ലോകകപ്പ് നഷ്ടം: ഹൃദയംതകർന്ന ഇമോജിയിട്ട് അക്തർ; കർമദോഷമെന്ന് കളിയാക്കി ഷമി- അതിന് അക്തറിന്റെ മറുപടി ഇതാണ്...
text_fieldsലാഹോർ: ഞായറാഴ്ച ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനോട് തോറ്റതിനു പിന്നാലെ ട്വിറ്ററിൽ വാക്പോരുമായി പാക് താരം ശുഐബ് അക്തറും ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയും. കളി തോറ്റതിനു പിന്നാലെ ഹൃദയം തകർന്ന ഇമോജിയിട്ട് പാക് ടീമിന്റെ ദുഃഖത്തിൽ ശുഐബും പങ്കാളിയായിരുന്നു. അനേകം പേർ ഏറ്റെടുത്ത ട്വീറ്റിനു പഴയ കണക്കുകൾ തീർക്കുന്ന മറുപടിയുമായി ഷമിയും രംഗത്തെത്തി. 'സങ്കടമുണ്ട് സഹോദരാ, കർമദോഷമാണ്'' എന്നായിരുന്നു ഇന്ത്യൻ താരത്തിന്റെ പ്രതികരണം. മുമ്പ് ഇന്ത്യ തോൽക്കുമ്പോഴൊക്കെയും സമൂഹ മാധ്യമങ്ങൾ വഴി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു, അക്തർ. അതിവേഗം ട്രെൻഡിങ്ങായി മാറിയ ഷമിയുടെ ട്വീറ്റ് ആയിരങ്ങളാണ് ഏറ്റെടുത്തത്.
ഇതോടെ, മറുപടിയുമായി ശുഐബും എത്തി. പാക് മറുപടി ബൗളിങ്ങിനെ പ്രകീർത്തിച്ച് ഇന്ത്യൻ കമന്റേറ്റർ ഹർഷ ഭോഗ്ലെയിട്ട ട്വീറ്റിന്റെ ചിത്രം പങ്കുവെച്ച് 'വിവേകമുള്ള മറുപടി ഇതാണ്' എന്നായിരുന്നു ശുഐബിന്റെ പ്രതികരണം. ''പാകിസ്താൻ ബൗളിങ്ങിനെ സമ്മതിക്കണം. 137 എടുത്ത ടീമിനെ ഇതുപോലെ പ്രതിരോധിക്കാൻ ടീമുകൾ അധികമുണ്ടാകില്ല. മികച്ച ബൗളിങ് ടീം''- എന്നായിരുന്നു ഹർഷ് ഭോഗ്ലെയുടെ ട്വീറ്റ്.
കൊണ്ടുംകൊടുത്തും പരസ്പരം കൈമാറിയ ട്വീറ്റുകൾ വൈറലാണ്.
20 ഓവർ മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത പാകിസ്താൻ 137 റൺസിലൊതുങ്ങിയപ്പോൾ ചെറിയ സ്കോർ പിന്തുടർന്ന ഇംഗ്ലീഷ് ബാറ്റിങ്ങും തുടക്കം പതറിയെങ്കിലും പിന്നീട് കരകയറുകയായിരുന്നു. ബൗളിങ്ങിൽ സാം കറനും ആദിൽ റാശിദും എതിരാളികളെ വരിഞ്ഞുമുറുക്കിയപ്പോൾ ബാറ്റിങ്ങിൽ അർധ സെഞ്ച്വറി കുറിച്ച് ബെൻ സ്റ്റോക്സും 13 പന്തിൽ 19 റൺസുമായി മുഈൻ അലിയും ചേർന്ന് വിജയം പിടിക്കുകയായിരുന്നു. ആറ് പന്ത് ബാക്കി നിൽക്കെയായിരുന്നു ഇംഗ്ലീഷ് വിജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.