ഓറഞ്ച് ക്യാപ്പ്, ടൂർണമെന്റിലെ താരം; എങ്കിലും ഗിൽ, ഗുജറാത്ത് വിട്ടേക്കും...?
text_fieldsഐ.പി.എല്ലിൽ പതിനാറാം സീസണിലെ താരമാണ് ഗുജറാത്ത് ടൈറ്റൻസ് ഓപണർ ശുഭ്മാൻ ഗിൽ. സീസണിലുടനീളം തകർപ്പൻ പ്രകടനം കാഴ്ച വെച്ച ഗിൽ 890 റൺസ് നേടി ഓറഞ്ച് ക്യാപ്പടക്കം ഇത്തവണ നാല് പുരസ്കാരങ്ങളും സ്വന്തമാക്കി. മൂന്ന് സെഞ്ച്വറികളുൾപ്പെടെ ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായും ഗിൽ മാറി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിട്ടുകളഞ്ഞ യുവതാരം, 2022-ലായിരുന്നു ഗുജറാത്തിലേക്ക് എത്തുന്നത്.
എന്നാൽ, അടുത്ത സീസണിൽ താരം ഗുജറാത്ത് വിട്ടേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഗില്ലിന് അവന്റെ ഭാവി ശോഭനമാക്കാൻ ഗുജറാത്ത് ടൈറ്റാൻസ് വിടുന്നതാണ് നല്ലതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിനകം തന്നെ എല്ലാ ഫോർമാറ്റിലും ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമായും പ്രധാന ഓപണറായും മാറാൻ യുവതാരത്തിന് കഴിഞ്ഞു. ബാറ്റർ എന്ന നിലയിൽ കഴിവ് തെളിയിച്ച ഗിൽ, ഇനി മികച്ചൊരു നായകനെന്ന നിലയിലേക്കാണ് വളരണ്ടേത്.
ഗുജറാത്തിൽ തുടർന്നാൽ, ഗില്ലിന് അതിനേറെ കാത്തിരിക്കേണ്ടി വരും. ക്യാപ്റ്റൻസിയിലൂടെ ഞെട്ടിക്കുന്ന 29-കാരനായ ഹർദിക് പാണ്ഡ്യയെ മാറ്റി സ്ഥാപിക്കാൻ സമീപ വർഷങ്ങളിലൊന്നും ജിടി ടീം തയ്യാറാകില്ല. മാത്രമല്ല, ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിന്റെ നായകത്വവും ഹർദികിനെ തേടിയെത്താൻ പോവുകയാണ്.
ഒരു സ്ഥിരം ക്യാപ്റ്റനില്ലാതെ കഷ്ടപ്പെടുന്ന രണ്ട് ഐപിഎൽ ടീമുകളാണ് പഞ്ചാബ് കിംഗ്‌സും സൺറൈസേഴ്‌സ് ഹൈദരാബാദും. ഫ്രാഞ്ചൈസി വിടാൻ ഗിൽ തീരുമാനിച്ചാൽ, നായക സ്ഥാനം ലഭിക്കുന്ന രണ്ട് ടീമുകൾ ഇപ്പോൾ തന്നെയുണ്ട്. എന്നാൽ, കാലങ്ങളായി മോശം പ്രകടനം തുടരുന്ന ഈ രണ്ട് ടീമുകൾ ഗിൽ, പരിഗണിക്കാൻ സാധ്യത കുറവാണ്. അതേസമയം, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകളിൽ പോയാൽ, ഒരുപക്ഷെ സമീപ വർഷങ്ങളിൽ തന്നെ ഗില്ലിന് നായക സ്ഥാനത്തേക്ക് വളരാൻ കഴിഞ്ഞേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.