ആസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യൻ നിരയിൽ സൂപ്പർതാരം കളിക്കില്ല...
text_fieldsഅഡ്ലെയ്ഡ്: ആസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റും ഇന്ത്യൻ ബാറ്റർ ശുഭ്മൻ ഗില്ലിന് നഷ്ടമായേക്കും. തള്ളവിരലിനേറ്റ പരിക്കിൽനിന്ന് താരം പൂർണമായി മോചിതനായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. ആദ്യ ടെസ്റ്റിനു മുന്നോടിയായി പരിശീലനത്തിനിടെയാണ് ഗില്ലിന് പരിക്കേറ്റത്.
പെർത്ത് ടെസ്റ്റിൽ യശസ്വി ജയ്സ്വാളിനൊപ്പം കെ.എൽ. രാഹുലാണ് ഇന്ത്യക്കായി ഓപ്പൺ ചെയ്തത്. ശനിയാഴ്ച അഡ്ലെയ്ഡിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റ് രാത്രിയും പകലുമായാണ് നടക്കുന്നത്. കാൻബറയിലെ രണ്ടു ദിവസത്തെ പരിശീലന മത്സരവും ഗില്ലിനു നഷ്ടമായിരുന്നു. ഗില്ലിനു പകരക്കാരനായി ദേവ്ദത്ത് പടിക്കലാണ് ഒന്നാം ടെസ്റ്റിൽ കളിക്കാനിറങ്ങിയത്. എന്നാൽ, നായകൻ രോഹിത് ശർമ മടങ്ങിയെത്തിയതോടെ പടിക്കൽ പുറത്തിരിക്കേണ്ടി വരും. ജയ്സ്വാളിനൊപ്പം രോഹിത് ഇന്ത്യക്കായി ഓപ്പൺ ചെയ്യും.
രാഹുൽ മൂന്നാം നമ്പറിലേക്ക് മാറും. ഗില്ലിന് രണ്ടാഴ്ചത്തെ വിശ്രമമാണ് മെഡിക്കൽ സംഘം നിർദേശിച്ചത്. പരിശീലനത്തിന് ഇറങ്ങാതിരുന്ന താരത്തിന് പരമ്പരയിലെ രണ്ടാം ടെസ്റ്റും നഷ്ടമാകുമെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ സൂചന നൽകി. കഴിഞ്ഞ 19 ഇന്നിങ്സുകളിൽനിന്നായി മൂന്നു സെഞ്ച്വറിയും രണ്ടു അർധ സെഞ്ച്വറിയും ഗിൽ നേടിയിട്ടുണ്ട്. 2020-21 ആസ്ട്രേലിയൻ ടൂറിലാണ് ഗിൽ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നത്.
പെർത്തിൽ 295 റൺസിന്‍റെ ജയം നേടിയ ഇന്ത്യ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0ത്തിനു മുന്നിലാണ്. രണ്ടാം ഇന്നിങ്സിൽ ജയ്സ്വാളിന്‍റെയും സൂപ്പർതാരം വിരാട് കോഹ്ലിയുടെയും സെഞ്ച്വറി പ്രകടനവും നായകൻ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള തകർപ്പൻ ബൗളിങ്ങുമാണ് ഇന്ത്യക്ക് ആധികാരിക വിജയം സമ്മാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.