ആ ഇന്ത്യൻ ബാറ്റ്സ്മാനെ നേരിടാൻ പ്രയാസമാണെന്ന് അക്തർ; അത് സചിനല്ല, പിന്നെ?
text_fieldsപാക് ഫാസ്റ്റ് ബൗളർ ശുഐബ് അക്തറിെൻറ മിന്നൽ പിണർ കണക്കെയുള്ള പന്തുകളെ നേരിട്ട ഇന്ത്യൻ താരങ്ങൾ നിരവധിയാണ്. എന്നാൽ തനിക്ക് ഏറെ തലവേദന സൃഷ്ടിച്ച ഒരു ഇന്ത്യൻ ബാറ്റ്സ്മാനെ കുറിച്ച് പറയുകയാണ് അക്തർ.
സചിൻ തെണ്ടുൽക്കർ, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മൺ, എം.എസ് ധോണി, വീരേന്ദർ സേവാഗ് തുടങ്ങി പലരും റാവൽപിണ്ടി എക്സ്പ്രസിെൻറ പന്തിന് നേരെ ബാറ്റ് പിടിച്ചിട്ടുണ്ട്. ഇതിൽ പലരും അക്തറിനെ അനായാസം നേരിട്ടവരാണ്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായ ഒരു പേരാണ് അക്തറിന് പറയാനുള്ളത്.
തെൻറ പന്തുകളെ അനായാസം കളിക്കുന്ന, തനിക്ക് നേരിടാൻ ബുദ്ധിമുട്ട് തോന്നിയ ആ ഇന്ത്യൻ ബാറ്റ്സ്മാൻ രാഹുൽ ദ്രാവിഡ് ആണെന്നാണ് അക്തർ പറയുന്നത്. ഇന്ത്യൻ നിരയിലെ 'വൻമതിൽ' ആയ രാഹുൽ ദ്രാവിഡിനെ പുറത്താക്കാനുള്ള തന്ത്രങ്ങൾ താനും ശാഹിദ് അഫ്രീദിയും ആലോചിച്ചിരുന്നുവെന്നും അക്തർ പറയുന്നു.
''ദ്രാവിഡിനെ പോലെ കളിക്കുന്ന ബാറ്റ്സ്മാനെ പുറത്താക്കാൻ ലെങ്ത് ബോൾ എറിയുകയാണ് ചെയ്യാറ്. ബാറ്റിനും പാഡിനും ഇടയിലേക്ക് എറിഞ്ഞ് പന്ത് പാഡിൽ തട്ടിക്കാൻ ശ്രമിക്കുകയാണ് ചെയ്യുക.'' അക്തർ തെൻറ യൂ ട്യൂബ് ചാനലിൽ ആകാശ് ചോപ്രയുമായി നടത്തിയ ചാറ്റ് ഷോയിൽ പറഞ്ഞു.
അത്തരത്തിൽ ദ്രാവിഡിനെ പുറത്താക്കാൻ ശ്രമിച്ച സംഭവം അദ്ദേഹം ഓർത്തെടുത്തു. 1999ലെ പെപ്സി കപ്പ് ഫൈനലിലാണ് അതെന്ന സംശയം അദ്ദേഹം വിഡിയോ വിവരണത്തിൽ പറയുന്നു. ഇന്ത്യ-പാക് ഫൈനൽ മത്സരത്തിൽ ഇന്ത്യക്ക് ജയിക്കാൻ 292 റൺസ് വേണമെന്നിരിക്കെ അജയ് ജഡേജയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിെൻറ ആദ്യ വിക്കറ്റുകൾ പെട്ടെന്നു തന്നെ നഷ്ടമായിരുന്നു.
''ബംഗളൂരുവിൽ നടന്ന ആ മത്സരത്തിൽ സചിൻ തെണ്ടുൽക്കർ കളിക്കുന്നില്ലായിരുന്നു. സദഗോപൻ രമേശിനെ ഞാൻ വളരെ വേഗം പുറത്താക്കി. ഞങ്ങൾ മൂന്ന്, നാല് വിക്കറ്റുകൾ നേടി നിൽക്കുകയാണ്. രാഹുൽ ദ്രാവിഡ് കൂടുതൽ സമയം അപഹരിക്കുമെന്നും ഏതെങ്കിലും പന്ത് എറിഞ്ഞ് ദ്രാവിഡിെൻറ വിക്കറ്റെടുത്തില്ലെങ്കിൽ അയാൾ കുറേ നേരം കളിക്കുമെന്നും അഫ്രീദി പറഞ്ഞു.'' -അക്തർ ഓർത്തെടുത്തു.
''ഞാൻ അദ്ദേഹത്തിെൻറ പാഡിന് എറിഞ്ഞുകൊള്ളിച്ച ശേഷം ഔട്ടിനായി അപ്പീൽ ചെയ്തു. എന്നാൽ അമ്പയറുടെ തീരുമാനം ഞങ്ങൾക്ക് അനുകൂലമല്ലായിരുന്നു. എന്നാൽ അവസാനം മത്സരം ഞങ്ങൾ വിജയിച്ചു. ദ്രാവിഡ് വളരെ ബുദ്ധിമുട്ടേറിയ, നിശ്ചയദാർഢ്യമുള്ള ബാറ്റ്സ്മാനാണ്. അദ്ദേഹം എനിക്കെതിരെ അനായാസേന കളിക്കും.'' -അക്തർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.