രഞ്ജി കളിക്കാതെ ‘മുങ്ങാൻ’ ശ്രേയസും! പുറംവേദനയാണെന്ന് താരം; ഫിറ്റാണെന്ന് ക്രിക്കറ്റ് അക്കാദമി
text_fieldsഐ.പി.എല്ലിനു മുമ്പ് രഞ്ജി ട്രോഫി മത്സരം കളിക്കാനുള്ള ബി.സി.സി.ഐയുടെയും പരിശീലകൻ രാഹുൽ ദ്രാവിഡിന്‍റെയും നിർദേശം ഇഷൻ കിഷൻ തള്ളിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽനിന്ന് ഒഴിവാക്കപ്പെട്ട ബാറ്റർ ശ്രേയസ് അയ്യരും രഞ്ജി കളിക്കാതെ മുങ്ങാനുള്ള പരിപാടിയിലാണ്. രഞ്ജിയിൽ കളിക്കാനുണ്ടാകില്ലെന്ന് താരം മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കടുത്ത പുറംവേദനയാണെന്നും ഫിറ്റല്ലെന്നുമാണ് രഞ്ജിയിൽനിന്ന് വിട്ടുനിൽക്കാനുള്ള കാരണമായി പറഞ്ഞിരിക്കുന്നത്. വെള്ളിയാഴ്ച ക്വാർട്ടർ ഫൈനലിൽ ബറോഡയാണ് മുംബൈയുടെ എതിരാളികൾ. എന്നാൽ, ശ്രേയസിന് പരിക്കിന്‍റെ ആശങ്കകളൊന്നും ഇല്ലെന്നും താരം ഫിറ്റാണെന്നുമാണ് നാഷനൽ ക്രിക്കറ്റ് അക്കാദമിയിലെ (എൻ.സി.എ) വൈദ്യവിഭാഗം തലവൻ നിതിൻ പട്ടേൽ ബി.സി.സി.ഐക്ക് നൽകിയ കത്തിൽ പറയുന്നത്. ഇന്ത്യൻ ടീമിലേക്കു തിരിച്ചെത്താൻ രഞ്ജി ട്രോഫി കളിച്ച് ഫോം തെളിയിക്കണമെന്നാണ് ബി.സി.സി.ഐ നിർദേശം.
ഝാര്‍ഖണ്ഡിന് വേണ്ടി രഞ്ജി കളിക്കാതെ ഐ.പി.എല്ലിനായി പരിശീലനം നടത്തുന്ന ഇഷന്‍റെ സമീപനത്തിനെതിരെ കടുത്ത വിമര്‍ശനമുയർന്നിരുന്നു. പിന്നാലെയാണ് ആഭ്യന്തര ക്രിക്കറ്റിന് മുൻഗണന നൽകിയില്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് സെക്രട്ടറി ജയ് ഷാ ബി.സി.സി.ഐയുമായി കരാറൊപ്പിട്ട ഇന്ത്യൻ താരങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ടു ടെസ്റ്റുകളിൽ ഫോം കണ്ടെത്താതെ വന്നതോടെയാണ് ശ്രേയസ്സിനെ ടീമിൽനിന്ന് ഒഴിവാക്കിയത്. രണ്ടു ടെസ്റ്റുകളിലെ നാലു ഇന്നിങ്സുകളിലുമായി 35, 13, 27, 39 റൺസ് എന്നിങ്ങനെയായിരുന്നു താരത്തിന്‍റെ പ്രകടനം. രഞ്ജിയിൽ ഫോം തെളിയിക്കാനാണ് താരത്തിന് മാനേജ്മെന്‍റ് നൽകിയ നിർദേശം.
ഐ.പി.എൽ പടിവാതിൽക്കൽ എത്തിനിൽക്കെ, പല താരങ്ങളും അഭ്യന്തര ടൂർണമെന്‍റിൽനിന്ന് വിട്ടുനിന്ന് പലിശീലനം നടത്തുന്ന പ്രവണതയാണിപ്പോൾ. പരിക്കു കാരണം കഴിഞ്ഞ ഐ.പി.എൽ സീസൺ ശ്രേയസ്സിന് പൂർണമായി നഷ്ടപ്പെട്ടിരുന്നു. ഐ.പി.എൽ അവസാനിക്കുന്നതിനു പിന്നാലെ ട്വന്‍റി20 ലോകകപ്പ് തുടങ്ങും. ഐ.പി.എല്ലിൽ മികച്ച പ്രകടനം നടത്തി ടീമിൽ ഇടംഉറപ്പിക്കാനുള്ള തയാറെടുപ്പിലാണ് പലതാരങ്ങളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.