മികച്ച താരങ്ങളുണ്ടായിട്ടും മുതലെടുക്കാനായില്ല; പാകിസ്താന്‍റെ പ്രകടനം നിരാശപ്പെടുത്തിയെന്ന് ശുഐബ് അക്തർ
text_fieldsലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ പാകിസ്താൻ ബാറ്റർമാരുടെ മോശം പ്രകടനത്തിൽ നിരാശ രേഖപ്പെടുത്തി മുൻ താരം ശുഐബ് അക്തർ. ആറാം വിക്കറ്റ് നഷ്ടമായതിനു പിന്നാലെ തന്നെ പാകിസ്താൻ 200 റൺസ് കടക്കില്ലെന്ന് അക്തർ സമൂഹമാധ്യമമായ എക്സിൽ (ട്വറ്ററിൽ) പറഞ്ഞിരുന്നു.
ഒരുഘട്ടത്തിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 155 റൺസെന്ന നിലയിലായിരുന്ന പാകിസ്താൻ, 36 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെയാണ് ബാക്കിയുള്ള എട്ടു വിക്കറ്റുകൾ കളഞ്ഞുകുളിച്ചത്. 42.5 ഓവറിൽ 191 റൺസിന് ഓൾ ഔട്ടായി. രണ്ടാം വിക്കറ്റിൽ നായകൻ ബാബർ അസമും മുഹമ്മദ് റിസ്വാനും ചേർന്ന് നേടിയ 82 റൺസിന്‍റെ കൂട്ടുകെട്ടാണ് പാകിസ്താൻ സ്കോർ 150 കടത്തിയത്. 50 റൺസെടുത്ത ബാബറാണ് ടോപ് സ്കോറർ.
പാകിസ്താന്‍റെ മുൻനിര ബാറ്റർമാർക്ക് അവസരം മുതലെടുക്കാനായില്ലെന്നും അവരുടെ പ്രകടനം കണ്ട് നിരാശ തോന്നിയെന്നും അക്തർ പറഞ്ഞു. ‘അബ്ദുല്ല ഷഫീഖ്, ഇമാമുൽ ഹഖ്, ബാബർ അസം ഉൾപ്പെടെ മികച്ച താരനിരയുണ്ടായിട്ടും അവർക്ക് മുതലെടുക്കാനായില്ല. വലിയ സ്‌കോർ നേടാനും സാഹചര്യം മുതലാക്കാനുമുള്ള കഴിവ് പാകിസ്‌താനില്ല. വളരെ മികച്ച ബാറ്റിങ് ലൈനപ്പുണ്ടായിട്ടും പാകിസ്താൻ ഒരു കളി തോൽക്കുന്നത് കാണുന്നത് വളരെ നിരാശാജനകമാണ്. എന്തുകൊണ്ടാണ് ബാറ്റർമാർ ക്രോസ് ബാറ്റിൽ കളിക്കുന്നത്?’ -അക്തർ എക്സിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറഞ്ഞു.
ഇന്ത്യൻ നായകൻ രോഹിത്ത് ശർമയെ അക്തർ പ്രശംസിക്കുകയും ചെയ്തു. തന്ത്രശാലിയായ നായകനാണ് രോഹിത്തെന്നും ബൗളിങ്ങിൽ അവസരത്തിനൊത്ത് മാറ്റങ്ങൾ വരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, രവീദ്ര ജദേജ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.