നാലാം സെഞ്ച്വറിയുമായി ശുഭ്മാൻ ഗിൽ; ബാബർ അസമിന്‍റെ റെക്കോഡിനൊപ്പം; ശിഖർ ധവാനെ മറികടന്നു
text_fieldsന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും തകർപ്പൻ സെഞ്ച്വറിയുമായി കളംനിറഞ്ഞ് ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗിൽ. ഇൻഡോർ ഏകദിനത്തിൽ 78 പന്തുകളിൽനിന്ന് 112 റൺസെടുത്താണ് താരം പുറത്തായത്.
താരത്തിന്‍റെ കരിയറിലെ നാലാം ഏകദിന സെഞ്ച്വറിയാണിത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഡബിൾ സെഞ്ച്വറി (208) നേടിയ താരം രണ്ടാം മത്സരത്തിൽ പുറത്താകാതെ 40 റണ്‍സും എടുത്തിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ടോപ് സ്കോററും ഗിൽ തന്നെയാണ്. അതിവേഗം ആയിരം റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം നേരത്തെ തന്നെ ശുഭ്മാൻ ഗിൽ സ്വന്തമാക്കിയിരുന്നു.
ഇപ്പോൾ മറ്റൊരു റെക്കോഡ് കൂടി താരം സ്വന്തം പേരിലാക്കി. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടത്തിൽ പാകിസ്താൻ നായകൻ ബാബർ അസമിനൊപ്പം ഗില്ലുമെത്തി. മൂന്നു മത്സരങ്ങളിൽനിന്നായി ഒരു ഇരട്ട സെഞ്ച്വറിയടക്കം താരം നേടിയത് 360 റൺസാണ്. 2016ൽ വെസ്റ്റിൻഡീസിനെതിരെ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ബാബർ അസമും 360 റൺസ് നേടിയിരുന്നു. ഒരു റൺ കൂടി നേടിയിരുന്നെങ്കിൽ ഗില്ലിന് പാക് താരത്തെ മറികടക്കാമായിരുന്നു.
മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ 350ന് മുകളിൽ റൺസെടുക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് 23 വയസ്സുള്ള ശുഭ്മൻ ഗിൽ. ഗില്ലിനു പിന്നിലുള്ളത് ബംഗ്ലദേശ് താരം ഇമ്റുൽ കയസ് (349), ദക്ഷിണാഫ്രിക്ക താരം ക്വിന്റൻ ഡി കോക്ക് (342), ന്യൂസിലൻഡ് താരം മാർട്ടിൻ ഗപ്ടിൽ (330) എന്നിവരാണ്.
കൂടാതെ, ഓപ്പണർ ശിഖർ ധവാന്‍റെ റെക്കോഡും ശുഭ്മാൻ ഗിൽ മറികടന്നു. ഏകദിനത്തിൽ അതിവേഗം നാലു സെഞ്ച്വറികൾ നേടുന്ന ഇന്ത്യൻ ബാറ്ററെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. നാലു സെഞ്ച്വറികൾ നേടാൻ താരത്തിന് വേണ്ടിയിരുന്നത് 21 ഇന്നിങ്സുകൾ മാത്രം. എന്നാൽ, 24 ഇന്നിങ്സുകളിൽനിന്നാണ് ധവാൻ നാലു സെഞ്ച്വറി നേട്ടത്തിലെത്തിയത്.
ഇൻഡോറിൽ ഗില്ലും നായകൻ രോഹിത് ശർമയും കുറിച്ചത് കിവീസിനെതിരെയുള്ള ഏറ്റവും വലിയ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടാണ്. 26 ഓവറിൽ ഇരുവരും അടിച്ചുകൂട്ടിയത് 212 റൺസാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.