രോഹിത് ശർമ അവനെ 20 സിക്സറുകൾ പറത്തിയേനെ..; ദക്ഷിണാഫ്രിക്കൻ താരത്തിനെതിരെ അക്തർ
text_fieldsലോകകപ്പിൽ തുടർച്ചയായ എട്ടാം ജയവുമായി വൻ കുതിപ്പാണ് ഇന്ത്യ നടത്തുന്നത്. കരുത്തരായ ദക്ഷിണാഫ്രിക്കയെ 243 റൺസിന് തകർത്തതോടെ, കിരീടപ്പോരിൽ ഇന്ത്യക്ക് വട്ടംവെക്കാൻ ആരുമില്ലെന്ന സ്ഥിതിയായി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങുന്ന ഇന്ത്യക്കെതിരെ എതിരാളികളുടെ മുട്ടിടിക്കുന്ന കാഴ്ചയാണ്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്കായി തകർപ്പൻ തുടക്കമാണ് ക്യാപ്റ്റൻ രോഹിത് ശർമ-ശുഭ്മൻ ഗിൽ ഓപണിങ് സഖ്യം നൽകിയത്. ഇരുവരും ചേർന്ന് 5.5 ഓവറിൽ 62 റൺസ് ചേർത്താണ് പിരിഞ്ഞത്. തുടർന്ന്, കോഹ്‍ലിയുടെ 49ാം ഏകദിന സെഞ്ച്വറിയുടെയും ശ്രേയസ് അയ്യരുടെ അർധസെഞ്ച്വറിയുടെയും മികവിലായിരുന്നു ഇന്ത്യൻ സ്കോർ 300 കടന്നത്.
സ്പിന്നർമാർക്കെതിരെ ബാറ്റ് ചെയ്യാൻ എളുപ്പമല്ലാത്ത പിച്ചായിരുന്നു ഈഡൻ ഗാർഡനിലേത്. 10 ഓവറിൽ 30 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത കേശവ് മഹാരാജിന്റെ സ്‌പെല്ലിൽ നിന്ന് അത് വ്യക്തമായിരുന്നു. എന്നാൽ, അത് പൂർണ്ണമായും ഉപയോഗിക്കുന്നതിൽ പ്രോട്ടീസ് ബൗളർമാർ പരാജയപ്പെട്ടു.
കേശവ് മഹാരാജിന്റെ മികച്ച ബൗളിങ്ങിന് പിന്നാലെ തബ്രയ്സ് ശംസിയിലായിരുന്നു ദക്ഷിണാഫ്രിക്ക പ്രതീക്ഷയർപ്പിച്ചത്. എന്നാൽ, താരത്തിന് അതിനൊത്ത് ഉയരാൻ കഴിഞ്ഞില്ല. പത്തോവറിൽ 72 റൺസാണ് ശംസി വിട്ടുകൊടുത്തത്. മത്സരത്തിന് പിന്നാലെ പാകിസ്താന്റെ ഇതിഹാസ ബൗളർ ഷുഹൈബ് അക്തർ ശംസിക്കെതിരെ ആഞ്ഞടിച്ചു. താരം രോഹിത് ശർമക്കെതിരെ പന്തെറിഞ്ഞിരുന്നെങ്കിൽ 20 സിക്സറുകൾ വഴങ്ങിയേനെ എന്ന് അക്തർ പറഞ്ഞു.
‘‘രോഹിത് ശർമ എല്ലാ തരം ഷോട്ടുകളുമടിക്കും. ഷംസി അത്തരം പന്തുകൾ രോഹിത് ശർമ്മക്ക് നേരെ എറിഞ്ഞിരുന്നെങ്കിൽ, അവനെ 15 മുതൽ 20 സിക്‌സറുകൾ വരെ പറത്തിയേനെ. ഇന്ത്യൻ നായകൻ കൂടുതൽ ഓവർ കളിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ സ്‌കോർ 430+ ആകുമായിരുന്നു’’- അക്തർ സീ ന്യൂസിനോട് പറഞ്ഞു.
അതേസമയം, സ്പിൻ ബൗളർമാരെ തുണക്കുന്ന പിച്ചിൽ ഇന്ത്യയുടെ രവീന്ദ്ര ജദേജ മിന്നുന്ന ബൗളിങ്ങായിരുന്നു കാഴ്ചവെച്ചത്. ദക്ഷിണാഫ്രിക്കയെ 83 റൺസിന് കൂടാരം കയറ്റുന്നതിൽ നിർണായക പങ്കുവഹിച്ചത് ജഡ്ഡുവിന്റെ അഞ്ച് വിക്കറ്റ് പ്രകടനമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.