പരിശീലനത്തിനിടെ നെറ്റ് ബൗളർക്ക് ശ്രേയസ് അയ്യരുടെ അപ്രതീക്ഷിത സമ്മാനം
text_fieldsദുബൈ: ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിനുള്ള തയാറെടുപ്പിലാണ് ടീം ഇന്ത്യ. ദുബൈയിലെ ഐ.സി.സി ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിൽ ഏർപ്പെടുന്ന താരങ്ങളുടെ ചിത്രങ്ങളും വിഡിയോയും ഇതിനകം പുറത്തുവന്നിരുന്നു. പരിശീലന വേളയിൽ മധ്യനിര ബാറ്ററായ ശ്രേയസ് അയ്യർ നെറ്റ് ബൗളർക്ക് അപ്രതീക്ഷിത സമ്മാനം നൽകിയ വാർത്തയാണ് ഇപ്പോൾ കായിക പ്രേമികൾക്കിടയിൽ ചർച്ചയാകുന്നത്.
യു.എ.ഇയിൽനിന്നുള്ള നെറ്റ് ബൗളർ ജസ്കിരൺ സിങ്ങിനാണ് ശ്രേയസ് അപ്രതീക്ഷിതമായി ഒരു ജോടി സ്പൈക് സമ്മാനിച്ചത്. പരിശീലന വേളയിൽ തനിക്ക് ഇന്ത്യൻ ബാറ്റർമാർക്കു നേരെ പന്തെറിയാൻ സാധിച്ചില്ലെന്ന വിഷമത്തിൽ നിൽക്കുമ്പോഴായിരുന്നു ശ്രേയസ് ‘സ്പെഷൽ ഗിഫ്റ്റു’മായി എത്തിയതെന്ന് ജസ്കിരൺ പറയുന്നു. നേരത്തെ പാകിസ്താൻ, ബംഗ്ലാദേശ് താരങ്ങൾക്ക് ജസ്കിരൺ നെറ്റ്സിൽ പന്തെറിഞ്ഞിറിഞ്ഞു നൽകിയിരുന്നു. എന്നാൽ ഇന്ത്യൻ സംഘത്തിൽ ആവശ്യത്തിന് ഓഫ് സ്പിന്നർമാർ ഉള്ള സാഹചര്യത്തിൽ ജസ്കിരണ് പന്തെറിയാൻ അവസരം ലഭിച്ചില്ല.
“ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഐ.സി.സിയുടെ നെറ്റ് ബൗളിങ് ടീമിൽ അംഗമാണ് ഞാൻ. ശ്രേയസ് അയ്യരിൽനിന്ന് സ്പൈക്സ് സമ്മാനമായി കിട്ടിയ സ്പെഷൽ ഡേ ആണിന്ന്. ഈ ടൂർണമെന്‍റിൽ ഇന്ത്യക്കൊപ്പം പരിശീലന വേളയിൽ ഫീൽഡിനിറങ്ങാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ ബോളിങ്ങിനായി കാത്തിരിക്കുകയായിരുന്നു. ഇന്ത്യൻ ടീമിലെ എല്ലാ താരങ്ങളും മികവുറ്റവരാണ്. ഋഷഭ് പന്തിനെതിരെ ബാൾ ചെയ്യണമെന്നായിരുന്നു എന്‍റെ ആഗ്രഹം. അദ്ദേഹം ഇടംകൈയനായതിനാൽ ഓഫ് സ്പിന്നിൽ കളിക്കുന്നത് പ്രത്യേകതയുണ്ടാകും. എന്നാലിന്ന് ശ്രേയസിൽനിന്ന് ഗിഫ്റ്റ് കിട്ടിയതിൽ ഏറെ സന്തോഷിക്കുന്നു” -ജസ്കിരൺ പറഞ്ഞു.
നേരത്തെ ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെതിരെ നിർണായകമായ മത്സരത്തിൽ ശ്രേയസ് അർധ സെഞ്ച്വറി നേടിയിരുന്നു. ഞായറാഴ്ച ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ് മത്സരം. ഇരു ടീമുകളും നേരത്തെ സെമി ബർത്ത് ഉറപ്പിച്ചിട്ടുണ്ട്. ജയിക്കുന്ന ടീം ഗ്രൂപ്പിൽ ഒന്നാമന്മാരായി സെമി കളിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.