടം 1998ലെ ചാമ്പ്യൻസ് ട്രോഫിയാണ്. ലോകോത്തര താരങ്ങളുമായെത്തുന്ന പ്രോട്ടീസ് പലതവണ സെമി ഫൈനലിൽ കാലിടറി വീണിട്ടുണ്ട്. പടിക്കൽ കലമുടയ്ക്കുന്നവരെന്ന ചീത്തപ്പേര് മായ്ക്കാൻ അരയും തലയും മുറുക്കിയാവും അവർ ഫൈനലിനെത്തുക.
അഫ്ഗാനിസ്ഥാന്‍റെ പോരാട്ട വീര്യം നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ദക്ഷിണാഫ്രിക്ക സെമിഫൈനലിൽ പുറത്തെടുത്തത്. അത് കലാശപ്പോരിലും പ്രതീക്ഷിക്കേണ്ടിവരും. കിരീടം സ്വന്തമാക്കാൻ നായകൻ രോഹിത്തിനും സൂപ്പർ താരം കോലിക്കും ലഭിക്കുന്ന അവസാന അവസരം കൂടിയാകും ഇത്തവണത്തേത്. ഏകദിന ലോകകപ്പ് കിരീടം കൈവിട്ടതിന്‍റെ ക്ഷീണവും മാറ്റണം. ആരാധകരുടെ പ്രതീക്ഷ കാക്കാൻ കൂടുതൽ കരുത്തുമായി ഇന്ത്യ തയാറെടുക്കേണ്ടതുണ്ട്. ഫൈനലിൽ ജയ്സ്വാളിനെയോ സഞ്ജുവിനെയോ അന്തിമ ഇലവനിൽ ഉൾപ്പെടുത്തിയാൽ ബാറ്റിങ് നിരക്ക് കൂടുതൽ കരുത്താകുമെന്നതിൽ തർക്കമില്ല. എന്നാൽ ഇവരിൽ ആരെയാവും അവസാന നിമിഷം പരിഗണിക്കുകയെന്ന് കാത്തിരുന്നത് കാണണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.