ഒരോവറിൽ മൂന്നു നോബാളുകൾ! ശുഐബ് മാലിക് ഒത്തുകളി വിവാദത്തിൽ; ബംഗ്ലാദേശ് പ്രീമിയർ ലീഗ് കരാർ റദ്ദാക്കി
text_fieldsധാക്ക: പാകിസ്താൻ മുൻ നായകൻ ശുഐബ് മാലിക് ഒത്തുകളി സംശയത്തിന്‍റെ നിഴലിൽ. ബംഗ്ലാദേശ് പ്രീമിയർ ലീഗിലെ (ബി.പി.എൽ) ഫോർച്യൂൺ ബാരിഷാൽ ടീം താരവുമായുള്ള കരാർ റദ്ദാക്കി. കഴിഞ്ഞദിവസം ഫോർച്യൂൺ ബാരിഷാലും ഖുൽന ടൈഗേഴ്സും തമ്മിലുള്ള മത്സരത്തിനിടെ സഹതാരങ്ങളെ ഞെട്ടിച്ച് ശുഐബ് ഒരോവറിൽ മൂന്നു നോബോളുകൾ എറിഞ്ഞിരുന്നു.
ഈ ഓവറിൽ താരം 18 റൺസാണ് വഴങ്ങിയത്. പിന്നാലെ താരത്തെ പരിഹസിച്ച് ആരാധകർ രംഗത്തുവന്നിരുന്നു. ഇതിൽ ഒത്തുകളി നടന്നതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. ബംഗ്ലാദേശ് പത്രപ്രവർത്തകനായ സെയിദ് സാമിയാണ് താരം ഒത്തുകളി സംശയത്തിന്‍റെ നിഴലിലാണെന്ന കാര്യം വെളിപ്പെടുത്തിയത്. ഫോർച്യൂൺ ബാരിഷാൽ ടീം താരവുമായുള്ള കരാർ റദ്ദാക്കിയെന്നും ടീം ഉടമ മിസാനൂർ റഹ്മാൻ ഇക്കാര്യം സ്ഥിരീകരിച്ചതായും സാമി എക്സിൽ കുറിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഫോർച്യൂൺ ടീം 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 18 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഖുല്‍ന ടൈഗേഴ്സ് ലക്ഷ്യത്തിലെത്തി. ഫോർച്യൂൺ നായകൻ തമീം ഇക്ബാൽ മത്സരത്തിലെ നാലാം ഓവർ എറിയാൻ ശുഐബിനെയാണ് ഏൽപിച്ചത്. ഈ ഓവറിലാണ് താരം മൂന്നു നോബാളുകൾ എറിഞ്ഞത്. ഈ ഓവർ മാത്രമാണ് മാലിക്ക് മത്സരത്തിൽ പന്തെറിഞ്ഞത്. ഖുൽന ടൈഗേഴ്സ് ആദ്യ നാല് ഓവറിൽതന്നെ 50 റൺസ് കടക്കുകയും ചെയ്തു.
ഖുൽനക്കു വേണ്ടി നായകൻ അനാമുൽ ഹഖ് (44 പന്തിൽ 63), എവിൻ ലൂയിസ് (22 പന്തിൽ 53) എന്നിവർ അർധ സെഞ്ച്വറി നേടി. ഫോർച്യൂണ്‍ ടീമിനു വേണ്ടി ആറു പന്തുകളിൽ അഞ്ചു റൺസ് മാത്രമാണു മാലിക്ക് നേടിയത്. പാക് ദേശീയ ടീമിന്റെ ഭാഗമല്ലാത്ത മാലിക്ക്, കഴിഞ്ഞ ദിവസം ട്വന്റി20 ക്രിക്കറ്റിൽ 13,000 റൺസെന്ന നേട്ടത്തിലെത്തിയിരുന്നു. ബംഗ്ലദേശ് പ്രീമിയർ ലീഗിൽ രംഗ്പൂർ റൈഡേഴ്സിനെതിരായ മത്സരത്തിലായിരുന്നു താരം 13,000 റൺസ് തികച്ചത്.
ടീമുമായുള്ള കരാർ റദ്ദാക്കിയതോടെ താരം ദുബൈയിലേക്ക് മടങ്ങിയതായാണ് വിവരം. പാക് നടി സന ജാവേദിനെ കഴിഞ്ഞദിവസമാണ് ശുഐബ് വിവാഹം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.