'ഞാൻ കളിക്കാൻ ഇല്ലായിരുന്നു, അപ്പോഴാണ് വിരാടിന് പരിക്കാണെന്ന് പറഞ്ഞത്'; കളി ഇന്ത്യക്ക് വേണ്ടി തിരിച്ചതിന് ശേഷം അയ്യർ
text_fieldsഇംഗ്ലണ്ടിനെതിരെ നാഗ്പൂരിൽ നടന്ന ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയിരുന്നു. 249 റൺസിന്‍റെ വിജയലക്ഷ്യം ഇന്ത്യ 38.4 ഓവറിൽ നാല് വിക്കറ്റ് ബാക്കിയിരിക്കെ സ്വന്തമാക്കി. 87 റൺസ് സ്വന്തമാക്കിയ ഉപനായകൻ ശുഭ്മൻ ഗില്ലും അർധസെഞ്ച്വറി നേടിയ ശ്രേയസ് അയ്യരും അക്സർ പട്ടേലുമാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി ഇല്ലാതെയായിരുന്നു ഇന്ത്യ കളത്തിലിറങ്ങിയത്. കാൽമുട്ടിനേറ്റ പരിക്ക് മൂലമാണ് താരം പുറത്തിരുന്നത്.
വിരാടിന് പരിക്കേറ്റത് കൊണ്ട് മാത്രമാണ് താൻ കളിക്കാൻ ഇറങ്ങിയതെന്ന് പറയുകയാണ് ശ്രേയസ് അയ്യർ. തുടക്കാൻ താൻ ടീമിൽ ഉണ്ടാകില്ലെന്ന് അറിഞ്ഞ് രാത്രി സിനിമ കാണുമ്പോഴായിരുന്നു നായകൻ രോഹിത് ശർമ വിളിക്കുന്നതെന്നും അയ്യർ പറഞ്ഞു.
'അതൊരു രസകരമായ കഥയാണ്. കഴിഞ്ഞ ദിവസം രാത്രി ഞാൻ ഒരു സിനിമ കണ്ടു കിടക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ ഞാൻ ഉണ്ടാകില്ലെന്ന് തീർച്ചയായതിനാൽ സിനിമ കണ്ടുതീർത്ത് രാത്രി വൈകി കിടക്കാമെന്നാണ് ഞാൻ കരുതിയിരുന്നത്. അപ്പോഴാണ് രാത്രി വൈകി ക്യാപ്റ്റൻ രോഹിത് ശർമ ഫോണിൽ വിളിക്കുന്നത്, വിരാട് കോഹ്ലിയുടെ കാൽമുട്ടിനു പരുക്കുള്ളതുകൊണ്ട് ഞാൻ കളിക്കണമെന്നായിരുന്നു നിർദ്ദേശം. ഇതു കേട്ടയുടനെ സിനിമ കാണുന്നത് നിർത്തി ഞാൻ നേരെ പോയി കിടന്നുറങ്ങി,' ശ്രേയസ് അയ്യർ പറഞ്ഞു.
തുടക്കം തന്നെ രണ്ട് ഓപ്പണർമാരെ നഷ്ടമായ ഇന്ത്യയെ കരകയറ്റിയത് അയ്യരിന്‍റെയും ഗില്ലിന്‍റെയും കൂട്ടുക്കെട്ടാണ്. വിക്കറ്റ് നഷ്ടമായെങ്കിലും ആക്രമിച്ച് കളിച്ച അയ്യർ 30 പന്തിൽ അർധസെഞ്ച്വറി തികച്ചിരുന്നു. 36 പന്തിൽ നിന്നും ഒമ്പത് ഫോറും രണ്ട് സിക്സറുമടക്കം 59 റൺസാണ് അദ്ദേഹം നേടിയത്. മൂന്നാം വിക്കറ്റിൽ ഗില്ലുമൊത്ത് 94 റൺസിന്‍റെ കൂട്ടുകെട്ടും അയ്യർ സൃഷ്ടിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.