രഞ്ജിയിൽ കളിക്കാൻ ഒരുങ്ങിക്കൊള്ളു! ഗില്ലിന് മാനേജ്മെന്‍റിന്‍റെ അന്ത്യശാസനം; സെഞ്ച്വറി കൊണ്ട് താരത്തിന്‍റെ മറുപടി
text_fieldsഫോമില്ലായ്മയിൽ വലയുമ്പോഴും ശുഭ്മൻ ഗില്ലിന് ടീമിൽ ഇടംനൽകുന്നതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. തകർപ്പൻ സെഞ്ച്വറി നേടിയാണ് താരം വിമർശകർക്ക് മറുപടി നൽകിയത്.
ഗല്ലിന്‍റെ സെഞ്ച്വറിയാണ് ഇന്ത്യക്ക് രണ്ടാം ടെസ്റ്റിൽ ജയ പ്രതീക്ഷ നൽകുന്നത്. രണ്ടു ദിവസം ബാക്കി നിൽക്കെ, ഇംഗ്ലണ്ട് ബാറ്റർമാരെ എറിഞ്ഞിട്ടാൽ ഇന്ത്യക്ക് രണ്ടാം ടെസ്റ്റ് സ്വന്തമാക്കി പരമ്പരയിൽ ഒപ്പമെത്താനാകും. 147 പന്തിൽ 104 റൺസെടുത്താണ് ഗിൽ പുറത്തായത്. ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ പൂജ്യത്തിനു പുറത്തായതിനു പിന്നാലെ താരത്തിന് അന്ത്യശാസനം നൽകിയിരുന്നതായും ഇനിയും ഫോമിൽ എത്തിയില്ലെങ്കിൽ രഞ്ജിയിൽ കളിക്കണമെന്ന് നിർദേശം നൽകിയിരുന്നുവെന്നുമുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. രണ്ടാം ടെസ്റ്റിൽ തിളങ്ങിയില്ലെങ്കിൽ പഞ്ചാബിനായി രഞ്ജിയിൽ കളിക്കാനിറങ്ങാനാണ് താരത്തോട് ടീം മാനേജ്മെന്‍റ് ആവശ്യപ്പെട്ടത്.
ഈമാസം ഒമ്പതിന് മൊഹാലിയിൽ പഞ്ചാബ്-ഗുജറാത്ത് മത്സരം നടക്കുന്നുണ്ട്. താൻ മൊഹാലിയിൽ ഗുജറാത്തിനെതിരെ രഞ്ജി കളിക്കാൻ പോകുമെന്ന് ഗിൽ തന്‍റെ ബന്ധുവിനോട് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2017നുശേഷം സ്വന്തം നാട്ടിൽ മൂന്നാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങി ഒരു ഇന്ത്യൻ താരം സെഞ്ച്വറി നേടുന്നത് ആദ്യമാണ്. 2017 നവംബറിൽ ശ്രീലങ്കക്കെതിരെ നാഗ്പൂരിൽ ചേതേശ്വർ പൂജാര സെഞ്ച്വറി നേടിയതാണ് ഒരു മൂന്നാം നമ്പർ ഇന്ത്യൻ ബാറ്ററുടെ അവസാന സെഞ്ച്വറി.
ഗില്ലിന്‍റെ സെഞ്ച്വറിയുടെ ബലത്തിലാണ് ഇംഗ്ലണ്ടിന് 399 റൺസെന്ന വൻ വിജയലക്ഷ്യം ഇന്ത്യ വെച്ചുനീട്ടിയത്. കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ വിക്കറ്റുകൾ നഷ്ടപ്പെടുമ്പോഴും ഒരറ്റത്ത് ഗിൽ ചെറുത്തുനിന്നു. ഗില്ലിന്‍റെ കരിയറിലെ മൂന്നാം ടെസ്റ്റ് സെഞ്ച്വറിയാണിത്. താരത്തിന്‍റെ അവസാന 12 ഇന്നിങ്സുകളിൽ ആദ്യത്തേതും. ടോം ഹാർട്ലിയുടെയും റെഹാനൻ അഹ്മദിന്‍റെയും സ്പിൻ ബൗളിങ്ങാണ് ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 255 റൺസിൽ ഒതുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.